16 April 2024, Tuesday

Related news

March 20, 2024
February 18, 2024
February 13, 2024
January 21, 2024
January 14, 2024
January 10, 2024
December 17, 2023
December 13, 2023
December 7, 2023
November 25, 2023

മാറ്റാം ഭക്ഷണ രീതികൾ … തിരിച്ചു പിടിക്കാം നമ്മുടെ അടുക്കളകൾ

അജയകുമാർ കരിവെള്ളൂർ
പൊതുജനാരോഗ്യ പ്രവർത്തകൻ
January 9, 2023 6:19 pm

മലയാളികളുടെ ഭക്ഷ്യ രീതീയും, ഭക്ഷണവും ഇന്ന് എത്തിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്. കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ തലക്ളായിൽ കുഴി മന്തികഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് കൗമരാക്കാരിയായ യുവതി മരണപെട്ടതും, കോട്ടയത്ത് നഴ്സയായ യുവതി ഒരാഴ്ച മുമ്പ് ഭക്ഷ്യ വിഷ ബാധയേറ്റ് മരിച്ചതും , കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ കഴിഞ്ഞ വർഷം , ഒരു കുട്ടി ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് മരിച്ച സംഭവവും ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. ഈ സംഭവത്തിന്റെ ഗൗരവം നമ്മെ കണ്ണൂതുറപ്പിക്കുന്നത് രണ്ട് കാര്യങ്ങളിലൂടെയാണ്. ഒന്നാമത്തേത് മാറുന്ന ഭക്ഷണക്രമം വരുത്തുന്ന വെല്ലുവിളി , മറ്റൊന്ന് ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർകശ മാക്കേണ്ടതിന്റെ ആവശ്യകത .നാം നിത്യേന കഴിക്കുന്ന ഹോട്ടൽ ഭക്ഷണങ്ങളുടെയും , ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളുടെയും ശുചിത്വ മില്ലായ്മയും നാം വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഭൂരിഭാഗവും വിഷമയമാണെന്നതുമാണ് യാഥാർത്ഥ്യം.

ഈ സർക്കാർ അധികാരത്തിലേറ്റ ശേഷം കൂടുതൽ ടോൾ ഫ്രീ നമ്പറുകൾ ലഭ്യമാക്കി ഭക്ഷ്യ വസ്തുകളിലെ മായം ബോധ്യപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കാനുള്ള സംവിധാനം കൂടുതൽ ജനകീയമാക്കിയിരുന്നു. എന്നാൽ പൊതുജനങ്ങൾ വേണ്ടത്ര ബോധവാൻമ്മാരാല്ല എന്നത് ഒരു പ്രശ്നമാണ്. മായവും , ശുചിത്വമില്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാൻ മടിക്കരുത് .ബേക്കറി ഉല്പന്നങ്ങൾക്ക് രുചിയും , നിറവും നൽകാൻ ഉപയോഗിക്കുന്ന മെറ്റാലിൻ യെല്ലോ , അജിനാമോട്ടോ , സാക്കറിൻ എന്നിവ നിയന്ത്രിത അളവിൽ കൂടുതൽ ആകുമ്പോൾ അത് നമ്മുടെ പുതിയ തലമുറയെ തള്ളിവിടുന്നത് കാൻസർ പോലുള്ള രോഗങ്ങളിലേക്കാണ്. നമ്മുടെ കുട്ടികൾക്ക് നാം ഏറെ പ്രിയത്തോടെ നൽകുന്ന ഐസ്ക്രീമും, ചോക്ലേറ്റിലും, നിറവും രുചിയും നൽകാൻ ഉപയോഗിക്കുന്ന സോഡിയം ആൾജിനേറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് തള്ളിവിടുന്നത്. ബേക്കറി ഉല്പന്നങ്ങളിലും, എണ്ണ പലഹാരങ്ങളിലും ഉപയോഗിക്കുന്ന സോഡിയം ബെൻസോയേറ്റും വിവിധ രോഗാവസ്ഥയിലേക്കാണ് നമ്മെ തള്ളിവിടുന്നത്. ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമായി നമ്മുടെ കൊച്ചു കേരളം മാറി കൊണ്ടിരിക്കുന്നു. അതോടൊപ്പം പലപ്പോഴും ബേക്കറി ഉല്പന്നങ്ങളുടെ പ്ലാസ്റ്റിക്ക് പാക്കറ്റുകൾ വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്ന കാര്യം നാം ശ്രദ്ധിക്കണം.

മലയാളിക്ക് ഏറെ ഇഷ്ടമായിരുന്ന കഞ്ഞിയും, ചമന്തിയും , ഇഡലിയും , ദോശയും , ആവി പറക്കുന്ന പുട്ടും കടലയും തുടങ്ങിയ കേരളീയ ഭക്ഷണങ്ങൾ നമ്മുടെ തീൻ മേശ കളിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. പകരം ഷവർമ്മയും , ബർഗ്ഗറും , ബിരിയാണിയും, പപ്പ്സും, ചിക്കൻ റോളും ഫ്രൈഡ് റൈസും, ഐസ് ക്രീമുമൊക്കെയാണ് പുതിയ തലമുറയുടെ ഇഷ്ട ഭക്ഷണം എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ വീടുകളിലെ അടുക്കളകൾ ഇന്ന് നിശ്ചലമായികൊണ്ടിരിക്കുന്നു. പഴയ മൺപാത്രങ്ങളിലെ കറിയും പാചകവും ഒക്കെ അന്യമായി കൊണ്ടിരിക്കുന്നു. നമ്മുടെ പോഷക സമൃദ്ധമായ ചക്കയും, മരച്ചീനിയും, കാച്ചിലും , ചേമ്പുമെല്ലാം പുതിയ തലമുറയ്ക്ക് ഇഷ്ടമല്ലാത്ത വിഭവങ്ങളാകുന്നു. കോർപ്പറേറ്റ് ഭക്ഷണ രീതികൾ പുതിയ തലമുറയെ വല്ലാതെ തലയ്ക്കു പിടിച്ചു എന്നതാണ് വസ്തുത. പൂർണ്ണമായും പഴയ ഭക്ഷണ രീതി പിന്തുടരുക എന്നതല്ല ഇതുകൊണ്ട് പറഞ്ഞു വയ്ക്കുന്നത്. എന്നാൽ മലയാളികളുടെ ഭക്ഷണ തനിമ മറന്നു കൊണ്ട് ഉള്ള പുതുരീതി നമ്മെ കൊണ്ടെത്തിക്കുക വലിയ അപകടത്തിലേക്കാണ് എന്ന കാര്യം വിസ്മരിക്കരുത്.തിരക്ക് പിടിച്ച ജീവിത ചുറ്റുപാട് , അണുകുടുംബ വ്യവസ്ഥ എന്നിവയെല്ലാമാണ് ഫാസ്റ്റ് ഫുഡിലേക്കും പുത്തൻ ഭക്ഷണ രീതിയിലേക്കും നമ്മെ തള്ളിവിടുന്നത്. നമ്മുടെ സംസ്ഥാനം ഒരു ഉപഭോകൃത സംസ്ഥാനമാണ്. നാം കഴിക്കുന്ന പച്ചക്കറികളും , പലവ്യജ്ഞനങ്ങളും അരിയുമെല്ലാം ഭൂരിഭാഗവും എത്തിച്ചേരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. അതിനാൽ തന്നെ ഉത്തരം ഭക്ഷ്യ വസ്തുകളുടെ ഗുണമേന്മകൾ പരിശോധിക്കുന്നതിന് കാര്യക്ഷമമായ സംവിധാനങ്ങൾ അനിവാര്യമാണ്. മത്സ്യങ്ങൾ പ്രധാനമായും കേടു കൂടാതിരിക്കാൻ നിരവധി വിഷ പദാർത്ഥങ്ങൾ ചേർക്കുന്നതായാണ് റിപ്പോർട്ട് അടുത്ത കാലത്ത് ആരോഗ്യ വകുപ്പ് ഇതിനെതിരെ വളരെ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്. 

സംസ്ഥാന വ്യാപകമായി ഈ മേഖലയിൽ പരിശോധാന സംവിധാനം കാര്യക്ഷമമാക്കുക വഴി പൊതുജനങ്ങൾക്ക് നല്ല മത്സ്യവും, മാംസവും കഴിക്കുവാൻ സാധിക്കുമെന്നതിൽ സംശയമില്ല. മറ്റൊരു മായം കലർന്ന ഉല്പന്നമാണ് ശർക്കര. ശർക്കരയിലെ മായം തടയുവാനും സർക്കാർ അടുത്ത കാലത്തായി പഴുതടച്ച സംവിധാനം സ്വീകരിക്കുകയുണ്ടായി. നമ്മുടെ കറി മാസലകളിലും , പലവ്യഞ്ജനങ്ങളിലും, അരിയിലും എന്ന് വേണ്ട എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും മായം പല രീതിയിൽ പ്രത്യക്ഷപ്പെടുന്നു. അതോടൊപ്പം ന്യൂഡിൽസ് പോലുള്ള പല പാക്ക്ഡ് ഫുഡ് ഉല്പനങ്ങളിലും പല മാരകമായ മൂലകങ്ങൾ അനുവദീനയമായ അളവിൽ കൂടുതൽ ഉണ്ടെന്ന കാര്യം അടുത്ത കാലത്ത് നാം ഏറെ ചർച്ച ചെയ്തതാണ്. പല ശീതള പാനീയങ്ങളിലും ഇതേ രീതിയിൽ വിഷകരമായ പദാർത്ഥങ്ങൾ അനുവദനീയമായ അളവിൽ കൂടുതൽ കാണപ്പെടുന്നു. നമ്മുടെ കുട്ടികളെ ഉൾപ്പെടെ ഏറേ പ്രതികൂലമായി ബാധിക്കുന്നവയാണ് ഇത്. വിദേശ രാജ്യങ്ങളിൽ ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ലംഘനം നടത്തിയാൽ ഉളള പിഴയും വളരെ കർശനമാണ്. ഭക്ഷ്യ വസ്തുകളിൽ മായം ചേർത്താൽ വലിയ പിഴ ഇടാക്കും എന്നതിനാൽ യുറോപ്യൻ രാജ്യങ്ങളിൽ നിയമ ലംഘനം വളരെ കുറവ് മാത്രമേ ഉണ്ടാകാറുള്ളൂ. അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നൽകുകയും ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിര പരിശോധന നടത്തുവാനും തീരുമാനിക്കുകയുണ്ടായി. 

പാതയോരങ്ങളിലെ ഐസ് ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്ഷണത്തിന് കാലപ്പഴക്കമുണ്ടോ എന്ന് പരിശോധിക്കും. സ്ഥാപനത്തിന് ശുചിത്വം ഉണ്ടെന്ന് ഉറപ്പാക്കും. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കച്ചവടസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെപ്പിക്കുകയും ലൈസന്‍സും റദ്ദാക്കുകയും ചെയ്യുവാനും സർക്കാർ തീരുമാനിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്താനും സർക്കാർ നിർദ്ദേശിക്കുകയുണ്ടായി. കോട്ടയവും , ചെറുവത്തൂരും പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.