നിർമ്മാതാക്കൾക്ക് മനോവിഷമം അല്ല മനോരോഗമെന്ന് ഷെയിൻ നിഗം

Web Desk
Posted on December 09, 2019, 2:58 pm

തിരുവനന്തപുരം: നിർമ്മാതാക്കളുമായുള്ള തർക്കത്തിന്റെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് നടൻ ഷെയിൻ നിഗം. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോഴാണ് മാധ്യമങ്ങളോട് ഷെയിൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഷെയിൻറെ പ്രതിഷേധങ്ങൾ നിർമാതാക്കൾക്ക് മനോവിഷമം ഉണ്ടാക്കിയില്ല എന്ന ചോദ്യത്തോടാണ് അവർക്ക് മനോവിഷമം അല്ല മനോരോഗമാണെന്ന് ഷെയിൻ തുറന്നടിച്ചത്.

അമ്മ‑ഫെഫ്ക ബാരവാഹികൾ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തും. അമ്മ സംഘടന തന്നെ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും ഷെയ്ൻ വ്യക്തമാക്കി. നിർമാതാക്കൾ ശ്രമിക്കുന്നത് ഏകപക്ഷീയമായ ഒത്തു തീർപ്പിനാണെന്നും അത് നടക്കില്ലെന്നും ഷെയ്ൻ അഭിപ്രായപ്പെട്ടു. അജ്മീറിൽ നിന്നും തിരിച്ചെത്തിയ ഉടനെ താരം അമ്മ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

ഷെയ്‌നിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്നാണ്  അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. വിഷയം സംഘടനയുടെ എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്യണമെന്ന ചില അംഗങ്ങളുടെ നിലപാടും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. അടുത്ത ദിവസം  അമ്മ  എക്സിക്യുട്ടീവ് യോഗം ചേർന്ന് അതിലേക്ക് ഷെയ്‌നിനെ വിളിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഷെയ്ൻ ചില ഉറപ്പുകൾ നൽകണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ സംഘടന ഇടപെട്ട ശേഷം പിന്നെയും പ്രശ്നമുണ്ടായാൽ അത്‌ സമൂഹമധ്യത്തിൽ മോശം ധാരണ സൃഷ്ടിക്കുമെന്ന് എക്സിക്യുട്ടീവ് അംഗങ്ങളിൽ ചിലർ കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ, ഷെയ്‌നിൽനിന്ന് കൃത്യമായ ഉറപ്പ് കിട്ടിയാൽ മാത്രമേ ചർച്ചയ്ക്കു പോകേണ്ടതുള്ളൂവെന്നാണ് ഇവരുടെ നിലപാട്.