Web Desk

കുണ്ടറ

February 09, 2020, 6:36 pm

അയൽവാസിയുമായി പ്രണയം, രണ്ടു കുട്ടികളായതിന് ശേഷം വിവാഹം, ഒടുവിൽ മരണവും; ഷീലയുടെ മരണത്തിൽ ദുരൂഹതകളേറുന്നു!

Janayugom Online

ആറ് മാസം മുമ്പ് മരിച്ച കുണ്ടറ നാന്തിരിക്കൽ സ്വദേശിനി ഷീലയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. ഇത് സംബന്ധിച്ച് ഷീലയുടെ അമ്മയും സഹോദരിയും പൊലീസിൽ പരാതി നൽകി. തുടർന്ന് കല്ലറ പൊളിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. എങ്കിലും ഒരു മാസം കഴിഞ്ഞിട്ടും മരണക്കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന സംശയത്തിലാണ് ഷീലയുടെ ബന്ധുക്കൾ.

നാന്തിരിക്കൽ ഷീബാഭവനത്തിൽ ആൻഡ്രൂസിന്റെയും സ്റ്റാൻസിയുടെയും മകൾ ആണ് ഷീല. ഇവരുടെ അയൽവാസിയായ സിംസണുമായി ഷീല പ്രണയത്തിലാകുകയും ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തു. രണ്ട് കുട്ടികളായതിന് ശേഷമാണ് പള്ളിയിൽ വച്ച് ആചാരപ്രകാരമുള്ള മിന്നുകെട്ട് നടക്കുന്നതും അകന്ന ബന്ധുക്കളെല്ലാം തന്നെ അടുക്കാൻ തുടങ്ങിയതും. ഇറച്ചിവെട്ട് തൊഴിലാളിയായിരുന്ന സിംസണിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. പുതിയ വീട് വെച്ച് അങ്ങോട്ടേയ്ക്ക് മാറിയതിന് ശേഷം ഷീലയും സിംസണും തമ്മിൽ പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയെന്നും നിരന്തരം വീട്ടിൽ നിന്നും വഴക്കും ബഹളവും കേൾക്കാറുണ്ടായിരുന്നെന്ന് അയൽവാസികളും പറയുന്നു. പലപ്പോഴും അടികൊണ്ട് കരയുന്ന ഷീലയെ ആശ്വസിപ്പിച്ചിരുന്നത് അയൽക്കാരായിരുന്നു.

2019 ജൂലായ് 29നാണ് ഷീലയെ അവശ നിലയിൽ കണ്ടെത്തുന്നത്. അവശയായി വീടിന് പുറത്തേയ്ക്ക് എത്തിയ ഷീല ഛർദ്ദിക്കുകയും തുടർന്ന് അയൽവാസികളോട് സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിംസണിനൊപ്പമാണ് ആശുപത്രിയിലെത്തിയതെന്നാണ് വിവരം. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ഷീലയുടെ ജീവൻ രക്ഷിക്കാനിയില്ല.

you may also like this video;


ബന്ധുക്കളെത്തിയപ്പോൾ ഷീലയുടെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിൽ ആയിരുന്നു. നെഞ്ചുവേദനയാണെന്നാണ് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് രക്തം വന്നതെന്നും വിശ്വസിപ്പിക്കാൻ ശ്രമിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു എങ്കിലും പെട്ടെന്ന് തന്നെ നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുകയായിരുന്നു.

എന്നാൽ ഷീലയുടെ മരണ ശേഷം സിംസണിന്റെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികതയാണ് സിംസണിന്റെ നേർക്ക് വിരൽ ചൂണ്ടുന്നത്. തൊട്ടടുത്ത ദിനത്തിൽ സിംസൺ ബന്ധുവിന് ബന്ധുവിന് കമ്മൽ വാങ്ങി നൽകിയതും സംശയത്തിന്റെ ആക്കം കൂട്ടി. ഷീലയുടെ മാതാവ് സ്റ്റാൻസിയും അനിയത്തി ഷീനയും ഷീലയുംട മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്.

എന്നാൽ പരാതി നൽകിയതിന് ശേഷം ഷീനയുടെ കുടുംബത്തിന് നേർക്ക് പലതവണ ആക്രമണം നടന്നിരുന്നു. വീടിന്റെ ജനാലകൾ അടിച്ചുതകർക്കുകയും ഷീനയെയും വീട്ടിലുള്ളവരെയും മർദ്ദിക്കുകയും ചെയ്തിരുന്നു. കുണ്ടറ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ഷീന തന്റെ സംശയങ്ങൾ നിരത്തി പരാതി നൽകിയതോടെയാണ് കേസ് അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു . ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം.