ഷർമിള സി നായർ

May 23, 2021, 4:54 am

ഫാന്റസിയിൽ ജീവിച്ചവർക്കതേ പറ്റൂ…

Janayugom Online

മുമ്പ് നീ പലവട്ടം

വന്നിട്ടുള്ളയെന്റെ വീട്ടിലേക്ക്

അന്നൊരിയ്ക്കൽക്കൂടി നീ വരും…

അതേ, ഞാനില്ലാതായശേഷം…

ഞാനില്ലാത്തിടം

എങ്ങിനാവും നിന്നെ സ്വീകരിക്കുക…

മുറ്റത്തുനിന്നുമെന്റെ

കാൽപ്പാടുകൾ മാഞ്ഞിട്ടുണ്ടാവണം…

എങ്കിലും,

നിനക്കെന്റെ കാൽപ്പാടുകൾ

അറിയാനാവില്ലേ…

അദൃശ്യയായി

ഞാൻ നിന്റെ ഭാവഭേദങ്ങൾ

ശ്രദ്ധിക്കുന്നതറിയാതെ

നിന്റെ കണ്ണുകൾ

മുറ്റത്തൊരുകോണിലെ മിനിയേച്ചർ ചെമ്പകത്തിലേക്കു നീളും…

നിനക്കതിനേ കഴിയൂ…

എന്നേക്കാൾ നന്നായെന്റെ ഇഷ്ടങ്ങൾ നിനക്കല്ലേയറിയാവുന്നത്…

 

എന്റെ മണം വിട്ടുമാറിയിട്ടില്ലാ-

ത്തതിനാലാവണം

എന്റെ പപ്പി ഓടിവന്നു നിന്നെ നക്കും..

നിസ്സഹായനായി നീ അവനെ

ചേർത്തുപിടിക്കാൻ ശ്രമിക്കും…

പെട്ടെന്നാവും മാനത്ത് കാറും കോളുമിരിണ്ടുകൂടുന്നത്…

നിന്നെയൊന്ന്

പുണരണമെന്ന് എന്നെപ്പോലെ

മാനത്തിനും തോന്നിയിട്ടുണ്ടാവണം..

ഒരുമിച്ചു നനയാനാവാതെപോയ

മഴയോർമ്മകളിൽനിന്നു ഞാൻ

തിരികെയെത്തുമ്പോഴേക്കും

നീ അകത്തേയ്ക്ക് കയറിയിട്ടുണ്ടാവും..

ഞാൻ നിറഞ്ഞുനിന്നിരുന്ന

വീട്ടിലെ മൗനം

നിന്നെ വല്ലാതസ്വസ്ഥനാക്കും..

എന്റെ മണം മാറിയിട്ടില്ലാത്ത

സോഫയിലിരിക്കാൻ

നീ നന്നേ വിഷമിക്കും..

ചുമരിലെ

മാലയിട്ട ചിത്രത്തിലേക്ക്

ഇടയ്ക്കിടെ നീ പാത്തുനോക്കും..

ഏറെയിഷ്ടമായിട്ടും

നീ പറഞ്ഞതുകൊണ്ടു മാത്രം

ഞാനൊഴിവാക്കിയിരുന്ന

എന്റെയാ പടം

തെല്ലൊന്നുമായിരിക്കില്ല

നിന്നെ അസ്വസ്ഥനാക്കുന്നത്…

അവൾക്ക്

ചായയെക്കാൾ കട്ടനായിരുന്നു

ഇഷ്ടമെന്ന് പറഞ്ഞെല്ലാർക്കും

കട്ടൻ വിളമ്പുന്നയാളെ

കാണുമ്പോൾ,

തിരക്കിനിടയിലും

ഞാനുണ്ടാക്കികൊടുത്തതിനെല്ലാം

കുറ്റം പറഞ്ഞിരുന്ന മനുഷ്യനാണല്ലോ

ഇപ്പറയുന്നതെന്നോർത്ത്

നിന്റെ കണ്ണുകൾ നിറയും..

ടീപ്പോയിൽ

ആരാലും ശ്രദ്ധിക്കപ്പെടാതെകിടന്ന

ഡയറി മറിച്ചു നോക്കുന്നെന്ന വ്യാജേന

നീ നിന്റെ ഭാവം മറയ്ക്കാൻ ശ്രമിക്കും…

അപ്പോഴാവും

പാതിവഴിയിൽ നിർത്തിയ

ഒരു കവിത നിന്റെ കണ്ണിൽപ്പെടുക..

ഇതിൽ ഞാനില്ലേയെന്ന്

നീ സ്വയം ചോദിക്കും..

അവസാന വരിയിൽ ഞാനെന്താവും

ഉദ്ദേശിച്ചിരിക്കുകയെന്നോർത്ത്

നീ വീണ്ടും അസ്വസ്ഥനാവും..

മടങ്ങാൻ നേരം

മറ്റാരും കാണാതെ

ആ ഡയറി നീ കൈയ്യിലെടുക്കും..

അതെത്തേണ്ട കരങ്ങളിലെ-

ത്തിയല്ലോന്നൊരുവേള ഞാൻ

സന്തോഷിക്കും…

പക്ഷേ,

എത്ര പെട്ടെന്നാണെന്റെ പപ്പിയത്

തട്ടിപ്പറിച്ചത്..!

എന്റെ മണമുള്ള ആ ഡയറി

അവനെങ്ങിനെ വിട്ടുതരും..!!

നിനക്കുവേണമെങ്കിലത് പിടിച്ചു വാങ്ങാം..

നീയത് ചെയ്യില്ലെന്നെനിക്കല്ലേ അറിയൂ…

മടക്കയാത്രയിലുടനീളം

പാതിമുറിഞ്ഞൊരു കവിത

നിന്നെ വല്ലാണ്ടലോസരപ്പെടുത്തും…

അവസാനവരി പൂരിപ്പിക്കാൻ

വാക്കുകൾക്കായി നീ പരതും…

അടങ്ങാത്ത ആത്മകാമനകളെ

വിരൽതൊട്ടുണർത്തിയവളെ,

പ്രണയത്തിന്റെ കാണാക്കയങ്ങളിലൂടെ

രതിയുടെ ആഴക്കയങ്ങളിലേയ്ക്ക്

തന്നോടൊപ്പം നടന്നൊരുവളെ

ഓർമ്മകളിൽ നിന്നിറക്കി വിടാൻ

ഏതൊരാണും നന്നേ പാടുപെടും…

നീയുമതേ…

എങ്കിലും,

പതിയെ നീ നിൻ്റെ

ദിവസങ്ങളിലേക്ക് മടങ്ങും..

നിൻ്റെ സ്ഥാനത്ത് ഞാനാണെങ്കിലും

ഇങ്ങിനെതന്നാവും..

ഫാൻ്റസിയിൽ ജീവിച്ചവർക്കതേപറ്റൂ…