Web Desk

കോഴിക്കോട് ബ്യൂറോ

February 05, 2021, 2:22 pm

ഗത്യന്തരമില്ലാതെ നേതൃത്വത്തിന് കീഴടങ്ങി ശോഭാ സുരേന്ദ്രൻ

Janayugom Online

 

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യം ഉൾപ്പെടെയുമായി മുന്നോട്ടുപോയ ശോഭാ സുരേന്ദ്രൻ ഗത്യന്തരമില്ലാതെ നേതൃത്വത്തിന് കീഴടങ്ങി. ഒപ്പം നിന്ന കൃഷ്ണദാസ് പക്ഷം പിന്നോട്ടുപോയതും പ്രതിഷേധം തുടർന്നാൽ പാർട്ടിക്കു പുറത്താവുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് നേതൃത്വത്തിന് വഴങ്ങാൻ ശോഭ തീരുമാനിച്ചത്. താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ പാർട്ടി പരിപാടികൾക്കെത്തില്ലെന്ന് വ്യക്തമാക്കിയ ശോഭാ സുരേന്ദ്രൻ ഒടുവിൽ തൃശ്ശൂരിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കുകയായിരുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആലോചിക്കാനായി കഴിഞ്ഞ ദിവസം ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത നേതൃയോഗത്തിലാണ് ശോഭാ സുരേന്ദ്രൻ പങ്കെടുത്തത്.

കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതിന് ശേഷം സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രൻ പുനസംഘടനയ്ക്ക് ശേഷം ബിജെപി യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ആഴ്ച തൃശ്ശൂരിൽ സംസ്ഥാന സമിതി യോഗം നടക്കുമ്പോൾ ശോഭ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചയിലായിരുന്നു. നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും തന്റെ ആവശ്യങ്ങൾ നടക്കാൻ പോവുന്നില്ലെന്ന് ശോഭയ്ക്ക് വ്യക്തമായി. യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ വ്യക്തമാക്കിയതോടെയാണ് ശോഭ യോഗത്തിനെത്തിയത്. ജെ പി നദ്ദ വിളിച്ചിട്ടാണ് താനെത്തിയതെന്നും താൻ യോഗത്തിൽ പങ്കെടുക്കമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും ശോഭ പറഞ്ഞെങ്കിലും നദ്ദ ശോഭയോട് വരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത്. യോഗത്തിൽ പങ്കെടുക്കേണ്ടത് അവരുടെ മാത്രം ആവശ്യമായിരുന്നെന്നും ഇല്ലെങ്കിൽ പാർട്ടിക്ക് പുറത്താകുമായിരുന്നുവെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

യോഗത്തിലെത്തിയ ശോഭയെ വലിയ രീതിയിൽ സ്വീകരിക്കാനോ പരിഗണിക്കാനോ നേതാക്കൾ തയ്യാറായതുമില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് സമ്പൂർണ്ണയുടെ നേതൃത്വത്തിൽ സ്വീകരിച്ചെങ്കിലും കാര്യമായ പരിഗണന കിട്ടിയില്ല. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ അവരോട് സംസാരിക്കാൻ പോലും തയ്യാറായില്ല. വർദ്ധിത വീര്യത്തോടെ പോരാട്ടം നടത്തി ഒടുവിൽ ദയനീയമായി കീഴടങ്ങിയ ഒരാളുടെ മുഖഭാവവുമായിരുന്നു ശോഭാ സുരേന്ദ്രന്റേത്. ഒരുമൂലയ്ക്കിരുന്ന് യോഗത്തിൽ പങ്കെടുത്തെന്ന് വരുത്തി മടങ്ങുകയായിരുന്നു അവർ. ജെ പി നദ്ദയുടെ പ്രസംഗത്തിൽ സ്വപ്നയെന്ന പേര് മാറി ശോഭയെന്നായിപ്പോയതും യോഗത്തിൽ ചിരിപടർത്തി. സരിതയെയും സ്വപ്നയെയും ചേർത്ത് നടത്തിയ നദ്ദയുടെ പ്രസംഗത്തിലാണ് സ്വപ്ന മാറി ശോഭ കടന്നുവന്നത്. ഇതോടെ പാർട്ടി നേതാക്കൾ ഉൾപ്പെടെ ചിരി പിടിച്ചു നിർത്താൻ പാടുപെടുകയായിരുന്നു. ചാനലുകൾ ഇല്ലാത്തത് ഭാഗ്യമായി അല്ലെങ്കിൽ അവരിത് ആഘോഷിക്കുമായിരുന്നു എന്നായിരുന്നു നേതാക്കളുടെ പിന്നീടുള്ള രഹസ്യ പ്രതികരണം.

അഖിലേന്ത്യാ അധ്യക്ഷന്റെ വരവോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശോഭയുടേത് അടഞ്ഞ അധ്യായമാണെന്ന് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുമ്പ് നേതൃത്വത്തോട് ഇടഞ്ഞ ശോഭാ സുരേന്ദ്രൻ താൻ പാർട്ടി വിടുകയാണെന്ന് ജെ പി നദ്ദയോട് വ്യക്തമാക്കിയതാണ്. അത്തരത്തിലുള്ള ഒരു നേതാവിന്റെ വാക്കുകൾ കേൾക്കാൻ അദ്ദേഹം തയ്യാറാവില്ലെന്നും ഇവർ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ശോഭാ സുരേന്ദ്രന് ഏതെങ്കിലും സീറ്റ് നൽകിയേക്കാം. അതിൽ മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ താത്പര്യം. അതിൽ കൂടുതൽ യാതൊരു പരിഗണനയും ശോഭയ്ക്ക് ഉണ്ടാവില്ലെന്ന് തന്നെയാണ് സുരേന്ദ്രൻ വിഭാഗം ഇപ്പോഴും വ്യക്തമാക്കുന്നത്.

നേരത്തെ മലമ്പുഴയിലെ ഒരു വീട്ടിൽ രഹസ്യ യോഗം ചേർന്ന് പാർട്ടി വിടാനുള്ള തീരുമാനം ഉൾപ്പെടെ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ എടുത്തിരുന്നു. ശോഭയ്ക്ക് പുറമെ ജെ ആർ പത്മകുമാർ, പി എം വേലായുധൻ, കെ പി ശ്രീശൻ, എ കെ നസീർ തുടങ്ങിയ നേതാക്കളെല്ലാം നേരിട്ടും ഓൺലൈൻ വഴിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ പാർട്ടി വിടരുതെന്ന പി എസ് ശ്രീധരൻ പിള്ളയുടെ നിർദ്ദേശത്തെത്തുടർന്ന് ഈ നീക്കം ശോഭാ സുരേന്ദ്രൻ ഉപേക്ഷിക്കുകയായിരുന്നു.