September 28, 2022 Wednesday

ആകുലതകളുടെ പങ്കുവയ്ക്കല്‍ കാലം

ദേവിക
വാതില്‍പ്പഴുതിലൂടെ
June 1, 2020 3:05 am

നയുഗ’ത്തില്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത വന്നിരുന്നു. സ്തോഭജനകമായ ഒരു അന്താരാഷ്ട്ര അന്വേഷണാത്മക റിപ്പോര്‍ട്ടായിരുന്നില്ല അത്. ഹൃദയസ്പര്‍ശിയായ ഒരു ‘ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറി‘യുമായിരുന്നില്ല. ഒരു സാധാരണ വാര്‍ത്ത. കുവെെറ്റ് സിറ്റിയില്‍ നിന്നുള്ള ആ വാര്‍ത്തയില്‍ കുവെെറ്റിലെ ആറുലക്ഷം പ്രവാസികളെ പിരിച്ചുവിടുന്നുവെന്നും പ്രവാസികള്‍ക്കു പുതുതായി നിയമനവിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

കുവെെറ്റിലെ ഒരു മന്ത്രിയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടുള്ള സാധാരണ വാര്‍ത്ത. ഗള്‍ഫ് മേഖലയില്‍ ‘ജനയുഗ’ത്തിന് എഡിഷനോ ചാനലോ ഇല്ലെങ്കിലും ‘ജനയുഗ’ത്തിന്റെ ഓണ്‍ലെെന്‍ വാര്‍ത്തകള്‍ക്ക് അനുദിനം വായനക്കാര്‍ ഏറുന്ന ആവേശകരമായ പ്രതിഭാസമാണ് കണ്ടുവരുന്നത്. പ്രവാസി ദശലക്ഷങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും അവരുടെ സന്തോഷങ്ങളും സന്താപങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്നതുകൊണ്ടുള്ള സ്വീകാര്യത തന്നെയാണ് ഈ ജനപ്രീതിക്കു പിന്നില്‍. എന്നാല്‍ കുവെെറ്റിലെ കൂട്ട പിരിച്ചുവിടലിനെക്കുറിച്ചുള്ള വാര്‍ത്ത ‘ജനയുഗം’ ഓണ്‍ലെെനിലൂടെ പുറത്തുവന്ന ആദ്യ ഏഴു മണിക്കൂറുകള്‍ക്കകം ആ വാര്‍ത്ത ആയിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്. മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും വാര്‍ത്ത ഷെയര്‍ ചെയ്തവരുടെ സംഖ്യ 5,000ന് അടുത്തെത്തി.

ഗള്‍ഫില്‍നിന്നുള്ള മലയാള വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നതില്‍ പുതിയൊരു റെക്കോഡ് ‘ജനയുഗ’ത്തിനായി. ഈ മഹത്തായ പങ്കുവയ്ക്കലില്‍ ‘ജനയുഗം’ വായനക്കാര്‍ക്കുവേണ്ടി ദേവിക നന്ദി പറയുന്നു. എന്നാല്‍ ഒരു സാധാരണ വാര്‍ത്ത ആയിരക്കണക്കിനു പ്രവാസികള്‍ പങ്കുവച്ചതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ഒരപഗ്രഥനം നടത്തി നോക്കി. 16 ലക്ഷം മലയാളികളട‌‌ക്കം 36 ലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ നല്ലൊരു പങ്കിനേയും പിരിച്ചുവിടാനും ദീര്‍ഘകാലത്തേക്ക് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താനുമുള്ള അനുമതി നല്കിയെന്ന വാര്‍ത്ത പങ്കുവച്ചത് പതിനായിരത്തോളം ‘ജനയുഗം’ വായനക്കാരായിരുന്നു. സൗദിയിലെ സ്വദേശിവല്ക്കരണം, എണ്ണ വിലത്തകര്‍ച്ചയ്ക്കും കോവിഡിനുമിടയില്‍ 17 ലക്ഷം പ്രവാസികളുടെ ജോലി നഷ്ടപ്പെടുമെന്ന യുഎന്നിന്റെ തൊഴില്‍-സാമൂഹ്യ‑സാമ്പത്തിക വിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ട്, ഗള്‍ഫിലെ വ്യോമയാന മേഖലയില്‍ ലക്ഷങ്ങള്‍ തൊഴില്‍രഹിതരാകുമെന്ന അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ് എന്നിവ സംബന്ധിച്ച ‘ജനയുഗം’ റിപ്പോര്‍ട്ടുകളും ആയിരങ്ങളാണ് ഷെയര്‍ ചെയ്തിരുന്നത്.

വാര്‍ത്തകള്‍ പങ്കുവച്ച പതിനായിരങ്ങളില്‍ മിക്കവരും മലയാളികളായിരുന്നു. ‘ജനയുഗ’ത്തിന്റെ ഈ വാര്‍ത്തകള്‍ ഇംഗ്ലീഷിലും അറബിയിലും ഉറുദുവിലും വിവര്‍ത്തനം ചെയ്ത് ഷെയര്‍ ചെയ്തവരുമുണ്ടായിരുന്നു. ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാവുന്നു. ഈ വാര്‍ത്തകളുടെ പങ്കുവയ്പ് ആകുലതകളുടെ പങ്കുവയ്ക്കലായിരുന്നു. പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചൊഴുക്ക് സൃഷ്ടിക്കുന്ന പ്രവാസി മനസുകളിലെ കടലിരമ്പമാണ് ഇന്ന് ഗള്‍ഫില്‍ കേള്‍ക്കാനാവുക. തിരിച്ചെത്തിയാല്‍ ‘ജയില്‍’ സിനിമയിലെ പാട്ടുപോലെ ‘മുന്നില്‍ മൂകമാം ചക്രവാളവും പിന്നില്‍ ശൂന്യമാം അന്ധകാരവും’ മാത്രം.

മണലാരണ്യങ്ങളില്‍ ചോര നീരാക്കിയ സമ്പാദ്യം മുഴുവന്‍ കുടുംബപ്രാരാബ്ധങ്ങള്‍ക്ക് കെെത്താങ്ങാക്കിയവര്‍, താന്‍ പുരനിറഞ്ഞു നിന്നിട്ടും പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ സമ്പാദ്യത്തിനു പുറമേ ഭീമമായ വായ്പയുമെടുത്തവര്‍, ഒരു കൂരയെന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് വായ്പ വാങ്ങിയവര്‍, തിരിച്ചെത്തുമ്പോള്‍ വായ്പ തിരിച്ചടയ്ക്കാനാവാത്തവര്‍, എന്നിങ്ങനെയുള്ള പ്രവാസി ലക്ഷങ്ങളാണ് തൊഴിലില്ലായ്മ എന്ന ഭീകരമായ സത്യം തങ്ങളെ തുറിച്ചുനോക്കുന്ന സംഭ്രമത്തില്‍ തങ്ങളും തൊഴിലില്ലാപ്പടയിലേയ്ക്ക് ആവാഹിക്കപ്പെടുന്നുവെന്ന സത്യം ഈ വാര്‍ത്തകളിലൂടെ പങ്കുവയ്ക്കുന്നത്. ഈ മടക്കയാത്രയില്‍ മാതൃഭൂമിയിലെ ജീവിതസ്ഥലികള്‍ക്ക് മണലാരണ്യങ്ങളെക്കാള്‍ ചൂട്പകരുന്ന കാലം. ഇതെല്ലാമാണെങ്കിലും മിക്ക പ്രവാസി കുടുംബങ്ങള്‍ക്കും സാമ്പത്തിക സാക്ഷരതയില്ലെന്നുകൂടി നാം ഓര്‍ക്കുക. പ്രവാസി മുണ്ടുമുറുക്കിയുടുത്തും ഒരു കുടുസുമുറിയിലെ ഇത്തിരിവട്ടത്തിലുള്ള ‘ബെഡ് സ്പേസ്’ എന്ന നിലത്തുറങ്ങിയും മിച്ചംപിടിച്ച് നാട്ടിലേയ്ക്ക് അയച്ച സമ്പാദ്യം മുഴുവന്‍ ധൂര്‍ത്തടിച്ച് അര്‍മാദിച്ചു നടന്ന പ്രവാസി കുടുംബങ്ങളാണ് നല്ലൊരു പങ്ക്.

പൊങ്ങച്ചം കാട്ടാന്‍ കൊട്ടാരങ്ങള്‍ പണിത കുബേരന്മാരായ പ്രവാസികളും ധാരാളം. ഇത്തരമൊന്നായിരുന്നു കപ്പല്‍ജോയി എന്ന ഗള്‍ഫിലെ മഹാകോടീശ്വരന്‍ വയനാട് നിര്‍മ്മിച്ച കൊട്ടാരം. ആ സ്വപ്നക്കൂട്ടില്‍ താമസിക്കാനാവാതെ അറയ്ക്കല്‍ ജോയി എന്ന കപ്പല്‍ ജോയി അംബരചുംബിയിലെ പതിനാലാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതും പ്രവാസിയുടെ സാമ്പത്തിക നിരക്ഷരതയുടെ ദുരന്തപൂരിതവിളംബരമാവുന്നു.

കൊറോണക്കാലത്തിനു മുമ്പും ഇപ്പോഴും ഗള്‍ഫിലെ പ്രവാസികളില്‍ ഹൃദയാഘാതം സംഭവിച്ചു മരിക്കുന്നവരില്‍ മഹാഭൂരിപക്ഷവും മലയാളികളാണെന്ന കണക്ക് നാം സൗകര്യപൂര്‍വം മറക്കുന്നു. തുറിച്ചുനോക്കുന്ന ബീഭത്സ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ ധീരനായ മലയാളി പ്രവാസിക്കു പോലും മനസിടറിപ്പോകുന്ന പ്രവാസജീവിതം. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ വീട്ടുകാരും നാട്ടുകാരും ചോദിച്ചേക്കാം; നീ ഇത്രകാലം ഗള്‍ഫില്‍ പണി ചെയ്തിട്ട് എന്തുണ്ടാക്കിയെന്ന്.

വന്യമായ ഹൃദയങ്ങള്‍ക്കുമാത്രം ചോദിക്കാനാവുന്ന കൂരമ്പ്. ഇതെല്ലാമോര്‍ത്താണ് വാര്‍ത്തകളെ പ്രവാസികള്‍ വിഹ്വലതകളുടെ പങ്കുവയ്പുകാലമാക്കുന്നത്. ഇതിനെല്ലാമിടയില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ കൊറോണ രോഗവാഹകരെന്നു ചാപ്പകുത്തുന്ന കരുണാശൂന്യമായ വര്‍ത്തമാനങ്ങളും പ്രബുദ്ധ കേരളത്തില്‍ ധാരാളം. ഒരു പ്രമാണി പറയുന്നതു കേട്ടു; ‘മടങ്ങിവരുന്ന പ്രവാസികള്‍ രോഗവാഹകര്‍ അല്ലെന്നല്ല’ എന്നാല്‍ അതിന്റെ പേരിലുള്ള പ്രചാരണം അനുവദിക്കുന്നതല്ലത്രേ. എന്തിനീ അല്ലെന്നല്ല എന്ന വളച്ചുകെട്ടു പ്രയോഗം. ആണ് എന്നങ്ങ് നേരെ ചൊവ്വേ പറഞ്ഞാല്‍ പോരേ. അവിടെയും പ്രവാസിക്കെതിരെ ഒരു ഒളിപ്പോര്. പ്രവാസിക്കെതിരായ ബഹുമുഖാക്രമണങ്ങള്‍ക്ക് വളച്ചുകെട്ടിയ ശ്രേഷ്ഠ മലയാളത്തെയും കൂട്ടുപിടിക്കുന്ന കാട്ടാളമനസ്കര്‍.

ക്സെെസ് ഡപ്യൂട്ടി കമ്മിഷണറായിരിക്കേ ഒരു വാഹനാപകടത്തില്‍ അകാലചരമമടഞ്ഞ പെരുമാതുറ സ്വദേശിയും ശ്രീകാര്യത്ത് ചാവടിമുക്കില്‍ താമസക്കാരനുമായിരുന്ന നാസറുദീന്‍ ഒരു കുടിയന്റെ പരിണാമകഥ പറഞ്ഞു കേട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് മദ്യനിരോധനമായിരുന്ന കാലത്ത് കൊല്ലത്തേയ്ക്ക് വണ്ടികയറി പോയി പൂശുന്ന വിദ്വാന്‍. പോരുമ്പോള്‍ കയ്യില്‍ ചാരായത്തിന്റെ പാഴ്സലുമുണ്ടാകും. പിന്നീട് 1967ല്‍ തിരുവനന്തപുരത്തു മദ്യനിരോധനം എടുത്തുകളഞ്ഞപ്പോള്‍ കണിയാപുരം സെന്റ് വില്‍സെന്റ് സ്കൂള്‍ മെെതാനത്തെ പുന്നമരങ്ങളില്‍ മാലപ്പടക്കവും ഓലപ്പടക്കവും കെട്ടി പൊട്ടിച്ച് ഉത്സവമാക്കിയയാള്‍. അന്ന് തിരുവനന്തപുരത്ത് ഒരു കുപ്പി റമ്മിന് വില 20 രൂപ പെെന്റിന് 12 രൂപ. ഒരു ചാര്‍മിനാര്‍ സിഗററ്റിന് 2 പെെസ. പാക്കറ്റിന് 15 പെെസ.

പനാമ സിഗററ്റിന് ഒന്നിന് 3 പെെസ. 20 സിഗററ്റിന്റെ പാക്കറ്റിന് 45 പെെസ. ഒരു മുഴുത്ത പ്ലേറ്റ് ബീഫ് ഫ്രെെക്ക് വെറും 30 പെെസ. കഷ്ടിച്ച് പന്ത്രണ്ടര രൂപയുണ്ടെങ്കില്‍ ആശാനും ചങ്ങാതിക്കും കൂടി അടിച്ചുപുകച്ച് ബീഫ് ഫ്രെെയും തട്ടി കുശാലാകാം. ഹെര്‍ക്കുലീസ് പെെന്റിന്റെ വില 14 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ കഥയിലെ കുടിയന്‍ ഒരു പ്രതിജ്ഞയെടുത്തു. പെെന്റിന് 15 രൂപയാകുമ്പോള്‍ കുടി നിര്‍ത്തുമെന്ന്. ഇപ്പോഴാണെങ്കില്‍ 15 രൂപയ്ക്ക് കരിഓയില്‍ റമ്മിന്റെ ഒരു പെഗുപോലും കിട്ടില്ല. എങ്കിലും ആപ്പും കോപ്പുമടക്കമുള്ള സര്‍വസന്നാഹങ്ങളുമായി അകലംപാലിച്ച് വേച്ചുവേച്ച് നില്ക്കുന്ന എണ്‍പതുകഴിഞ്ഞ മദ്യപശിരോമണിയെകാണാന്‍ നാസറുദീന്‍ ഇല്ലാതെ പോയി. ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന് പണ്ട് കവി പാടിയത് ഇത്തരം മദ്യപന്മാരെക്കുറിച്ചായിരുന്നോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.