Saturday
19 Oct 2019

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

By: Web Desk | Wednesday 19 June 2019 6:14 PM IST


ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്ത്. ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശിഖര്‍ ധവാന്‍ പുറത്തായത്. വിരലിന് പൊട്ടലേറ്റതോടെ താരത്തിന് വിശ്രമം നല്‍കിയ ടീം മാനേജ്മെന്‍റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താമെന്ന തീരുമാനത്തിലായിരുന്നു.

ഇംഗ്ലണ്ടിലുള്ള ഋഷഭ് പന്ത് പകരക്കാരനായി ടീമിലെത്തും. ഇക്കാര്യങ്ങള്‍ ടീം മാനേജ്‌മെന്റ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാന്‍ സെഞ്ചുറിയും നേടി. എന്നാല്‍, ശിഖര്‍ ധവാന്‍ പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.

ലോകകപ്പ് പുരോഗമിക്കുമ്പോള്‍ സെമിയില്‍ എങ്കിലും ധവാന് കളിക്കാനാകുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിക്ക് ലോകകപ്പിന് മുമ്പ് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് ധവാന് പൂര്‍ണവിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

Related News