Tuesday
19 Feb 2019

ശോഭനയുടെ സിക്‌സര്‍ ലാലിന്റെ നെഞ്ചത്ത്

By: Web Desk | Sunday 5 August 2018 10:46 PM IST

devika

ന്ത്യന്‍ വനിതാക്രിക്കറ്റ് ഇതിഹാസം മിഥാലിരാജിന് പുതിയൊരു എതിരാളി. നമ്മുടെ സ്വന്തം ശോഭനാജോര്‍ജ്. ‘മനോരമ’യുടെ ബാലജനസഖ്യത്തില്‍ അണ്ടര്‍ സെവന്റീന്‍ കളി തുടങ്ങിയതുമുതല്‍ ഇതുവരെ ശോഭന ബാറ്റ് താഴെവച്ചിട്ടില്ല. വിവാദങ്ങളുടെ വമ്പന്‍ സിക്‌സറുകളോടെ സിക്‌സറുകള്‍ പായിക്കുന്നു. ബാലജനസഖ്യത്തില്‍ നിന്നും നേരെ ചാടിയിറങ്ങിയത് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലേയ്ക്ക്. രമേശ് ചെന്നിത്തല എന്ന തലതൊട്ടപ്പനാണ് ശോഭനയുടെ സ്‌പോണ്‍സര്‍ എന്ന് അന്ന് യൂത്തുകോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി വിളിച്ചുകൂവിയിട്ടും ചെന്നിത്തലയുണ്ടോ കുലുങ്ങുന്നു. പിന്നെ വെച്ചടി വെച്ചടി കയറ്റം. ചെങ്ങന്നൂരില്‍ നിന്നും പലകുറി എംഎല്‍എ; സീറ്റുകിട്ടാതെ വന്നപ്പോള്‍ സ്വതന്ത്രയായി രാഷ്ട്രീയബാറ്റിങ്. അതു ക്ലച്ചുപിടിക്കാതായപ്പോള്‍ ബോധമുദിച്ചപോലെ ഇടതുമുന്നണിയിലേക്ക്. ഇപ്പോള്‍ ഖാദിബോര്‍ഡ് വൈസ്‌ചെയര്‍മാനുമായി.
താന്‍ കയ്യാളുന്ന മേഖലയില്‍ താന്‍ തന്നെയായിരിക്കണം ‘വുമണ്‍ ഓഫ് ദി മാച്ച്’ എന്ന് ശോഭനയ്ക്ക് നിര്‍ബന്ധമാണ്. എത്ര വിഷമമേറിയ ബോളുകളും കൂറ്റന്‍ സിക്‌സറുകളിലേയ്ക്ക് അടിച്ചുപറത്താന്‍ പ്രഗത്ഭ. ‘കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്’ എന്ന മട്ടില്‍ സിക്‌സറും ബൗണ്ടറിയും പായിച്ചില്ലെങ്കില്‍ എതിരാളിയുടെ നെഞ്ചത്ത് പന്തടിച്ചുപായിക്കാന്‍ വിരുതത്തിയായ ശോഭനയുടെ ഇത്തവണത്തെ ഷോട്ട് നടന്‍ മോഹന്‍ലാലിന്റെ വിരിമാറത്ത്. പണ്ടൊരു നാടാര്‍ സഹോദരന്‍ പറഞ്ഞ പോലെ ‘അങ്ങനെ നമ്മളെ പറ്റിക്കേം മറ്റും വേണ്ട’ എന്ന മട്ടിലാണ് ലാലേട്ടനെതിരെ ശോഭനയുടെ നില്‍പ്. ഇത്തവണ ശോഭനയുടെ അങ്കം ഇത്തിരി കടുക്കുമെന്നു തീര്‍ച്ച. കളി തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല ശോഭനയെന്ന് മാലോകര്‍ക്കറിയാം. പക്ഷേ തെക്കന്‍ തിരുവിതാംകൂറുകാര്‍ പറയുമ്പോലെ ഇക്കുറി ‘തണ്ടിയും തരവും’ നോക്കിയല്ല ശോഭനയുടെ കളി.
കളി ലാലിനോടാകുമ്പോള്‍ തീപാറും. പാവം മോഹന്‍ലാലിനെ ശോഭന ഇത്തവണ കുടുക്കിയതും ഒരു പരസ്യത്തെച്ചൊല്ലി. മുണ്ടുകള്‍, ഷര്‍ട്ടുകള്‍, അടിവസ്ത്രങ്ങള്‍ തുടങ്ങി സകലമാന ഉടയാടകളും നിര്‍മിച്ചുവില്‍ക്കുന്ന ഒരു തമിഴന്‍ കമ്പനിയുടെ പരസ്യമോഡലായി മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നചിത്രമാണ് കേസിനാധാരം. പരസ്യത്തിലൂടെ ‘ഹീറോ’ ആയ കമ്പനി ചര്‍ക്ക കണ്ടിട്ടുപോലുമില്ലെന്നും മോഹന്‍ലാലിന്റെ പരസ്യം ദേശീയചിഹ്നമായ ചര്‍ക്കയേയും ഗാന്ധിജിയേയും അവഹേളിക്കുന്നതാണെന്നുമാണ് ഖാദിബോര്‍ഡ് ഉപാധ്യക്ഷ എന്ന പേരില്‍ ശോഭന ലാലിനയച്ച വക്കീല്‍ നോട്ടീസിലെ കഥാതന്തു. കേരളത്തില്‍ വില്‍ക്കുന്ന ഖാദിയില്‍ 99 ശതമാനവും ചര്‍ക്കയില്‍ നൂല്‍നൂത്ത് നെയ്തതല്ല എല്ലാം യന്ത്രത്തറി ഉല്‍പന്നങ്ങളാണെന്ന് ശോഭനയ്ക്ക് മാത്രമല്ല ഖദര്‍ ധരിക്കുന്ന ഉമ്മന്‍ചാണ്ടിക്കും പോലും അറിയാം. മോഹന്‍ലാലാകട്ടെ ചര്‍ക്കയില്‍ നെയ്‌തെടുത്ത നൂലില്‍ നിര്‍മിച്ച ഒരു വസ്ത്രവും സിനിമയിലല്ലാതെ ധരിച്ചിട്ടുമില്ല. ഓണക്കാലത്തും അല്ലാതെയും കേരളത്തില്‍ വിറ്റഴിക്കുന്ന കൈത്തറി വസ്ത്രങ്ങളും കസവുസാരികളുമായി ബാലരാമപുരത്തെയും കണ്ണൂരിലേയും പരമ്പരാഗത കുഴിത്തറികളും ജക്കാഡ് തറികളുമായും പുലബന്ധം പോലുമില്ല. എല്ലാം പവര്‍ലൂം ഉല്‍പന്നങ്ങള്‍.
അപ്പോള്‍പിന്നെ ചര്‍ക്കയുമായി ഒന്നു പോസു ചെയ്തുപോയ കുറ്റത്തിന് നമ്മുടെ ലാലേട്ടനെതിരെ ഈ കൊമ്പുകോര്‍ക്കലും അമ്പുകോര്‍ക്കലും വേണമായിരുന്നോ എന്നേ ശോഭനയോട് ദേവികയ്ക്ക് ചോദിക്കാനുള്ളു. വക്കീല്‍നോട്ടീസിനെക്കുറിച്ച് ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമ്മയുടെ അമരക്കാരനായശേഷം പൊതുവേ പ്രതികരണവിമുഖനായ ലാലേട്ടന്‍ പ്രതികരിച്ചാലോ പണ്ടത്തെ മദ്യത്തിന്റെ പരസ്യത്തിലെ വാചകമായിരിക്കും പ്രതികരണം; ‘ശോഭനേ വൈകിട്ടെന്താ പരിപാടി’ എന്ന്.

സംഘപരിവാര്‍ ‘മീശ’ പിരിച്ചാല്‍ ചൂളിപ്പോകരുത് കേരളത്തിലെ മാധ്യമങ്ങള്‍. എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ച ‘മാതൃഭൂമി’ക്കെതിരെ സംഘികള്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളില്‍ ഭയന്ന് രണ്ട് ബ്രാഹ്മണ കുടുംബങ്ങള്‍ നയിക്കുന്ന കേരളത്തിലെ രണ്ട് പ്രമുഖ സ്വര്‍ണാഭരണശാലകള്‍ ‘മാതൃഭൂമി’ക്ക് പരസ്യങ്ങള്‍ നിഷേധിച്ചതായി വാര്‍ത്ത കണ്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരായ ഈ പരസ്യനിരാസത്തിന് ബ്രാഹ്മണ്യമേല്‍ക്കോയ്മയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും തൊങ്ങലും കിന്നരിയും കൂടിയുണ്ട്. അത്യന്തം ആപല്‍ക്കരമായ പ്രവണത. ഭീഷണി ഭയന്ന് നോവല്‍ പിന്‍വലിച്ച ‘മാതൃഭൂമി’ തങ്ങളുടെ ആവിഷ്‌കാരസ്വതന്ത്ര്യത്തില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ മലയാളിമനസ് ആ പത്രത്തെ നെഞ്ചേറ്റുമായിരുന്നു. രാജ്യത്തെ അത്യുന്നത ന്യായാസനം പോലും ‘മീശ’യ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ എന്തിനു പേടിക്കണം. നീതിന്യായ വ്യവസ്ഥയും ജനകീയശക്തിയും കൈകോര്‍ക്കുമ്പോഴുള്ള ശക്തിയില്‍ സംഘപരിവാര്‍ ശക്തികള്‍ മലവെള്ളപ്പാച്ചിലിലെ പുല്‍ക്കൊടി പോലെ ഒഴുകി സമുദ്രത്തില്‍ വിലയം പ്രാപിക്കുകയേയുള്ളു. അത് ആദ്യം മനസിലാക്കേണ്ടത് മാധ്യമ മനസാകണം. അതില്ലാതെ വരുമ്പോഴാണ് പരസ്യദാതാക്കളായ വന്‍കിട മുതലാളിമാര്‍ ഞാഞൂല്‍വേഷം വെടിഞ്ഞ് രാജവെമ്പാലകളായി പത്തി നിവര്‍ത്തിയാടുന്നത്.
കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ മോഡി സര്‍ക്കാര്‍ അടുത്ത തെരഞ്ഞെടുപ്പിന്റെ മേളപ്പദം മുഴങ്ങുമ്പോള്‍ നടത്തുന്ന ഉരുണ്ടുകളി സര്‍ക്കസിലെ ഒരു പുതിയ വിദ്യപോലെയായി. അധികാരത്തില്‍ വന്നാല്‍ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോ ഇന്ത്യാക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചുകളയുമെന്നായിരുന്നു മോഹനസുന്ദരവാഗ്ദാനം. നിക്ഷേപം പോകട്ടെ നാനാവിധത്തില്‍ പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് കോര്‍പ്പറേറ്റ് കീശകള്‍ വീര്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത് തൊഴില്‍ നല്‍കാന്‍ തൊഴിലെവിടെയെന്ന്. തൊഴില്‍അവസരങ്ങള്‍ കുറയുന്നതിനാല്‍ സംവരണംകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് കേന്ദ്രമന്ത്രിയും വന്‍വ്യവസായിയുമായ നിതിന്‍ ഗഡ്കരിയുടെ പുതിയ ന്യായം. ഞങ്ങളുടെ വാക്കും ഞങ്ങളുടെ പോക്കും രണ്ട് വഴിക്കെന്ന് തെരഞ്ഞെടുപ്പിന്റെ തിരശീല ഉയരുംമുമ്പ് സമ്മതിച്ചതിന് നന്ദി, നല്ല നമസ്‌കാരം.

വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ്‌പേപ്പര്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മ രംഗത്തിറങ്ങിയെന്ന വാര്‍ത്ത കേട്ട് ദേവിക രോമാഞ്ച കഞ്ചുകമണിയുന്നു. യന്ത്രപ്പെട്ടിയാല്‍ ബിജെപി നടത്തുന്ന കൃത്രിമത്തിന് അറുതിവരുമെന്നാണ് പ്രതിപക്ഷം പറയുന്നത്. കുറേക്കൂടി പിന്നോട്ടുപോയി ചിഹ്നമുള്ള വോട്ടുപെട്ടികള്‍ തിരികെ കൊണ്ടുവരണമെന്നാണ് ദേവികയുടെ അപേക്ഷ. എങ്കില്‍ ഭാവനാസമ്പന്നമായ എത്രയെത്ര മുദ്രാവാക്യങ്ങളാണ് പുനര്‍ജനിക്കുക. ‘അരിവാള്‍ പെട്ടി നമ്മുടെ പെട്ടി, കാളപ്പെട്ടിക്കോട്ടില്ല’ എന്ന പണ്ടത്തെ മുദ്രാവാക്യം തെല്ലുഭംഗിയോടെ മാറ്റിയെഴുതിയാല്‍ എങ്ങനെയിരിക്കും! ‘പെട്ടി പെട്ടി ശിങ്കാരപ്പെട്ടി, പെട്ടി തുറന്നപ്പം താമര പൊട്ടി’ എന്ന് ജേതാക്കളുടെ പാര്‍ട്ടിക്കാര്‍ ആര്‍ത്തുവിളിച്ചാല്‍ അതിന്റെ രസമൊന്നു വേറെ. വാടിയ താമര, തളര്‍വാതം പിടിച്ച കൈപ്പത്തി എന്നിങ്ങനെ പെട്ടികളില്‍ പരിഹാസചിഹ്നങ്ങള്‍ വരച്ചുവച്ചും ജനത്തിന് ആസ്വദിക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വേണ്ടേ ഒരു ചൂരും ചന്തവും.

ഇക്കഴിഞ്ഞ ദിവസം ജലന്ധര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിന്റെ ഒരു ചിത്രം കാണാനിടയായി. കന്യാസ്ത്രീയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് ക്രിസ്തുവിനോടടുക്കാന്‍ ശ്രമിച്ച വികാരം മൂര്‍ഛിച്ച വലിയ വികാരിയുടെ ചിത്രം. തലയില്‍ കിന്നരിതൊപ്പി. കയ്യില്‍ അധികാരദണ്ഡായ അംശവടി. അംശവടിയുടെ വളഞ്ഞ തുമ്പത്ത് കാറ്റിലാടുന്ന ക്രൂശിതരൂപം. ക്രൈസ്തവ സഭയെ കുരിശിലേറ്റുന്ന പുത്തന്‍ പിതാക്കളുടെ പെരുമഴക്കാലത്ത് വീണ്ടുമൊരിക്കല്‍കൂടി ഇവര്‍ക്കുവേണ്ടി കുരിശുമരങ്ങള്‍ തീര്‍ക്കാന്‍ ക്രിസ്തുദേവന്‍ തിരിച്ചെഴുന്നള്ളണേ എന്ന് ഈ ചിത്രത്തില്‍ നോക്കി വിശ്വാസികള്‍ക്ക് മുട്ടിപ്പായി പ്രാര്‍ഥിക്കാം.

Related News