Web Desk

കൊല്ലം

June 21, 2021, 3:34 pm

കൊല്ലം ശാസ്താംനടയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട യുവതി നേരിട്ടത്‌ സമാനതകളില്ലാത്ത പീഡനം, ഭർത്താവ്‌ ഒളിവിൽ

Janayugom Online

സ്ത്രീധന പീഢന വിവരം ബന്ധുക്കളെ അറിയിച്ച യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ഒളിവിലാണെന്ന് സൂചന. അസിസ്റ്റൻറ് വെഹിക്കിൾ ഇൻസ്പെക്ടർ കിരണ്‍ കുമാറിൻറെ ഭാര്യ നിലമേൽ കൈതോട് സ്വദേശി വിസ്മയ – 24 ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. അതേസമയം മരണം കൊലപാതകമാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കിരണ്‍ കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. 100 പവനും 10 ലക്ഷം രൂപയുടെ വാഹനവുമായിരുന്നു സ്ത്രീധനമായി നൽകിയത്. എന്നാൽ സ്ത്രീധനമായി നൽകിയ വാഹനം തിരിച്ചെടുത്ത് പകരം അതിന്റെ വിലയായ 10 ലക്ഷം രൂപ പണമായി നൽകണമെന്നാവശ്യപ്പെട്ട് കിരണ്‍ കുമാർ നിരന്തരം പെണ്‍കുട്ടിയെ ഉപദ്രവിക്കുമായിരുന്നു.

ഇതിന്റെ തെളിവുകൾ സഹിതം സഹോദരൻ പൊലീസിന് നല്‍കി.പീഢന വിവരം പെൺകുട്ടി വാട്സാപ്പിൽ അറിയിച്ചിരുന്നതിന്റെ തെളിവുകളാണ് സഹോദരൻ പൊലീസിന് കൈമാറിയത്. മർദ്ദനത്തെ തുടർന്ന് ശരീരത്തിൽ ഉണ്ടായ പാടുകളുടെ ചിത്രങ്ങളും യുവതി സഹോദരന് കൈമാറിയത് ഇക്കൂട്ടത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പിതാവ് ത്രിവിക്രമൻ നായർ പൊലീസിനെ അറിയിച്ചത്.

വിവാഹത്തിന് ശേഷം ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി അടുത്തിടെയാണ് വിസ്മയ ഭർതൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാൽ, ഇതിനു ശേഷവും ഭർത്താവിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനമേറ്റിരുന്നതായാണ് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്.
വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനപീഡനമാണ് മരണത്തിൽ കലാശിച്ചതെന്നും ഇവർ ആരോപിക്കുന്നു. പരാതി ഉയർന്നതോടെ വനിത കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Eng­lish sum­ma­ry;  shastham­na­da women sui­cide case lat­est updation
You may also like this video;