കെ രംഗനാഥ്

ഷാര്‍ജ (യുഎഇ)

June 05, 2020, 8:54 pm

ഷാര്‍ജാ മരുഭൂമി നെല്‍വയലേലയായി

Janayugom Online
ഷാര്‍ജാ മരുഭൂമിയിലെ വയലേല

ലോകപരിസ്ഥിതിദിനത്തിന് ഒരു കാണിക്കയായി ഷാര്‍ജാ മരുഭൂമിയില്‍ ഒരു വന്‍ വയലേല. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ മരുഭൂമിയേയും മലര്‍വാടിയാക്കാമെന്നതിന്റെ ആവേശക്കാഴ്ച.
ദക്ഷിണകൊറിയയിലെ കാര്‍ഷിക വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യയുടേയും ജപ്പാന്റെയും നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച ഈ കാര്‍ഷികയജ്ഞത്തിലൂടെ പരിസ്ഥിതിസംരക്ഷണ യജ്ഞങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നടപടിയാണ് മരുഭൂമിയെ കൃഷിഭൂമിയാക്കി മാറ്റുന്ന ഷാര്‍ജാ വയലേലകളെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന‑പരിസ്ഥിതി കാര്യമന്ത്രി ഡോ. താനി അല്‍ സെയൗദി അഭിപ്രായപ്പെട്ടു. കൊറോണക്കാലം തുടങ്ങുന്നതിനു മുമ്പു കൃഷിയിറക്കിയ ഈ പാടങ്ങളില്‍ നിന്ന് ഇക്കഴിഞ്ഞ ദിവസം വരെ മൂന്നുതവണ വിളവെടുപ്പു നടന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ കൊയ്യാനാവുന്നതിനാല്‍ ഇതിനകം കൊയ്ത പാടങ്ങളില്‍ അടുത്ത കൃഷിയാരംഭിച്ചത് വിവിധ ഘട്ടങ്ങളില്‍ വളര്‍ച്ചയെത്തിക്കഴിഞ്ഞു. കൊറോണമൂലം അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി മന്ദീഭവിച്ചതിനാല്‍ ഭാവിയില്‍ കൂടുതല്‍ മരുഭൂമികള്‍ കൃഷിഭൂമികളാക്കി അരിയില്‍ സ്വയംപര്യാപ്തമാകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന ലോകത്തെ പത്ത് രാജ്യങ്ങളിലൊന്നാണ് യുഎഇ. പ്രതിമാസം അഞ്ച് ലക്ഷം ടണ്‍. ആയിരം ചതുരശ്രമീറ്റര്‍ പാടത്തുനിന്നും 763 കിലോ അരിയുണ്ടാക്കാനുള്ള നെല്ല് കൊയ്തെടുക്കാനായത് മരുഭൂമികളെ നെല്‍കൃഷിക്ക് മാറ്റിയെടുക്കാമെന്നുള്ള പ്രതീക്ഷയാണ് വളര്‍ത്തിയിരിക്കുന്നതെന്നും ഡോ. താനി അല്‍സെയൗദി പറഞ്ഞു. കൊടും ചൂടും മണ്ണിലെ ഉപ്പുരസവും പ്രതിരോധിക്കാന്‍ കഴിവുള്ള വിത്തിനങ്ങള്‍ തെരഞ്ഞെടുത്തത് പരിസ്ഥിതിരംഗത്തെ ഈ വിജയഗാഥയ്ക്ക് കാരണമായതായി അദ്ദേഹം കരുതുന്നു.

eng­lish sum­ma­ry: shar­ja desert become pad­dy field

you may also like this video