Web Desk

December 29, 2019, 9:26 pm

ഷെയിൻ നിഗത്തിന്റെ രക്ഷയ്ക്ക് വീണ്ടും താരങ്ങൾ

Janayugom Online

കൊച്ചി: നടൻ ഷെയിൻ നിഗത്തെ സിനിമയിൽ നിന്ന് നിർമ്മാതാക്കൾ വിലക്കിയ സംഭവത്തിൽ നടനുമായി ചർച്ചയ്ക്കൊരുങ്ങി താരസംഘടനയായ എഎംഎംഎ. ജനുവരി ഒമ്പതിന് കൊച്ചിയിൽ ചേരുന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ഷെയിൻ നിഗത്തിനെ വിളിച്ചുവരുത്തി സംസാരിക്കാനാണ് തീരുമാനം. നിർമ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ച പരാമർശത്തിൽ മാപ്പ് ചോദിച്ച് ഷെയിൻ നിഗം കത്ത് നൽകിയ പശ്ചാത്തലത്തിലാണ് ഷെയിനുമായി ചർച്ച നടത്താമെന്ന നിലയിലേക്ക് താരസംഘടന നിലപാട് മയപ്പെടുത്തിയത്.
വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം പൂർത്തീകരിക്കുക, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കുക എന്നീ നിബന്ധനകളാണ് നിർമ്മാതാക്കൾ നടന് മുന്നിൽ വച്ചിരിക്കുന്നത്. ഈ മാസം ആദ്യം അഭിനേതാക്കളുടെ സംഘടന മുൻകയ്യെടുത്ത് ചർച്ച ചെയ്ത് പരിഹരിക്കാനൊരുങ്ങവെയാണ് നടന്റെ ഭാഗത്ത് നിന്ന് നിർമ്മാതാക്കളെ ചൊടിപ്പിച്ച പരാമർശമുണ്ടായത്. അതോടെ ചർച്ചയിൽ നിന്ന് സംഘടന പിന്മാറുകയായിരുന്നു. എഎംഎംഎ നൽകുന്ന ഉറപ്പിലേ നടനുമായി ഇനി ചർച്ച നടത്തൂവെന്ന് നിർമ്മാതാക്കളും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മനോരോഗി പരാമർശത്തിൽ മാപ്പപേക്ഷിച്ച് ഷെയിൻ നിഗം നിർമ്മാതാക്കൾക്കും താരസംഘടനയ്ക്കും കത്ത് നൽകിയതിനെ തുടർന്നാണ് വിഷയം വീണ്ടും ചർച്ചയ്ക്ക് എടുക്കാമെന്ന് തീരുമാനമായത്. യോഗത്തിൽ ഷെയിൻ നിഗത്തിന് പറയാനുള്ളത് കേൾക്കുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ നിർദ്ദേശങ്ങൾ നടനെ പറഞ്ഞു മനസ്സിലാക്കും. ഇരുവശവും ഒത്തുപോയാൽ നിർമ്മാതാക്കളുമായി ചർച്ച നടത്തുവാനുമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 22ന് നടത്താനിരുന്ന യോഗമാണ് പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യം കണക്കിലെടുത്ത് മാറ്റി വച്ചത്. താരങ്ങളുടെ സംഘടനയുടെ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ ഇടപെടാനാണ് സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ തീരുമാനം.