പ്രകൃതിയുടെ നേര്‍വരയുമായി ശീതള്‍

Web Desk
Posted on May 27, 2019, 10:24 pm

ഷാജി ഇടപ്പള്ളി

കൊച്ചി : ശീതള്‍ ഷോബിയെന്ന കൊച്ചുചിത്രകാരിക്ക് പ്രകൃതിയോടുള്ള പ്രണയം വിരിയുന്നത് വരകളിലൂടെയാണ്. യാത്രകളില്‍ മനസ്സില്‍ പതിഞ്ഞുപോകുന്ന ദൃശ്യങ്ങളും മറക്കാനിഷ്ടപ്പെടാത്ത കാഴ്ചകളും നാടിന്റെ തനിമയും വിളിച്ചോതുന്ന ശീതള്‍ വരച്ച ജലഛായ ചിത്രങ്ങളുടെ പ്രദര്‍ശനം ‘അക്വാറല്‍’ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കുകയാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ചിത്രകലയിലും ഉപന്യാസ രചനയിലും സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുള്ള ഈ കൊച്ചുമിടുക്കി തൃപ്പൂണിത്തുറ എരൂര്‍ ഭവന്‍സ് വിദ്യാലയത്തില്‍ നിന്നും പത്തില്‍ എല്ലാവിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടി 97 ശതമാനം മാര്‍ക്കോടെ പഠനത്തിലും മികവ് തെളിയിച്ചിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെ ചിത്രരചനയോട് താല്പര്യം പുലര്‍ത്തിയിരുന്ന ശീതളിന്റെ കഴിവ് യുകെജി ക്ലാസ്സില്‍ അധ്യാപികയായിരുന്ന ശോഭന തിരിച്ചറിയുകയായിരുന്നു.ഈ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് സമീപവാസിയായ ചിത്രകലയില്‍ പരിചയമുള്ള സുജാതയുടെ കീഴില്‍ വരയ്ക്കാനുള്ള പരിശീലനം ആരംഭിച്ചു.

മകളുടെ അഭിരുചിക്കനുസരിച്ച് എല്ലാവിധ സഹായവും പിന്തുണയും രക്ഷിതാക്കള്‍ ഒരുക്കിയതോടെ ചെറുപ്രായത്തില്‍ തന്നെ അറിയപ്പെടുന്ന ചിത്രകാരിയായി കലാരംഗത്ത് ഇടംപിടിക്കാന്‍ ശീതളിന് സാധിച്ചു. സിബിഎസ്ഇ കലോത്സവങ്ങളിലും മറ്റ് ചിത്രരചനാ മത്സരങ്ങളിലും തുടര്‍ച്ചയായി ഏതാനും വര്‍ഷങ്ങളായി ഓയില്‍ പെയിന്റിങ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവയില്‍ ഇതുവരെ ശീതളാണ് ഒന്നാം സ്ഥാനക്കാരി. ഇതിനിടയില്‍ ഉപന്യാസ രചനയിലും സംസ്ഥാന തലത്തില്‍ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുമുണ്ട്.
എക്‌സിക്യൂട്ടീവ് ഇവന്റ് സംഘടിപ്പിക്കുന്ന കുടകളില്‍ മനോഹരമായി പെയിന്റ് ചെയ്യുന്ന’ ഫണ്‍ അബ്രല്ല ‘മത്സരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലും ശീതളാണ് ഒന്നാം സ്ഥാനം നേടിയത്. മണ്‍സൂണ്‍ കേരള എന്ന വിഷയത്തില്‍ കുടകളില്‍ ചിത്രം വരയ്ക്കുന്ന മത്സരത്തില്‍ വേറിട്ട രചനാശൈലിയാണ് ശീതള്‍ കാഴ്ചവച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂരില്‍ സംഘടിപ്പിച്ച വി പി സുരേഷ് സ്മാരക സംസ്ഥാന തല ചിത്രരചന മത്സരത്തിലും, അഖില കേരള ശങ്കേഴ്‌സ് ചിത്രരചന മത്സരത്തിലും ശിശു ദിനത്തിന്റെ ഭാഗമായി നടന്നിട്ടുള്ള വിവിധ മത്സരങ്ങളിലും സമ്മാനം നേടിയിരുന്നു.പിസിആര്‍എ ദേശീയ ചിത്ര രചന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചും ശീതള്‍ പങ്കെടുത്തിട്ടുണ്ട്.

നമ്മള്‍ കാണാന്‍ വീണ്ടും വീണ്ടും ഇഷ്ടപ്പെടുന്ന ദൃശ്യങ്ങള്‍ തന്നെയാണ് ശീതള്‍ വാട്ടര്‍ കളറില്‍ വരച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ പൂര്‍ത്തിയാക്കിയ 30 ചിത്രങ്ങളാണ് പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രമുഖ ജലച്ചായ ചിത്രകാരന്‍ സുനില്‍ ലിനസ്‌ഡെയുടെ കീഴില്‍ ശില്പശാലയിലും കൂടാതെ ചിത്രകലാ പഠനവും തുടരുന്നുണ്ട്. പ്രദര്‍ശനം 29 ന് സമാപിക്കും. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്മൃതിയില്‍ ഷോബി വാസുദേവന്റെയും സബിതയുടെയും ഏക മകളാണ് ശീതള്‍.