Web Desk

മുംബൈ

January 25, 2020, 3:38 pm

പൗരത്വ ഭേദഗതി നിയമത്തിൽ മലക്കം മറിഞ്ഞ് ശിവസേന

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിൽ മലക്കം മറിഞ്ഞ് ശിവസേന. ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും അനധികൃതമായി കുടിയേറിയ മുസ്‌ലിങ്ങളെ ഇന്ത്യയിൽനിന്ന് അടിയന്തരമായി പുറത്താക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിന് മഹാരാഷ്ട്ര നവനിർമാൺ സേന റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേനയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളെ പുറത്താക്കണമെന്ന് മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്. ധാരാളം പഴുതുകൾ നിയമത്തിലുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. കാവിക്കൊടിയിലേക്ക് ചുവടുമാറിയ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ നടപടിയെയും ശിവസേന കുറ്റപ്പെടുത്തുന്നുണ്ട്.
എൻഡിഎ സഖ്യത്തിലുൾപ്പെട്ട ശിവസേന പൗരത്വ നിയമ ഭേദഗതിയെ ആദ്യം അനുകൂലിക്കുകയും പിന്നീട് എൻഡിഎ സഖ്യം വിട്ട ശേഷം എതിർക്കുകയും ചെയ്തിരുന്നു.

പൗരത്വ നിയമ ഭേദഗതിയിൽ മഹാരാഷ്ട്ര നവനിർമാൺ സേനയും നിലപാട് മാറ്റിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുമെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ വ്യക്തമാക്കിയത്. കോൺഗ്രസും എൻസിപിയുമായി ചേർന്ന് ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതോടെ ശിവസേനയുടെ മുൻസഖ്യകക്ഷിയായ ബിജെപി മഹാരാഷ്ട്ര നവനിർമാൺ സേനയോട് ചായ്‌വ് കാട്ടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ശിവസേനയുടെ നിലപാട് മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു.

you may also like this video;