സ്വന്തം ലേഖകൻ

കൊച്ചി:

October 28, 2020, 10:15 pm

ശിവശങ്കര്‍ അറസ്റ്റില്‍

Janayugom Online

സ്വന്തം ലേഖകൻ

സ്വർണക്കടത്ത് കേസിൽ ഹൈക്കോടതി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി രാവിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മിനിട്ടുകൾക്കകം തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ശിവശങ്കറെ ഉച്ചതിരിഞ്ഞ് കൊച്ചിയിൽ എത്തിച്ചു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തശേഷം രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്രമങ്ങൾ പാലിച്ച് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാവുന്നതാണെന്ന് മുൻകൂർ ജാമ്യ ഹർജി തള്ളിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പലഘട്ടങ്ങളിലായി ഇതിനകം 100 മണിക്കൂറിലേറെ ചോദ്യംചെയ്ത ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് സൂചന.

ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന് 10.55 ഓടെ തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തി സമൻസ് കൈമാറിയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തത്. ആയുർവേദ ആശുപത്രിയിൽ എത്തി ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ആരോഗ്യ സ്ഥിതി സംബന്ധിച്ച് ചർച്ച നടത്തിയ ശേഷമാണ് നോട്ടീസ് കൈമാറിയത്. ശിവശങ്കറിന് ഇപ്പോഴും നടുവ് വേദനയുണ്ടെന്നും കുറച്ച് ദിവസങ്ങൾ കൂടി ചികിത്സയിൽ തുടരേണ്ടതുണ്ടെന്നുമാണ് നേരത്തെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടാകാമെന്നും ഇപ്പോൾ ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതായും അറിയിക്കുകയായിരുന്നു.

സ്വന്തം വാഹനത്തിൽ വരുന്നോ അതോ ഞങ്ങളോടൊപ്പം വരുന്നോ എന്ന് ഉദ്യോഗസ്ഥർ ശിവശങ്കറിനോട് സമൻസ് കൈമാറി ചോദിച്ചു. ഒപ്പം വരാമെന്ന് സമ്മതിക്കുകയായിരുന്നു. വളരെ ശാന്തനായി ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലേക്ക് പുറപ്പെടുകയും ചെയ്തു. ശിവശങ്കറിനെ കൊച്ചിയിൽ എത്തിക്കുന്നതറിഞ്ഞ് ഇഡി ഓഫീസും പരിസരവും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിന് വേദിയായി. ഓഫീസിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് ചാടി കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സസ്‌പെന്‍ഷനെ തുടര്‍ന്ന് 115ാം ദിവസമാണ് ശിവശങ്കര്‍ കസ്റ്റഡിയിലാവുന്നത്. ജൂലൈ 11ന് ശിവശങ്കര്‍ സ്വപ്നക്ക് വാടകക്ക് ഏര്‍പ്പാടാക്കി നല്‍കിയ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജൂലൈ 14ന് കസ്റ്റംസ് ശിവശങ്കറെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. ജൂലൈ 16ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 23നാണ് ആദ്യമായി ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. ജൂലൈ 27ന് തുടര്‍ച്ചയായ രണ്ടുദിവസം എന്‍ഐഎ ചോദ്യം ചെയ്തു. ഓഗസ്റ്റ് 15നാണ് ശിവശങ്കറെ ആദ്യമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സെപ്റ്റംബര്‍ 24ന് എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. ഒക്‌ടോബര്‍ ഒമ്പതിനും 10നും ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തു.

ENGLISH SUMMARY: shiv­asankar arrested

YOU MAY ALSO LIKE THIS VIDEO