ലോക്ഡൗണിനെ തുടർന്നുണ്ടായ സഞ്ചാര വിലക്കിൽപ്പെട്ട് ഉലയുകയാണ് കപ്പൽ ജീവനക്കാർ. ഇന്ത്യയിലെയും വിദേശത്തെയും കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ്. കണക്ക് പ്രകാരം സംസ്ഥാനത്തെ 40,000 ത്തോളം പേർ കപ്പൽ ജീവനക്കാരയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും നിലവിൽ ആശങ്കയിലും ഭീതിയിലുമാണുള്ളത്.
പ്രത്യേകിച്ച് വിദേശത്തെ കപ്പലുകളിൽ ജോലി ചെയ്യുന്നവർ. ഇവരെല്ലാം കരക്കടുക്കാതെ പല ഭാഗങ്ങളിലായി നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ കഴിയുകയാണ്. എല്ലാ കപ്പലിലും മെഡിക്കൽ ഓഫീസർമാരുണ്ടെങ്കിലും പ്രാഥമിക ശുശ്രൂഷ മാത്രമെ സാധ്യമാകുകയുള്ളു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുതരമായ അവസ്ഥയിൽ ഇത് മതിയാവണമെന്നില്ല. കോൺട്രാക്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരുന്നവർ വരെ നിലവിൽ കപ്പലിൽപ്പെട്ടിരിക്കുകയാണ്. പലർക്കും ഭക്ഷണവും മരുന്നും കിട്ടുന്നുണ്ടെങ്കിലും ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാത്ത കപ്പൽ ജീവനക്കാരുമുണ്ടെന്ന് ആൾ കേരള സീമെൻസ് അസോസിയേഷൻ സെക്രട്ടറി സലീം പറമ്പത്ത് പറഞ്ഞു.
കരാർ കഴിഞ്ഞാലും ഇവർക്ക് ശമ്പളവും ഭക്ഷണവും മരുന്നുൾപ്പെടെയുള്ള സൗകര്യം നൽകാൻ കപ്പലുടമകൾ ബാധ്യസ്ഥരാണങ്കിലും ക്രൂയിസ് കപ്പലിൽ ജോലി ചെയ്യുന്നവർക്കൊന്നും ശമ്പളം ലഭിക്കുകയില്ല. കപ്പൽ ജീവനക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കപ്പലിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാർക്കും ഇൻകം ടാക്സ് ആനുകൂല്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. പക്ഷെ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും പ്രത്യേക നിർദേശങ്ങൾ ഇത് സംബന്ധിച്ച് ഇത് വരെ ലഭിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.