June 26, 2022 Sunday

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

By Janayugom Webdesk
November 12, 2020

സ്വർണക്കടത്തു കേസിന്‍റെ കോഴപ്പണ, ഹവാല ഇടപാടുകളന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റേിന്‍റെ (ഇഡി) കസ്റ്റഡി കാലാവധി പൂർത്തിയായ എംശിവശങ്കറിനെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായെങ്കിലും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ 17 ലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ശിവശങ്കറെ ഈ മാസം 26വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തത്. മൂന്നു പ്രാവശ്യമായി മൊത്തം 13 ദിവസമാണ് ശിവശങ്കറെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തത്.

സ്വപ്‌ന സുരേഷ് ലോക്കറില്‍ സൂക്ഷിച്ച പണവുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സ്വര്‍ണക്കടത്തു കേസിലെ എന്‍ഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വാദത്തിനിടെ പരാമർശിച്ചു. എംശിവശങ്കറിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. ഇത് അവഗണിക്കാനാകുമോയെന്നു കോടതി ചോദിച്ചു. അവര്‍ക്കിടയിലെ വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴി എന്നാണ് ഇഡി പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ നാലുമാസമായി കസ്റ്റഡിയിലായതിനാല്‍ കടുത്ത മാനസിക സമ്മര്‍ദം മൂലമാണ് സ്വപ്ന ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നായിരുന്നു ശിവശങ്കറിന്‍റെ അഭിഭാഷകന്‍റെ മറുപടി. കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കേസെടുത്തിരിക്കുന്നത്. കള്ളക്കടത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാന്‍ ശിവശങ്കര്‍ കൂട്ടുനിന്നെന്നാണ് സ്വപ്നയുടെ മൊഴിയെന്ന് കോടതി ഓര്‍മിപ്പിച്ചു. സ്വര്‍ണക്കടത്തു തുടങ്ങുന്നതിന് ഒരു വര്‍ഷം മുൻപ് അവസാനിപ്പിച്ചതാണ് ലോക്കര്‍ ഇടപാടെന്ന് അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിട്ടില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ശിവശങ്കര്‍ വിളിച്ചതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിന്‍റെ ആശയം നല്‍കിയത് സന്ദീപും സരിത്തുമാണ്, അല്ലാതെ ശിവശങ്കറല്ല. സ്വപ്നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത് എന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. ശിവശങ്കര്‍ വിളിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരെയല്ല, പകരം ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. ഇതു കൊച്ചി വിമാനത്താവളത്തില്‍ ഭക്ഷണ പാക്കേജ് തടഞ്ഞു വച്ചപ്പോഴായിരുന്നു. 2019 ജൂണിലാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നത്. എന്നാല്‍ 2018 ഓഗസ്റ്റിലാണ് ലോക്കര്‍ എടുത്തിട്ടുള്ളത്. ഇതിനെ എങ്ങനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാവുമെന്നും ശിവശങ്കറിന്‍റെ അഭിഭാഷകന്‍ ചോദിക്കുന്നു.

ENGLISH SUMMARY: SHIVASANKAR BAIL VERDICT ON TUESDAY
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.