Saturday
14 Dec 2019

ഷീലാ ദീക്ഷിത് അന്തരിച്ചു

By: Web Desk | Saturday 20 July 2019 4:17 PM IST


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. അഞ്ച് മാസം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. പഞ്ചാബുകാരിയായ ഷീലയെ കോണ്‍ഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദ് ദീക്ഷിത് ആണു വിവാഹം കഴിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചത്. മകന്‍ മുന്‍ എംപി സന്ദീപ് ദീക്ഷിത്, മകള്‍ ലതിക സെയ്ദ്.

രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അവരെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയാക്കി. 1991ല്‍ രാജീവ് വധിക്കപ്പെട്ടശേഷം കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ പി വി നരസിംഹറാവുവിനെ വെല്ലുവിളിച്ചു സോണിയ ഗാന്ധിക്കൊപ്പം നിന്നവരില്‍ പ്രധാനിയാണ് അവര്‍. 1998ല്‍ സോണിയ കോണ്‍ഗ്രസിന്റെ ചുമതലയേറ്റശേഷം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏല്‍പിച്ചു. അന്നു പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന അവര്‍ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായത്. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു അവര്‍.

2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന അഴിമതിക്കേസുകള്‍ ഷീല ദീക്ഷിതിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജരിവാളിനെതിരെ പരാജയപ്പെട്ടാണ് അവര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
ഷീല ദീക്ഷിതിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ഷീല ദീക്ഷിതിന്റെ നിര്യാണത്തില്‍ സിപിഐ ഡല്‍ഹി സംസ്ഥാന കൗണ്‍സില്‍ അനുശോചിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹിയിലെ സാധാരണ ജനവിഭാഗങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ അധികാരം വിനിയോഗിക്കാന്‍ ശ്രമിച്ച നേതാവായിരുന്നു അവരെന്ന് സംസ്ഥാന സെക്രട്ടറി പ്രൊഫ. ദിനേഷ് വര്‍ഷണി അനുസ്മരിച്ചു.