19 April 2024, Friday

കുടുംബങ്ങളുടെ വരുമാനം കുറവ്: രാജ്യത്തിന്റെ വളർച്ച തടസപ്പെടും

Janayugom Webdesk
ന്യൂഡൽഹി
September 18, 2022 10:45 pm

രാജ്യത്തെ കുടുംബങ്ങളുടെ വരുമാനത്തിൽ കുത്തനെ ഇടിവ് എന്ന് ഏറ്റവും പുതിയ പഠനം. 2012–16 ലെ 8.2 ശതമാനത്തിൽ നിന്ന് 2017–21 ൽ 5.7 ആയി കുറഞ്ഞു. ഉയർന്ന പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഇതിനെക്കാൾ ഒരു ശതമാനം കൂടി കുറവായിരിക്കും ഇതെന്നും പഠനം സൂചിപ്പിക്കുന്നു. വരുമാനത്തിലെ മുരടിപ്പ് ഗ്രാമ‑നഗരപ്രദേശങ്ങളെ ഒരു പോലെ ബാധിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ 2.8 ശതമാനമാണ് വരുമാനത്തിൽ വളർച്ചയുണ്ടായത്. നഗരങ്ങളിൽ 5.5 ശതമാനവും. നിലവിലുള്ള പണപ്പെരുപ്പവുമായി ക്രമീകരിക്കുമ്പോൾ ഈ വളർച്ചാ നിരക്കുകൾ നെഗറ്റീവ് ആയി മാറുന്നു. ഗ്രാമപ്രദേശങ്ങളിൽ ‑3.7 ശതമാനവും നഗരപ്രദേശങ്ങളിൽ ‑1.6 ശതമാനവുമാണ് വളർച്ച. അതായത് 2017–21 കാലയളവിൽ യഥാർത്ഥ വേതനം കുറഞ്ഞു എന്നർത്ഥം. കേന്ദ്ര സർക്കാർ ഉയർന്ന സാമ്പത്തിക വളർച്ചയുണ്ടായെന്ന് ആഘോഷിക്കുമ്പോഴും കുടുംബവരുമാനം കുറയുന്നതിനർത്ഥം ജനങ്ങളുടെ കൈകളിൽ വേണ്ടത്ര വാങ്ങൽ ശേഷി ഇല്ല എന്നാണ്. ഈ കുടുംബങ്ങളാണ് സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സംഭാവന നൽകുന്നത്.

മൊത്ത മൂല്യ വർധന(ജിവിഎ)യുടെ 44–45 ശതമാനം ഇവരുടേതാണ്. കുറഞ്ഞ വരുമാനം സൂചിപ്പിക്കുന്നത് മൊത്തത്തിലുള്ള ഡിമാന്‍ഡിലേക്കുള്ള അവരുടെ സംഭാവന വളരെ കുറവായിരിക്കുമെന്നാണ്. സമ്പദ്‌വ്യവസ്ഥയിൽ വേണ്ടത്ര ഡിമാന്‍ഡ് ഉണ്ടായില്ലെങ്കിൽ സാമ്പത്തിക വീണ്ടെടുക്കലിന്റെ സാധ്യത മങ്ങും. കർഷകത്തൊഴിലാളികൾക്കുൾപ്പെടെ ന്യായമായ മിനിമം വേതനവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ഒരു സമഗ്രമായ നിയമം നടപ്പിലാക്കുകയാണ് പരിഹാരമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയായ കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായി സമഗ്രമായ ഒരു നിയമവും നിലവിലില്ല. അവരുടെ വേതനത്തിൽ വർധനവുണ്ടായാൽ ഉയർന്ന വാങ്ങൽ ശേഷിയും സമ്പദ്‌വ്യവസ്ഥയ്ക്കു് ആശ്വാസവുമാകും. കാർഷികോല്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന എം എസ് സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മിഷന്റെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.

ഉല്പാദനച്ചെലവിന്റെ 150 ശതമാനമായി താങ്ങുവില നിശ്ചയിക്കാനായിരുന്നു നിർദ്ദേശം. ഇത് നടപ്പായാൽ കർഷകരും തൊഴിലാളികളും രാജ്യത്തെ മഹാശക്തിയായി മാറാനും പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ, രോഗം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും കഴിയുമെന്നാണ് പഠനത്തിലുള്ളത്. ഗ്രാമപ്രദേശങ്ങളിലെ ഏറ്റവും കൂടുതൽ സ്വയം തൊഴിൽ ചെയ്യുന്നത് കർഷകരാണ്. ഈ മേഖലയിൽ പുരുഷന്മാർക്ക് പ്രതിമാസം 10,228 രൂപ ലഭിക്കുമ്പോൾ സ്ത്രീകൾക്ക് അതിന്റെ പകുതിയിൽ താഴെയാണ് (4,561 രൂപ) ലഭിക്കുന്നത്. നഗരപ്രദേശങ്ങളിൽ പുരുഷ തൊഴിലാളിക്ക് പ്രതിമാസം 10, 058 രൂപ മാത്രമേ ലഭിക്കുന്നുള്ളു. സ്ത്രീ തൊഴിലാളിക്ക് കേവലം 6,608 രൂപയും. കോർപറേറ്റുകളെ മാത്രം സഹായിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തയാറാകാതിരിക്കുകയും ചെയ്യുന്ന മോഡി സർക്കാരിന്റെ നയം ഉപേക്ഷിച്ചാലേ സമ്പദ് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാകൂ എന്നാണ് റിപ്പോർട്ടിലെ സൂചന. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് കോർപറേറ്റ് മേഖലയോട് ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ ആഹ്വാനം പതിവുപോലെ പാഴ്‍വാക്ക് മാത്രമാണ്. കൂടുതൽ നിക്ഷേപം നടത്താതെ തന്നെ സർക്കാർ വാഗ്ദാനം ചെയ്യുന്ന എല്ലാ ഇളവുകളും നികുതിയിളവുകളും ആസ്വദിക്കുന്ന കോർപറേറ്റുകൾ കൂടുതൽ നിക്ഷേപം നടത്തില്ല എന്നുറപ്പാണ്. ജനങ്ങളുടെ വാങ്ങൽ ശേഷി കുറവാണെന്ന് അവർക്കറിയാം.

Eng­lish Sum­ma­ry: sharp decline in house­hold income in the country
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.