ഷാര്‍ജ പുസ്തകോത്സവത്തില്‍ ആര്‍എസ്എസിന്റെ മുസ്‌ലിംവിരുദ്ധ സ്റ്റാള്‍

Web Desk
Posted on November 11, 2017, 7:42 am

പ്രത്യേക ലേഖകന്‍

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയിലേയ്ക്ക് നുഴഞ്ഞുകയറിയ ആര്‍എസ്എസ് ഇസ്‌ലാം വിരുദ്ധ വിഷം ചീറ്റുന്ന ഗ്രന്ഥങ്ങള്‍ വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ലോകത്തെ മൂന്നാമത്തെ ഈ ഗ്രന്ഥോത്സവത്തിനെതിരെ ആദ്യമായാണ് ഇത്തരം ഒരു സംഭവവികാസം.
കേരളപ്പിറവി ദിനത്തില്‍ തുടങ്ങി ഇതിനകം എട്ട് ലക്ഷത്തില്‍പരം പേര്‍ സന്ദര്‍ശിച്ച ഈ അക്ഷരപ്പൂരത്തിനിടയിലാണ് സംഘികളുടെ മതനിന്ദ നിറഞ്ഞ പുസ്തകക്കച്ചവടം. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണവിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ സ്റ്റാളില്‍ വിറ്റഴിക്കുന്ന ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങളില്‍ ഇസ്‌ലാം മതവിശ്വാസത്തെ ഹീനമായി ചിത്രീകരിക്കുന്ന ഗ്രന്ഥമടക്കം പല പുസ്തകങ്ങളും ഇസ്‌ലാമിനെതിരെ വര്‍ഗീയ വിഷം ചീറ്റുന്നവയാണെന്ന് കാണിച്ച് സത്യധാരാ പബ്ലിക്കേഷന്‍സാണ് മേളയുടെ സംഘാടകരായ ഷാര്‍ജാ ബുക്ക് അതോറിറ്റിക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് യുഎഇ മതകാര്യാലയവും സാംസ്‌കാരിക മന്ത്രാലയവും അനേ്വഷണം ആരംഭിച്ചിട്ടുണ്ട്. കുരുക്ഷേത്ര പ്രകാശന് കഴിഞ്ഞ മേളയില്‍ ഒരു സ്റ്റാളുണ്ടായിരുന്നത് ഇത്തവണ മൂന്നായിട്ടുണ്ട്.
സവര്‍ക്കര്‍, പി പരമേശ്വരന്‍ തുടങ്ങിയവരുടെ മതവിദേ്വഷം പരത്തുന്ന ഗ്രന്ഥങ്ങളും വില്‍പനയ്ക്കുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഇത്തവണ കൂടുതല്‍ സ്റ്റാളുകള്‍ സ്ഥാപിച്ചത്.
മതസഹിഷ്ണുതയ്ക്ക് ലോകത്ത് ആദ്യമായി ഒരു വകുപ്പുതന്നെ തുടങ്ങിയ യുഎഇയില്‍ നടക്കുന്ന ഈ അക്ഷരോത്സവത്തില്‍ ഹിന്ദു വര്‍ഗീയവിഷം വില്‍ക്കുന്നതിനെതിരെ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.