ഷീലാ ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്; ആഗ്രഹം പോലെ സിഎന്‍ജി ശ്മശാനത്തില്‍

Web Desk
Posted on July 21, 2019, 11:28 am

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡല്‍ഹിയിലെ നിസാമുദീനിലെ നിഗം ബോധ്ഘട്ടില്‍ നടക്കും. മൃതദേഹം ഇപ്പോള്‍ ദില്ലിയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുശേഷം ബോധ്ഘട്ടിലായിരിക്കും സംസ്കരിക്കുക.

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് പൊതുഗതാഗത രംഗം സിഎന്‍ജി (പ്രകൃതി വാതകം) യില്‍ അധിഷ്ഠിതമായ വാഹനങ്ങളിലേക്ക് മാറിയത് ഷീല ദീക്ഷിതി
മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. വാഹനങ്ങളില്‍ പ്രകൃതി വാതകം ഉപയോഗിച്ച് തുടങ്ങിയതിനോടൊപ്പം ശ്മാശനങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്നതിന് സിഎന്‍ജി ഉപയോഗിക്കാന്‍ അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 2012ല്‍ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ സിഎന്‍ജി മെഷീന്‍ സ്ഥാപിച്ചു.

പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ രീതിയായിരുന്നു ഇത്. അതേ സമയം ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരമ്പരാഗത രീതിയില്‍ നിന്ന് മാറാന്‍ ഭൂരിപക്ഷം ആളുകളും തയ്യാറായില്ല. താന്‍ മരിച്ചാല്‍ സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്നായിരുന്നു ഷീലാദീക്ഷിത് ആഗ്രഹിച്ചിരുന്നത്.

അപ്രകാരം തന്നെ നിഗംബോധ് ഘട്ടില്‍ ഷീലാ ദീക്ഷിതിന്റെ മൃതദേഹം ദഹിപ്പിക്കാനാണ് തീരുമാനം. മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതാണ് വിഷയം അറിയിച്ചത്. ശനിയാഴ്ച വൈകീട്ട് 3.55നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു ഷീലാ ദീക്ഷിതിന്റെ അന്ത്യം.