അജ്മീറിൽ നിന്ന് മടങ്ങിയെത്തി: അമ്മയുമായുള്ള കൂടിക്കാഴ്ചയിൽ നിലപാടിലുറച്ച് ഷെയ്ൻ

Web Desk
Posted on December 08, 2019, 9:42 am

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കള്‍ വിലക്കിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നു. വിവാദങ്ങള്‍ ആരംഭിച്ച ശേഷം ഒരാഴ്ചയോളം അജ്മീറിലായിരുന്ന നടന്‍ ഷെയ്ന്‍ നിഗം കൊച്ചിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ അമ്മ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.ആലുവയിലെ നടന്‍ സിദ്ധിഖിന്‍റെ വീട്ടില്‍ വച്ചാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവരുമായി ഷെയ്ന്‍ നിഗം ശനിയാഴ്ച രാത്രി ചര്‍ച്ച നടത്തിയത്. താനിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഉല്ലാസം, വെയില്‍, കുര്‍ബാന എന്നിവയുടെ ഷൂട്ടിംഗും ഡബിംഗും പൂര്‍ത്തിയാക്കാന്‍ സഹകരിക്കുമെന്ന് ചര്‍ച്ചയില്‍ ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായാണ് സൂചന. ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി ഷെയ്ന്‍ ഉടനെ ഫെഫ്ക ഭാരവാഹികളുമായി സംസാരിക്കും.

ഒരാഴ്ച നീണ്ട അജ്മീര്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ കൊച്ചിയില്‍ തിരിച്ചെത്തിയത്. പിന്നാലെ നടന്‍ സിദ്ധിഖ് ഇടപെട്ട് അമ്മയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. വിട്ടുവീഴ്ച ചെയ്യാന്‍ ഷെയ്ന്‍ തയ്യാറായ സ്ഥിതിക്ക് എത്രയും പെട്ടെന്ന് ഷെയ്നിന് അഭിനയരംഗത്തേക്ക് മടങ്ങാനുള്ള വഴിയൊരുക്കണം എന്നാണ് അമ്മ ഭാരവാഹികള്‍ക്കിടയിലെ വികാരം. ഫെഫ്ക ചെയര്‍മാന്‍ ബി. ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ തിരിച്ചെത്തുന്നതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

you may also like this video


ഷെയ്നുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തും. ഷെയ്നെ കണ്ട ശേഷം ഇടവേള ബാബു വെയില്‍ സിനിമയുടെ സംവിധായകന്‍ ശരതുമായി സംസാരിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ എത്രദിവസം കൂടി വേണം എന്നതടക്കമുള്ള വിവരങ്ങള്‍ തേടി. ഇനി 17 ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ടാക്കുമെന്ന് ശരത് അറിയിച്ചതായാണ് വിവരം. ഷെയ്നുമായി സഹകരിക്കേണ്ടതില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതിന് പിന്നാലെ യുവതാരം അജ്മീറിലേക്ക് പോയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയിലായിരുന്നു. ഇതോടെ ഷെയ്ന്‍ നേരിട്ടെത്തി പ്രശ്നം പരിഹാരത്തിന് തയ്യാറാണെന്ന ഉറപ്പ് നല്‍കാതെ വിഷയത്തില്‍ ഇടപെടില്ല എന്ന നിലപാട് അമ്മ ഭാരവാഹികളും സ്വീകരിച്ചു.