ശശി തരൂരിന്റെ ശരീരം കോൺഗ്രസിലും കൂറ് മോഡിയോടുമാണെന്നും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കാൻ അവിടെ ആരുടെയും കല്യാണമല്ല നടന്നതെന്നും കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. രാജ്യതാൽപര്യം എന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താൽപര്യം മാത്രമാണ് .എത്ര വളർന്നാലും നെഹ്രുകുടുംബത്തിന്റെ പ്രതിശ്ചായ തരൂരിനില്ല .തരൂരിനെ തരൂരാക്കിയത് ആരാണെന്ന് മറക്കരുതെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.
നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു നേതാവിനെയും പ്രചാരണത്തിനായി പ്രത്യേകം ക്ഷണിക്കാറില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു.
കോൺഗ്രസ് പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്നുമാണ് നേതാക്കളുടെ വിശദീകരണം. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂരെന്നും രേഖകൾ വ്യക്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിക്ക് അനുകൂലമായ പല തരൂരിന്റെ പ്രസ്താവനകളും കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. പലതവണ ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടും തരൂർ വഴങ്ങാത്തത്ത് നേതൃത്വത്തിന് തലവേദനയായിരുന്നു. ഇതിനെ തുടർന്നാണ് നിലമ്പൂരിർ ഉപതെരഞ്ഞെടുപ്പിൽ കെപിസിസി നേതൃത്വം തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്.
യുഡിഎഫ് മണ്ഡലം കൺവെൻഷൻ അടക്കമുള്ള പ്രചാരണ പരിപാടികളിൽ ഒന്നും തന്നെ തരൂരിന്റെ പേര് നോട്ടീസിൽ വെക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് തരൂരിനെ ചൊടിപ്പിച്ചത്. പ്രചാരണത്തിന് തന്നെ വിളിച്ചില്ലെന്നും വരണമെന്നറിയിച്ച് ഒരു മിസ്ഡ് കാൾ പോലും ലഭിച്ചില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം അതേക്കുറിച്ചു സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ചെല്ലണമെങ്കില്‍ പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടായില്ലെന്നും തരൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.