ത്രാസ് പൊട്ടിയുള്ള അപകടം വിഷു ദിനത്തിലെ യഥാര്‍ഥ അത്ഭുതമെന്ന് ശശി തരൂര്‍

Web Desk
Posted on April 16, 2019, 11:41 am

തിരുവനന്തപുരം: ത്രാസ് പൊട്ടിയുള്ള അപകടം വിഷു ദിനത്തിലെ യഥാര്‍ഥ അത്ഭുതമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ആദ്യം നല്ല ബുദ്ധിമുട്ട് തോന്നിയെങ്കിലും സംഭവിച്ചതില്‍ ഗാന്ധാരി അമ്മന്‍ ദേവിയ്ക്ക് നന്ദിയെന്നു ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്.

തലയ്ക്ക് പരിക്കേറ്റ ശശി തരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.