Web Desk

കോഴിക്കോട്

December 20, 2020, 8:55 am

ഷിഗെല്ല; അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്: രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കവിഞ്ഞു

Janayugom Online

കോവിഡ് മഹാമാരിക്ക് പിന്നാലെ സംസ്ഥാനത്ത് ഭീതി പടർത്തി ഷിഗെല്ല രോഗം. രോഗം പടരാതിരിക്കാൻ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. പ്രദേശത്തെ 120 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി.

അതെ സമയം കോഴിക്കോട് ജില്ലയിൽ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കവിഞ്ഞു. കടലുണ്ടി, ഫറോക്ക്, പെരുവയൽ, വാഴൂർ പ്രദേശങ്ങളിലും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടർച്ചയായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ. ശനിയാഴ്ച കോട്ടാംപറമ്പിൽ പ്രത്യേക മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

മനുഷ്യ വിസർജ്ജ്യത്തിൽ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കൂടി വെള്ളത്തിൽ കലരുന്നത്. അതുകൊണ്ട് തന്നെ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. മുതിർന്നവരേക്കാൾ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെ വളരെ വേഗം ഷിഗെല്ല പടരും. ഛർദ്ദി, പനി, വയറിളക്കം, വിസർജ്ജ്യത്തിൽ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

you may also like this video