മുസഫര്‍പുര്‍ റയിൽവേ സ്റ്റേഷനിലെ മരണം: കുഞ്ഞിന് തുണയായി ഷാരൂഖ് ഖാൻ

Web Desk
Posted on June 02, 2020, 10:11 pm

മുസഫര്‍പുര്‍: ബിഹാറിലെ മുസഫര്‍പുര്‍ റയില്‍വേ സ്റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിന് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ സഹായഹസ്തവുമായി എത്തി.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ ദുരവസ്ഥ വ്യക്തമാക്കുന്നതായിരുന്നു കുഞ്ഞിന്റെ വീഡിയോ. കിലോമീറ്ററുകള്‍ കാല്‍നടയായി നടന്നതിന് പിന്നാലെയായിരുന്നു ഈ സ്ത്രീയുടെ മരണം.
അമ്മയെ നഷ്ടപ്പെടുന്നതിന്റെ വേദന മനസിലാക്കാന്‍ കഴിയുന്നവര്‍ക്കാര്‍ക്കും ഈ കുഞ്ഞിനെ സഹായിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ഷാരൂഖ് പറഞ്ഞു. കുഞ്ഞിനെയും കുടുംബത്തെയും കണ്ടെത്താന്‍ സഹായിച്ചതില്‍ സോഷ്യല്‍മീഡിയയ്ക്ക് നന്ദി പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും… ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’, ഷാരൂഖ് ട്വീറ്റ് ചെയ്തു.
കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ച് മീര്‍ ഫൗണ്ടേഷനും രംഗത്തെത്തി. ‘ഈ കുഞ്ഞിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ മീര്‍ ഫൗണ്ടേഷന്‍ നന്ദി അറിയിക്കുന്നു. അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ അവനെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.” മീര്‍ ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്തു.
ഉൻപുൻ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ പശ്ചിമ ബംഗാളിന് ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ ഒട്ടേറെ സഹായങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്.

eng­lish sum­ma­ry: sharukh khan came for­ward to help the child who lost his mom

you  may like this video