ഇനി ആഘോഷത്തിന്റെ പതിനേഴു നാള്‍: ഷാര്‍ജ ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കമായി

Web Desk

ഷാര്‍ജ

Posted on January 16, 2020, 4:16 pm

തണുപ്പുകാല ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഉത്സവമേളവുമായി ഷാര്‍ജ ഫ്രിഞ്ച് ഫെസ്റ്റിവല്‍. ഷാര്‍ജ അല്‍ നൂര്‍ ഐലന്‍ഡിലെ പ്രത്യേക വേദിയില്‍ സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച ‘ഹാച്’ പ്രദര്‍ശനത്തോടെയാണ് പതിനേഴു ദിവസം നീണ്ടു നില്‍ക്കുന്ന മേളയുടെ തുടക്കം. നാടകം, സംഗീതം, മാജിക്, സര്‍ക്കസ്, പാവക്കൂത്ത്, നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന അറുന്നൂറിലധികം പ്രദര്‍ശനങ്ങളാണ് ഫ്രിഞ്ച് ഉത്സവത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ അരങ്ങേറുന്നത്. കുടുംബസഞ്ചാരികളുടെ പ്രിയ വിനോദകേന്ദ്രങ്ങളായ ഷാര്‍ജ അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഫ്‌ലാഗ് ഐലന്‍ഡ്, അല്‍നൂര്‍ ഐലന്‍ഡ് എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍ അരങ്ങേറുക. ലോകപ്രശസ്ത കലാകാരന്മാര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പാകത്തിലുള്ള കലാസാംസ്‌കാരിക പ്രദര്‍ശനങ്ങളുമായി ഷാര്‍ജ ഫ്രിഞ്ച് ഉത്സവ വേദിയിലെത്തുന്നുണ്ട്.

തണുപ്പുകാലമായതോടെ തിരക്കേറിയ അല്‍ ഖസ്ബയിലെയും അല്‍ മജാസിലെയും വൈകുന്നേരങ്ങള്‍ക്ക് ഇനി ഫ്രിഞ്ച് ഉത്സവത്തിന്റെ നിറവുമുണ്ടാവും. മെയ് വഴക്കവും ഇന്ദ്രജാലവും സംഗീതവും നൃത്തവുമെല്ലാം സമ്മേളിക്കുന്ന മുപ്പതിലധികം വൈവിധ്യമാര്‍ന്ന തെരുവ് പ്രദര്‍ശനങ്ങളാണ് അല്‍ ഖസ്ബയിലും അല്‍ മജാസിലുമായി വിരുന്നൊരുക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി ആസ്വദിക്കാവുന്ന പ്രദര്‍ശനങ്ങളാണിത്. വിവിധയിടങ്ങളിലായി ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച് രാത്രി പതിനൊന്നു വരെ നീളുന്ന വിധത്തിലാണ് ഈ പ്രദര്‍ശനങ്ങളുടെ ക്രമീകരണം.

ഖസ്ബയില്‍ നിന്ന് അല്‍ മജാസിലേക്കുള്ള നടത്തത്തിനു ഉത്സവപ്രതീതി പകരുന്ന വിധത്തിലാണ് തെരുവ് പ്രദര്‍ശനങ്ങളുടെ വിന്യാസം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്ക് ഷാര്‍ജയുടെ തണുപ്പുകാല കാഴ്ചകളോടൊപ്പം ഗംഭീര ഫ്രെയിമുകളും പരീക്ഷിക്കാന്‍ പറ്റിയ അവസരമാണിത്. ശബ്ദവെളിച്ച സംവിധാനങ്ങളുടെ വിസ്മയകരമായ സമന്വയവും കലാ പ്രദര്‍ശനവും സമ്മേളിക്കുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ മിതമായ ടിക്കറ്റ് നിരക്കിലും ആസ്വദിക്കാം.

ഇരുന്നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുവരുന്ന യുഎഇയുടെ മണ്ണില്‍ ആ വൈവിധ്യങ്ങള്‍ ആഘോഷിക്കാന്‍ കൂടിയാണ് ഇത്തരമൊരു രാജ്യാന്തര ഉത്സവമൊരുക്കുന്നത്. സഞ്ചാരികള്‍ക്കും യുഎഇ നിവാസികള്‍ക്കും വേറിട്ട അനുഭവമാവുമിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന, ലോകപ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനങ്ങളാണ് അരങ്ങേറുന്നതെന്ന് ശുറൂഖ് സിഒഒ അഹ്മദ് ഒബൈദ് അല്‍ ഖസീര്‍ പറഞ്ഞു.

ലോകപ്രശസ്തമായ ഫ്രിഞ്ച് ഉത്സവത്തിന്റെ മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യപതിപ്പിനാണ് ഷാര്‍ജ വേദിയാവുന്നത്. ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം വകുപ്പിന്റെ പങ്കാളിത്തത്തോടെ ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയാണ് ഫ്രിഞ്ച് ഫെസ്റ്റിവലിന്റെ സംഘാടകര്‍. പ്രദര്‍ശനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും സമയക്രമങ്ങളും http://www.sharjahfringe.com/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ടിക്കറ്റുകളും ഇതിലൂടെ ബുക്ക് ചെയ്യാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സംഘങ്ങള്‍ക്കും പ്രത്യേക ഇളവുകളുണ്ട്.