Friday
19 Apr 2019

ശിവദാസന്റെ മരണം: സംഘ്പരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞു

By: Web Desk | Friday 2 November 2018 10:56 PM IST


സ്വന്തം ലേഖകന്‍

പത്തനംതിട്ട/കൊച്ചി: ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ഥാടകന്‍ ശിവദാസന്റെ മരണം തുടയെല്ലുപൊട്ടി ഉണ്ടായ രക്തസ്രാവം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉയര്‍ന്ന സ്ഥലത്തുനിന്നും വീണാണ് തുടയെല്ലുപൊട്ടിയതെന്നാണ് നിഗമനം. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതോടൊപ്പം ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന സംഘ്പരിവാര്‍ നുണപ്രചരണങ്ങള്‍ പുറത്തായി. ശിവദാസന്‍ ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്‌ടോബര്‍ 17നാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ തന്റെ അച്ഛന്‍ ദര്‍ശനത്തിന് പുറപ്പെട്ടത് 18ന് രാവിലെയാണെന്നും 19ന് ദര്‍ശനശേഷം അദ്ദേഹം തമിഴ്‌നാട് സ്വദേശിയുടെ ഫോണില്‍നിന്നും വീട്ടിലേക്ക് വിൡച്ചിരുന്നതായും വ്യക്തമായി. ഇതിനിടെ ശബരിമലയിലെ പൊലീസ് നടപടിയിലാണ് ശിവദാസന്‍ മരിച്ചതെന്ന ആരോപണം ഹൈക്കോടതി തള്ളി.
സംഘര്‍ഷമുണ്ടായ ദിവസങ്ങളിലല്ല ശിവദാസന്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടത്. സംഘര്‍ഷമുണ്ടായ സ്ഥലത്തല്ല മരണം സംഭവിച്ചത്. റോഡപകടമാണ് മരണകാരണം. ഇക്കാര്യങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷം സൃഷ്ടിക്കാന്‍ തെറ്റായ വിവരങ്ങള്‍ ഉന്നയിച്ച് കോടതിയെ കരുവാക്കാന്‍ ശ്രമിക്കേണ്ടെന്ന് കോടതി ഹര്‍ജിക്കാരനെ താക്കീതുചെയ്തു. പനമ്പിള്ളിനഗര്‍ സ്വദേശി ജയകുമാറും മറ്റും സന്നിധാനത്ത് തീര്‍ഥാടകരെ അഞ്ചുമിനിറ്റില്‍ കൂടുതല്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന് പരാതിപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
തീര്‍ഥാടകര്‍ക്ക് അഞ്ച് മിനിറ്റ് മാത്രമേ ദര്‍ശനം അനുവദിക്കൂവെന്ന വിവരം ഹര്‍ജിക്കാര്‍ക്ക് എവിടെനിന്ന് ലഭിച്ചൂവെന്ന് ആരാഞ്ഞ കോടതി തീര്‍ഥാടകര്‍ക്ക് 24 മണിക്കൂര്‍ തങ്ങാന്‍ അനുമതിയുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളതെന്നും പറഞ്ഞു. തീര്‍ഥാടകന്റെ മരണവും മറ്റു വിഷയങ്ങളും കൂട്ടിക്കുഴക്കരുതെന്നും കോടതി പറഞ്ഞു. ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും. ശബരിമലയിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുമെന്നും അത് തീര്‍ഥാടകരുടെ ആശങ്ക അകറ്റുമെന്നും കോടതി പറഞ്ഞു.
ശബരിമലയില്‍ 17 മുതല്‍ 22 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ പട്ടിക ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം കോടതി തള്ളി. സുരക്ഷാ കാര്യങ്ങളില്‍ ഹര്‍ജിക്കാരന് ഇടപെടാന്‍ അവകാശമില്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ബോധിപ്പിച്ചു.
തീര്‍ഥാടന വേളയില്‍ സംഘര്‍ഷമുണ്ടായ നിലയ്ക്കലില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള റോഡരികിലെ കുറ്റിക്കാട്ടിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. ശിവദാസന്‍ സഞ്ചരിച്ചിരുന്ന മോപ്ഡ് മൃതദേഹത്തിന് അടുത്തുനിന്നും കണ്ടെത്തിയിരുന്നു. ശിവദാസന്റെ മകന്‍ ഒക്‌ടോബര്‍ 25നാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്. മകന്റെ പരാതിയില്‍ പറയുന്ന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണം. അടിസ്ഥാനരഹിതായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍ വ്യക്തമാക്കി.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി മലക്കം മറിഞ്ഞു

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകന്‍ മരിച്ചത് അപകടത്തെ തുടര്‍ന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിയും മലക്കം മറിഞ്ഞു. പൊലീസ് മര്‍ദ്ദനത്തിലാണ് ശിവദാസന്‍ മരിച്ചതെന്നും ശിവദാസനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നുമാണ് വെള്ളിയാഴ്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടു നിലയ്ക്കലിലുണ്ടായ പൊലീസ് നടപടിക്കിടെയാണ് ശിവദാസന്‍ മരിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയും ശബരിമല കര്‍മ സമിതിയും പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 18ന് ശബരിമലയില്‍ പോയി 19ന് മടങ്ങി വരുംവഴി അപകടത്തിലാണ് തീര്‍ഥാടകന്‍ മരിച്ചതെന്ന് മനസിലാക്കിയ ബിജെപി നേതൃത്വം വെള്ളിയാഴ്ച നിലപാടു തിരുത്തി. 16, 17 തീയതികളിലാണു നിലയ്ക്കലില്‍ പൊലീസ് നടപടികളുണ്ടായത്. നിലയ്ക്കലില്‍ നടന്ന സമരത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നതായി ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇതു നിഷേധിച്ചു.
അതേസമയം, വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ശിവദാസനെ മര്‍ദിച്ചിരുന്നതായുള്ള വിവരം പൊലീസ് പുറത്തുവിട്ടു.

Related News