ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി ‘കവചം’ എന്ന മുന്നറിയിപ്പ് സംവിധാനമൊരുക്കി കേരളം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 91 സൈറണുകൾ പ്രവർത്തിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ‘കവചം’ ഉദ്‌ഘാടനം ചെയ്‌തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ദൂഷ്യവശങ്ങൾ അനുഭവിക്കുന്ന നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തോതും ദുരന്തങ്ങളുടെ ആഘാതവും കുറയ്ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ അതോറിട്ടി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനമാണ് കവചം. കേരള വാണിങ്, ക്രൈസിസ് ആന്റ് ഹസാർഡ് മാനേജ്മെന്റ് സിസ്റ്റം (KAVACHAM) എന്നതാണ് പൂർണ രൂപം. ദുരന്തനിവാരണത്തിന്റെ ദേശീയ നോഡൽ സ്ഥാപനങ്ങളായ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ്, കേന്ദ്ര ജലകമ്മിഷൻ എന്നിവ ലഭ്യമാക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ സംസ്ഥാനത്ത് എല്ലായിടത്തേക്കും എത്തിക്കുന്നതിനാണ് കവചം ഒരുക്കിയിട്ടുള്ളത്.
126 സൈറൺ‑സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ‍്‍വേർ, ഡാറ്റാ സെന്റർ എന്നിവ കവചത്തിന്റെ ഭാഗമാണ്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽനിന്ന് ലഭിക്കുമ്പോൾ വേഗത്തിൽ പൊതുജനങ്ങളിലേക്കെത്തിക്കാൻ കഴിയും.
റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനായി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അംഗമായ മന്ത്രി പി പ്രസാദ്, അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.