‘സ്‌ക്വീമിഷ്‌ലി വെജിറ്റേറിയന്‍’; അവനവന്‍ പാരയായി തരൂരിന്‍റെ ഇംഗ്ലീഷ് വാക്ക്

Web Desk
Posted on March 30, 2019, 9:31 pm

തിരുവനന്തപുരം: ശശി തരൂരിന് പാരയായി ‘സ്‌ക്വീമിഷ്‌ലി വെജിറ്റേറിയന്‍’. മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തിരുവനന്തപുരത്ത യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന നുണപ്രചരണമാണിതെന്നു തരൂര്‍ ആരോപിച്ചു. ശുദ്ധ വെജിറ്റേറിയന്‍ എന്ന അര്‍ഥത്തില്‍ ട്വിറ്ററില്‍ പ്രയോഗിച്ച ‘സ്‌ക്വീമിഷ്‌ലി വെജിറ്റേറിയന്‍’ എന്ന ഇംഗ്ലീഷ് പദത്തിനെ ചൊല്ലിയാണ് വിവാദം.

നെയ്യാറ്റിന്‍കരയിലെ മത്സ്യമാര്‍ക്കറ്റില്‍ ലഭിച്ച വരവേല്‍പ്പിന്‍റെ ചിത്രത്തിനൊപ്പം സ്‌ക്വീമിഷ്‌ലി ചേര്‍ത്തത് ഈ അര്‍ഥത്തിലാണെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം. ഇതു തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന ശ്രമമാണെന്നു തരൂര്‍ ആരോപിച്ചു.