കവിതയുടെ ഇടയന്‍

Web Desk
Posted on November 03, 2019, 7:39 am

ജയന്‍ മഠത്തില്‍

”തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തലനരയ്ക്കാത്തതല്ലെന്റെ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്തതാണെന്റെ യൗവനം”
-ടി എസ് തിരുമുമ്പ്
ഒരിക്കല്‍ ബര്‍ണാഡ് ഷായോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു; ”താങ്കള്‍ക്ക് എത്ര വയസ്സായി?” ഷായുടെ മറുപടി, ”ഞാന്‍ അറുപതു വയസുള്ള ചെറുപ്പക്കാരനാണ്.” സദാ നവീകരിക്കുന്നൊരു മനസ് ഷായ്ക്കുണ്ടായിരുന്നു. അതുകൊണ്ട് യൗവനതീഷ്ണമായചിന്തയില്‍ തിളച്ചുമറിയുന്ന ആശയങ്ങളുടെ പെരുപ്പം ഷായുടെ എഴുത്തിലും വാക്കിലുമുണ്ടായത്. ചവറ കെ എസ് പിള്ളയെന്ന സാഹിത്യ കാരണവരെ ഓര്‍ക്കുമ്പോഴൊക്കെ ബര്‍ണാര്‍ഡ് ഷായുടെ വാക്കുകള്‍ ഉടുക്കുംകൊട്ടി മനസിലേക്ക് വരാറുണ്ട്. എണ്‍പതുവയസിന്റെ ചെറുപ്പമാണ് കെഎസിന്റെ പ്രത്യേകത. കുറച്ചു നാള്‍മുമ്പ് കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്റില്‍ ഒരു ബ്രീഫ്‌കേസും തൂക്കി നില്‍ക്കുന്ന കെഎസിനെ കണ്ടു. കൂടെ ഡോ. വള്ളീക്കാവ് മോഹന്‍ദാസുമുണ്ട്. രണ്ടാളും ഡല്‍ഹിയില്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ്‌ഫോറത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയാണ്. എണ്‍പതിന്റെ നിറവില്‍ എത്തിയ കെഎസ് സാഹിത്യജീവിതത്തിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. നാടും പ്രിയപ്പെട്ടവരും ഒത്തു കൂടുന്നു.

ക്ലാസ് മുറിയല്‍ പൂത്ത കാവ്യമുല്ല
ഗ്രാമവിശുദ്ധിയുടെ രണ്ട് അക്ഷരമാണ് കെഎസ്. കഥകളിയിലെ പച്ചയും കത്തിയും വേഷങ്ങള്‍കൊണ്ട് ജീവിതവൈരുദ്ധ്യങ്ങളെ കെഎസ് എന്ന ചവറ കെ എസ് പിള്ള കവിതയില്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയിട്ട് ആറര പതിറ്റാണ്ട്. കവിതാപാരമ്പര്യം അവകാശപ്പെടാനില്ല. കുട്ടിക്കാലത്ത് അമ്മ ചൊല്ലിക്കേട്ട സന്ധ്യാനാമങ്ങളിലെയും സൂര്യകീര്‍ത്തനങ്ങളിലെയും രാമായണത്തിലെയും വരികളാണ് ആദ്യം കാതില്‍ പതിഞ്ഞത്. കെഎസിന്റെ ഉള്ളില്‍ കവിതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ കാവ്യമുല്ലയ്ക്ക് പൂക്കാതിരിക്കാനായില്ല. ചവറ കൊറ്റന്‍കുളങ്ങര യുപിഎസില്‍ പഠിക്കുന്ന സമയത്ത് കെഎസിന്റെ ഉള്ളിലെ കവിയെ തിരിച്ചറിഞ്ഞത് സഹപാഠി ശിവാനന്ദന്‍. പാട്ടുകാരനായ ശിവാനന്ദന്‍ കെഎസ് എഴുതിയ കവിതകള്‍ വെള്ളിയാഴ്ചകളിലെ ക്ലാസ് മീറ്റിംഗുകളില്‍ പാടും. എഴുതിയത് താനാണെന്ന് പറയരുതെന്ന ഉറപ്പിന്‍മേലാണ് കവിത ശിവാനന്ദന് പാടാന്‍ കൊടുത്തത്. എന്നാല്‍ കവിത ചൊല്ലിയിട്ട് ഒടുവില്‍ കെഎസ് ആണ് ഇത് എഴുതിയത് എന്ന് പറഞ്ഞപ്പോള്‍ ക്ലാസ് ടീച്ചര്‍ വാസുദേവന്‍ സാര്‍ കടലാസ് വായിച്ചുനോക്കിയിട്ട് നല്ല അഭിപ്രായം പറഞ്ഞു. കെഎസിന് കിട്ടിയ ആദ്യ അംഗീകാരം സ്വന്തം ക്ലാസില്‍ നിന്ന്. ഇത് തുടര്‍ന്ന് എഴുതാന്‍ പ്രേരണയായി. എന്നാല്‍ തന്നെ കവിയാക്കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് കെഎസിന്റെ സത്യവാങ്മൂലം.

പുതിയൊരു പോരിന് വരൂ സഖാവേ…
ചവറയിലെ കരിമണല്‍ കമ്പനിയിലെ തൊഴിലാളി സമരങ്ങള്‍. വെടിവയ്പ്. പട്ടംതാണുപിള്ളയുടെ ഏകാധിപത്യഭരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച. അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വിപ്ലവ ഗാനങ്ങളുടെ ചടുലത. കുട്ടിയായ കെഎസില്‍ ആവേശക്കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഇനി കവി പറയും: ”നല്ല നാളെയുടെ വരവേല്‍പ്പിന് തുയിലുണര്‍ത്തു പാടിയവരുടെ നീണ്ട നിരയുടെ ഇങ്ങേതലയ്ക്കല്‍ നിന്നാണ് ഞാന്‍ പാടിതുടങ്ങിയത്. പട്ടിണിയും ദുരിതവും തീ തീറ്റുന്ന കാലം. സ്വാതന്ത്ര്യ നിഷേധങ്ങള്‍. ജന്മിത്തത്തിന്റെ തമ്പേറടികള്‍. ഇരുട്ടിന്റെ പടയേറ്റം. വെളിച്ചത്തിനുവേണ്ടിയുള്ള അന്തര്‍ ദാഹം. പ്രതിഷേധത്തിന്റെ പ്രചണ്ഡവാതം. സമരാവേശത്തിന്റെ ആളിക്കത്തലുകള്‍. വിപ്‌ളവബോധത്തിന്റെ ഉള്‍ത്തുടിപ്പുകള്‍. ഞാനും പാടിപ്പോയി‌;
”പുതിയൊരു പോരിന് വരൂ സഖാവേ,
ആ രണ കാഹളമുയര്‍ന്നു നീളേ
കാണുന്ന ഹാ, രണവീഥികളില്‍
കാഹളമോതും പടവാളണികള്‍”
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചോ, മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങള്‍ പഠിച്ചോ അല്ല താന്‍ കമ്മ്യൂണിസ്റ്റായതെന്ന് കെഎസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 50കളിലെ സംസ്ഥാന സമ്മേളനം കൊല്ലം പീരങ്കി മൈതാനിയില്‍ നടക്കുകയാണ്. അജയഘോഷ് പങ്കെടുക്കുന്ന വലിയ സമ്മേളനമാണ്. കെപിഎസിയുടെ ഗാനമേളയൊക്കെയുണ്ട്. ഇതൊക്കെ കാണാനുള്ള ആഗ്രഹമായിരുന്നു കെഎസിന്. ഒഎന്‍വി കുറുപ്പിന്റെ ശുപാര്‍ശയോടെ കേശവന്‍പോറ്റി സാര്‍ ചവറയില്‍ നിന്ന് കെപിഎസിയുടെ വാഹനത്തില്‍ കെഎസിനെ കയറ്റിവിട്ടു. കെഎസിന് അന്ന് വയസ് 16. സമ്മേളനത്തില്‍ പങ്കെടുത്തത് കെഎസിന് പുതിയൊരു അനുഭവമായി.
”സമ്മേളനത്തിനൊടുവില്‍ കോട്ടാത്തല സുരേന്ദ്രന്റെ ജീവിതത്തെ അടിസ്ഥാനമാക്കി കലാമണ്ഡലം ഗംഗാധരന്‍ അവതരിപ്പിച്ച ‘അവന്‍ മരിച്ചില്ല’ എന്ന നൃത്തശില്‍പം ഉണ്ടായിരുന്നു. ഒരു ശില്‍പിയെ കേന്ദ്രീകരിച്ചുള്ള ആ നൃത്തശില്‍പം കണ്ട ഒരു മനസും ഇളകാതിരിക്കില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്നതും പഠിക്കുന്നതും പിന്നീടാണ്” കെഎസ് പറഞ്ഞു നിറുത്തി.

വഴികാട്ടിയായി ഒഎന്‍വി
ശങ്കരമംഗലം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കെഎസ് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്. ചവറയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്ര സജീവമല്ല. എന്നാല്‍ പാര്‍ട്ടിയുടെ മോസ്‌കോ എന്നറിയപ്പെടുന്ന തട്ടാശേരിയില്‍ പാര്‍ട്ടി ശക്തമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ജനാധിപത്യ കലാസമിതി തട്ടാശേരി കേന്ദ്രീകരിച്ചുണ്ടായിരുന്നു. നാടകം, വില്‍പ്പാട്ട്, ഗാനമേള എന്നിവയായിരുന്നു കലാസമിതി പ്രധാനമായും അവതരിപ്പിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ കെഎസ് കലാസമിതിയില്‍ അംഗമായി. അതായിരുന്നു സാംസ്‌കാരിക രംഗത്തെ ആദ്യ ചുവടുവെയ്പ്.
എന്നാല്‍ കവിതയിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും തന്റെ ഗുരുവും വഴികാട്ടിയും ഒഎന്‍വി കുറുപ്പാണെന്ന് കെഎസിന്റെ സാക്ഷ്യം. തന്റെ നാട്ടുകാരനായ ഈ തലയെടുപ്പുള്ള കവിയെ കെഎസ് ബാല്യകാലത്തിലെ കണ്ടിട്ടുണ്ട്. യുപി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് താനെഴുതിയ കവിത വായിച്ച പലരും ഒഎന്‍വി കുറുപ്പിനെ കവിത കാണിക്കൂ എന്ന് ഉപദേശിച്ചത്. തുടര്‍ന്ന് എഴുതിയ കവിതകള്‍ നോട്ടുബുക്കില്‍ പകര്‍ത്തി സഹപാഠി ശിവാനന്ദനെയും കൂട്ടി ഒഎന്‍വിയെ കാണാന്‍ വീട്ടിലേക്ക് പോയി. താല്പര്യപൂര്‍വം കവി നോട്ടുബുക്ക് വാങ്ങി നോക്കിയിട്ട് ‘ഞാനിത് എഴുതി കൊടുത്തേക്കാം’ എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ഒഎന്‍വിയുടെ വീട്ടില്‍ ചെന്നു. സഹോദരി ശാന്തയുടെ കൈയില്‍ കവി അവതാരിക എഴുതിക്കൊടുത്തിരുന്നു, ‘ചോരപ്പൂക്കള്‍’ എന്ന പേരോടെ. ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് കൈകോര്‍ത്ത് നില്‍ക്കുന്ന ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു അത്. അദ്ധ്യാപകര്‍ പണം പിരിച്ച് കൊല്ലം യുവകേരള പ്രസില്‍ പുസ്തകം അച്ചടിച്ച് സ്‌കൂളില്‍ വിതരണം ചെയ്തു. അങ്ങനെ കെഎസിന്റെ ആദ്യപുസ്തകം പിറവിയെടുത്തു.
ഒഎന്‍വിയും പുത്തന്‍തുറയിലെ ദേശോദ്ധാരണ വായനശാലയും ചവറ കോട്ടയ്ക്കല്‍ വായനശാലയുമാണ് വായനയുടെ വിശാലമായ ലോകം കെഎസിന് നല്‍കിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനം കെഎസിന് പ്രാണവായുവായിരുന്നു. ശങ്കരമംഗലം ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ‘ഒരണസമരം’ നടക്കുന്ന കാലം. കേരളത്തിലെമ്പാടും സമരം ശക്തമായി. കെഎസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ശങ്കരമംഗലം ഹൈസ്‌കൂളില്‍ സമരത്തെ പ്രതിരോധിച്ചു. ബേബിജോണിന്റെ പ്രതാപകാലത്താണ് അവരുടെ ശക്തമായ എതിര്‍പ്പുകളെ നേരിട്ടുകൊണ്ട് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ കെഎസ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുകൊണ്ടുപോയത്.

‘മാമ്പഴ’ത്തിന്റെ ആതിഥ്യമുണ്ട കെഎസ്
‘മാമ്പഴ’ത്തിന്റെ ആതിഥ്യമുണ്ട ഓര്‍മ്മ ഒളിമങ്ങാതെ കെഎസിന്റെ ഉള്ളിലിന്നുമുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെയാണ് രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പാലാ നാരയണന്‍നായരുടെ അവതാരികയോടുകൂടിയ പുസ്തകവുമായാണ് കെഎസ് വൈലോപ്പള്ളി മാഷെ കാണാന്‍ ഇരിങ്ങാലക്കുടയിലേക്ക് വണ്ടികയറിയത്. നിറ പുഞ്ചിരിയോടെ മാഷ് സ്വീകരിച്ചു. പാലാ സാറിന്റ കുറിപ്പ് കണ്ടപ്പോള്‍ വൈലോപ്പള്ളി മാഷിന് സന്തോഷം. ഇടയ്ക്കിടയ്ക്ക് മാഷ് അകത്തേക്ക് പോകുന്നുണ്ട്. ആരോടോ വാര്‍ത്തമാനം പറയുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ ചായയും മാമ്പഴവുമായി മാഷ് വന്നു. ഒഴിഞ്ഞ ഗ്ലാസ് അകത്ത് വച്ചിട്ട് തിരികെ വന്നത് ഒരു വെളുത്ത പൂച്ചക്കുട്ടിയുമായി. ഈ പൂച്ചക്കുട്ടിയോടാണ് മാഷ് വര്‍ത്തമാനം പറഞ്ഞത്. മാനവീയ സ്‌നേഹത്തിന്റെ ഉദാത്തത താന്‍ തൊട്ടറിഞ്ഞതായി കെഎസ്.

സാഹിത്യസമിതി ക്യാമ്പ്
കേരള സാഹിത്യസമിതിയുടെ ക്യാമ്പിലാണ് ആദ്യമായി കെഎസ് കവിത അവതരിപ്പിക്കുന്നത്. എന്‍വി കൃഷ്ണവാര്യരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ഷൊര്‍ണൂര്‍ എച്ച്എസില്‍ നടന്ന ക്യാമ്പില്‍ ജി ശങ്കരക്കുറുപ്പ്, ഒഎന്‍വി, പി ഭാസ്‌ക്കരന്‍, വയലാര്‍, പി കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. പിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അവിടെവച്ചാണ്. ഒരിക്കല്‍ പി കുഞ്ഞിരാമന്‍നായര്‍ കെഎസിനോട് പറഞ്ഞു. ”അനിയാ ചിലപ്പോള്‍ ചില ആള്‍ക്കാര് നമ്മളെയങ്ങ് പൊക്കും. പക്ഷേ ചില ആള്‍ക്കാര് നമ്മളെയങ്ങ് പൊക്കും. പക്ഷേ അതിനേക്കാള്‍ വേഗത്തില്‍ പിടിച്ച് താഴേക്കിടും.” അതൊരു വലിയ പാഠമായി കെഎസ് മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. പി നല്‍കിയ ഈ ജീവിതപാഠം ഒരു കവിതയില്‍ കെഎസ് അടയാളപ്പെടുത്തുന്നുണ്ട്.
‘പൊക്കല്ലേ നിങ്ങളെന്നെ
പൊക്കിയാല്‍ പിന്നെയെന്നെ
പൊത്തോന്ന് താഴേക്കിടും
ഒട്ടുമേ സംശയം വേണ്ട’

കമ്യൂണിസം നല്‍കിയ കരുത്ത്
ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ചപ്പോഴും വെറുതെ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കെഎസിനാകുമായിരുന്നില്ല. അക്ഷരങ്ങളുടെ ലോകത്തിലേക്ക് കൂടുതല്‍ ശക്തിയോടെ കടന്നുപോകാനുള്ള ഉള്‍പ്രേരണ ഉണ്ടായിരുന്നു. സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, കവിയരങ്ങുകള്‍, മാധ്യമപ്രവര്‍ത്തനം.… കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ കെഎസിന് ചങ്ങാതിമാര്‍. എണ്‍പതാം വയസിലും ഇത്ര സജീവമായി നിലനില്‍ക്കാന്‍ കഴിയുന്നതിന്റെ രഹസ്യമെന്തെന്ന ചോദ്യത്തിന് കെഎസിന്റെ പ്രതികരണം ഇങ്ങനെ. ‘ഈ സാഹാഹ്നത്തിലും ഒരു മധ്യാഹ്നത്തിന്റെ ചൂട് നമ്മളിലുണ്ട്. അത് കമ്മ്യൂണിസം തന്ന കരുത്താണ്. ഗ്രന്ഥശാലാ പ്രസ്ഥാനം തന്ന ഊര്‍ജ്ജമാണ്. പണ്ട് വിശ്വസാഹിതി ഗ്രന്ഥശാലയില്‍ നിന്ന് വീടുകള്‍ തോറും പുസ്തകം കൊണ്ട് കൊടുക്കുന്ന ജോലിയുണ്ടായിരുന്നു. യാത്ര എനിക്കിഷ്ടമാണ്. പ്രായത്തിന്റെയല്ലാതെ ബന്ധിപ്പിക്കുന്ന മറ്റെന്തോ ഒരു കണ്ണിയുണ്ട്. സാമൂഹ്യബന്ധമാണ് ഈ ശക്തി തരുന്നത്. പാര്‍ട്ടി അന്നും ഇന്നും എനിക്കൊരു ശക്തിയാണ്’. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും തനിക്ക് പ്രചോദനമാണ് എന്നുപറയുന്ന കെഎസ് മനുഷ്യനെ പറ്റി ചിന്തിക്കാനും എഴുതാനും ഈ ആശയം നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

കവിതയില്‍ കവിതയുണ്ടാകണം
ചവറ കെഎസ് പിള്ള കവി മാത്രമല്ല, നാടകകൃത്തും ബാലസാഹിത്യകാരനുമൊക്കെയാണ്. തന്നെ ബാലസാഹിത്യകാരനാക്കിയത് ജനയുഗത്തിന്റെ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലയുഗവും ആര്‍ട്ടിസ്റ്റ് ഗോപാലനുമാണെന്ന് കെഎസ് സ്മരിക്കുന്നു. ഗോപാലനും കാര്‍ട്ടൂണിസ്റ്റ് യേശുദാസനും സിആര്‍ രാമചന്ദ്രന്റെ ഭാര്യ തങ്കമ്മയും കെഎസിനെക്കൊണ്ട് ബാലയുഗത്തിനുവേണ്ടി എഴുതിക്കുമായിരുന്നു. അങ്ങനെയാണ് ‘പച്ചപനംതത്ത’ എന്ന ആദ്യ ബാലസാഹിത്യകൃതി പ്രസിദ്ധീകരിക്കുന്നത്. ‘ഗ്രാമീണവിശുദ്ധിയുള്ള കവിത’ എന്നാണ് ഒഎന്‍വി കെഎസിന്റെ കവിതയെ വിശേഷിപ്പിച്ചത്. കവിയുടെ സാമൂഹ്യപ്രതിബദ്ധത അടിവരയിടുന്നതാണ് കെഎസിന്റെ ഓരോ കവിതയും. കവിതയിലെ പരീക്ഷണങ്ങളോട് കെഎസിന് വിയോജിപ്പില്ല. കവിതയില്‍ കവിതയുണ്ടാകണം എന്നുമാത്രം.
‘വേഷപ്പകര്‍ച്ചകള്‍ എന്തായി മാറ്റിലും
വേഷത്തിനുള്ളിലെന്നുണ്ണിയുണ്ടാവണം’
എന്ന് കുറിച്ച് കവിതയിലെ തന്റെ പക്ഷം ഉറപ്പിക്കുകയാണ് കെഎസ്.

കണ്ണും കാതും തുറക്കുന്ന കവിത
കണ്ണും കാതും തുറക്കുന്ന കവിതയാണ് ചവറ കെ എസ് പിള്ളയുടേത്. കവിതയെഴുത്ത് ഒരു സാംസ്‌കാരികപ്രവര്‍ത്തനമാണെന്ന് കെഎസ് വിശ്വസിക്കുന്നു. നമുക്കു ചുറ്റുമുള്ള സാംസ്‌കാരിക ജീര്‍ണതയെ പ്രതിരോധിക്കാനുള്ള ഒരു ആയുധംമായിട്ടാണ് കെഎസ് കവിതയെ കാണുന്നത്. ആറരപതിറ്റാണ്ട് കാലത്തെ സാഹിത്യജീവിതത്തില്‍ 30 പുസ്തകങ്ങള്‍. അബുദാബി ശക്തി അവാര്‍ഡ്, മണലില്‍ ജി പുരസ്‌കാരം, മഹാകവി പാലാ പുരസ്‌കാരം, പി ആര്‍ കര്‍മചന്ദ്രന്‍ അവാര്‍ഡ്, കലാദീപം പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് വൈസ് പ്രസിഡന്റ്, പ്രഫ. ഗംഗപ്രസാദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, നൂറനാട് ഹനീഫ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, കൊല്ലം പബ്‌ളിക് ലൈബ്രറി ഭരണസമിതി അംഗം, പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ഫോറം സംസ്ഥാന നിര്‍വാഹകസമിതി അംഗം, ആശ്രയ മാതൃനാടിന്റെ പത്രാധിപര്‍… കെഎസ് തിരക്കിലാണ്. ഈ തിരക്കാണ് കെഎസിന്റെ യുവത്വത്തിന്റെ രഹസ്യം.

”ഈ യാത്ര എങ്ങോട്ടാണ്?
വിശപ്പിന്റെ പല്ലും നാവും
ഞങ്ങളെത്തന്നെ തിന്നുന്നു
ദാഹത്തിന്റെ തീക്കാറ്റ്
ഞങ്ങളിലഗ്നിയായെരിയുന്നു”
(ഇടയനെവിടെ? — ചവറ കെ എസ് പിള്ള)