തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്തി ക്വാറന്റൈൻ വളണ്ടിയറായി ഷൈൻകുമാർ

കെ കെ ജയേഷ്

കോഴിക്കോട്

Posted on June 10, 2020, 10:09 am

കോവിഡ് ഭീതിയിൽ കഴിയുന്ന സ്വന്തം നാട്ടിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷൈൻ കുമാർ കെ എസിന് എട്ടുദിവസം മുമ്പ് ഒരു വിളി വന്നത്. കോഴിക്കോട്ടെ ക്വാറന്റൈൻ കേന്ദ്രത്തിൽ വളണ്ടിയറായി പ്രവർത്തിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് കോഴിക്കോട്ട് കലക്ട്രേറ്റിൽ നിന്നായിരുന്നു ആ ഫോണെത്തിയത്. സന്നദ്ധപ്രവർത്തനത്തിന് വളണ്ടിയറായി രജിസ്ട്രർ ചെയ്ത ഷൈൻ കുമാർ മറ്റൊന്നും ആലോചിച്ചില്ല. താൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് രാവിലെ തന്നെ എത്താനായിരുന്നു നിർദ്ദേശം. കൃത്യസമയത്ത് എത്താമെന്ന് പറഞ്ഞെങ്കിലും എങ്ങിനെ എത്തുമെന്നത് വലിയൊരു ചോദ്യമായി. ട്രെയിനും മറ്റ് സംവിധാനങ്ങളുമില്ല, പിന്നെ മറ്റൊന്നും ആലോചിച്ചില്ല തന്റെ ബുള്ളറ്റിൽ ഷൈൻ കുമാർ നേരെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

ഇപ്പോൾ കോഴിക്കോട് പാളയത്തെ ഹോട്ടൽ കോമളിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ വളണ്ടിയറാണ് ഷൈൻ കുമാർ. മൂന്നു വളണ്ടിയർമാരാണ് ഇവിടെയുള്ളത്. ഇത്രയും ദൂരം താണ്ടിയെത്തി സേവനം ചെയ്യുന്നത് ഷൈൻ മാത്രമായിരിക്കും. ഭാര്യ ജോലിക്കു പോയതിനാൽ പറയാൻ പോലും പറ്റാതെയാണ് കോഴിക്കോട്ടേക്ക് വന്നതെന്ന് ഷൈൻ കുമാർ ജനയുഗത്തോട് പറഞ്ഞു. മക്കളെ സഹോദരിയും ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ സിപിഐ മെമ്പറുമായ മനിലാ ശിവന്റെ വീട്ടിലാക്കി. വഴിയിൽവച്ചാണ് ഭാര്യയോട് കാര്യം വിളിച്ചു പറഞ്ഞത്. കോഴിക്കോട്ടെത്തി കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ എസ് ഗോപകുമാറിനെ കണ്ടു. തിരുവനന്തപുരത്ത് നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു.

ഇത്ര ദൂരെയാണ് എന്നറിഞ്ഞിരുന്നെങ്കിൽ വിളിക്കില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താത്പര്യമുണ്ടായതുകൊണ്ടാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചുകൊണ്ടാണ് തന്നെ സ്വീകരിച്ചതെന്നും ഷൈൻ കുമാർ പറയുന്നു. രണ്ട് വർഷം മുമ്പാണ് ഷൈൻ പട്ടാളത്തിൽ നിന്ന് പിരിഞ്ഞത്. തുടർന്ന് കുറച്ചുകാലം ഡൽഹിയിൽ ഡി എൽ എഫ് സൈബർ സിറ്റിയിൽ സെക്യൂരിറ്റി ഓഫീസറായും മർച്ചന്റ് നേവിയിൽ മറൈൻ സെക്യൂരിറ്റി ഓഫീസറായും എംജിഎം സ്കൂളിൽ കായിക അധ്യാപകനായും ജോലി ചെയ്തു.

ഡൽഹി പൊലീസിൽ എസ് ഐ സെലക്ഷൻ കിട്ടിയിട്ടുള്ള ഷൈൻ കുമാർ സിപിഐ എലിയാവൂർ ബ്രാഞ്ച് അംഗവും എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റിയംഗവുമാണ്. ആദ്യ പ്രളയസമയത്ത് ചെങ്ങന്നൂരിൽ വളണ്ടിയറായും ഷൈൻ ഉണ്ടായിരുന്നു. പട്ടാളത്തിൽ നിന്ന് പിരിഞ്ഞവരുടെ കൂട്ടായ്മയിൽ അംഗമായ ഷൈൻ ഉൾപ്പെടെ 32 പേരാണ് അന്ന് സേവനത്തിനായി ചെങ്ങന്നൂരിൽ എത്തിയത്. പരേതനായ ശിവേശ്വരനാണ് പിതാവ്. മാതാവ്: ഉഷാ കുമാരി. കെൽട്രോണിൽ ജോലി ചെയ്യുന്ന ഭാര്യ മഞ്ജു വി മാധവനും സിപിഐ പ്രവർത്തകയാണ്. അർജുൻ, അമൻ എന്നിവരാണ് മക്കൾ.

Eng­lish sum­ma­ry: Shineku­mar as a Quar­an­tine Vol­un­teer

You may also like this video: