ഷെറിന്‍ മാത്യൂസ് കൊലപാതകം: വെസ്‌ലി മാത്യൂസിന് ജീവപര്യന്തം

Web Desk
Posted on June 27, 2019, 10:15 am

ഹൂസ്റ്റണ്‍: ടെക്‌സാസില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്. ബുധനാഴ്ച ഡാളസിലെ കോടതിയാണ് വെസ്‌ലി മാത്യൂസിനെ (39) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തിങ്കളാഴ്ച വെസ്‌ലി മാത്യൂസ് കോടതിയില്‍ കുട്ടിയെ പരിക്കേല്‍പ്പിച്ചതായി കുറ്റം സമ്മതം നടത്തിയിരുന്നു.

കൊലപാതക കേസില്‍ ലഭിക്കുമായിരുന്ന വധ ശിക്ഷ ജീവപര്യന്തമാക്കുന്നതിന് വേണ്ടിയാണ് വെസ്ലി പരിക്കേല്‍പ്പിച്ചതായി കുറ്റസമ്മതം നടത്തിയത്.

2017 ഒക്ടോബര്‍ ഏഴിന് ഡാലസിലെ വീട്ടില്‍നിന്ന് ഷെറിനെ കാണാതായി കാണിച്ച് വെസ്‌ലി പോലീസില്‍ പരാതിനല്‍കിയിരുന്നു. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനുപുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനുശേഷം അവളെ കാണാതാവുകയായിരുന്നെന്നുമാണ് വെസ്‌ലി യുടെ മൊഴി. എന്നാല്‍ രണ്ടാഴ്ചയ്ക്കുശേഷം ഡാലസിലെ കലുങ്കിനടിയിലെ ചവറുകൂനയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വളര്‍ത്ത് പിതാവ് വെസ്ലിയ്ക്കും മാതാവ് സിനി മാത്യൂസിലും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്.

15 മാസത്തെ ജയില്‍ വാസത്തിന് ശേഷം സിനിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടിരുന്നു. മലയാളികളായ വെസ്ലി- സിനി ദമ്പതികള്‍ക്ക് ഷെറിനെ കൂടാതെ മറ്റൊരു കുട്ടിയുമുണ്ട്.