Saturday
16 Feb 2019

ബിജെപി പോര് ; ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിവിട്ടേക്കും

By: Web Desk | Monday 6 November 2017 3:56 PM IST

സംസ്ഥാന ബിജെപി നേതൃത്വവുമായി ഭിന്നതയെ തുടര്‍ന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ശോഭ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

ഒറ്റപ്പെടുത്തല്‍ കാരണമായി സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്ന ശോഭ സുരേന്ദ്രന്‍ അടുത്തിടെ ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റിയിലും കോര്‍ കമ്മിറ്റിയിലും പങ്കെടുത്തില്ല. മുട്ടിനുമുട്ടിന് ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ബിജെപി നടത്തിയ ജനരക്ഷ യാത്രയില്‍ ശോഭക്ക് വലിയ റോളൊന്നും ഉണ്ടായിരുന്നില്ല. ജാഥയില്‍ നിന്നും പാതി വഴിയില്‍ ശോഭ പിന്മാറിയത് ഇതുമൂലമാണത്രേ. സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്നു കഴിഞ്ഞ ശോഭ ഇപ്പോള്‍ പാര്‍ട്ടിയില്‍ തുടരുന്നത് ചിലദേശീയ നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് അറിയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്ന നിഗമനത്തിലാണ് പാര്‍ട്ടി.
മെഡിക്കല്‍ കോഴ വിവാദത്തില്‍ ഇടപാടുകാരായ പലരും ഇപ്പോഴും പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ തുടരുകയാണ്. നേതൃത്വത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദിച്ച തനിക്കെതിരെ ചില വ്യാജരേഖകള്‍ ചമച്ച് അത് മാധ്യമങ്ങള്‍ക്ക് എത്തിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പുകച്ചു ചാടിക്കാന്‍ ശ്രമിക്കുന്നതിന് എതിരേയും ഇവര്‍ ദേശീയ നേതൃത്തോട് പരാതിപ്പെട്ടിട്ടുണ്ട്. ശോഭയുടെ പരാതിയിന്മേല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കാന്‍ ദേശീയ നേതാക്കള്‍ക്ക് താല്പര്യമില്ല. ശോഭയെ ഏതു വിധേനയും അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഇവരുടെ ശ്രമം.
ബിജെപി നടത്തിയ ജനരക്ഷായാത്രയില്‍നിന്നും പാതി വഴിയായപ്പോള്‍ ശോഭവിട്ടുമാറിയിരുന്നു. കേരള നേതൃത്വത്തോടുള്ള ഉടക്കുമൂലമാണിതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയാതെ കാലില്‍ ചവിട്ടി വിരലുകള്‍ക്ക് പരുക്കേറ്റതാണെന്നാണ് പുറത്തുപറഞ്ഞത്. പരുക്കിന് ശോഭ ആശുപത്രിയില്‍ ചികില്‍സതേടിയിരുന്നു.യാത്രയുടെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കിലും ശോഭ  വിട്ടുനിന്നു.
പാലക്കാട്ടുനിന്നുള്ള നിയമസഭാസ്ഥാനാര്‍ഥിയായ ഇവരെ ഒതുക്കാന്‍ പാലക്കാട് കേന്ദ്രീകരിച്ചാണ് കരുനീക്കം നടക്കുന്നത്. പാലക്കാട് നോട്ടമുണ്ടായിരുന്ന കൃഷ്ണകുമാറും ശോഭയും തമ്മിലുള്ള പോര് പരസ്യമാണ്. ശോഭയുടെ ബോര്‍ഡില്‍ ചെരുപ്പുമാലയണിച്ചത് ഉദാഹരണം. പാലക്കാട് നിന്നുള്ള മുതിര്‍ന്ന നേതാവാണ് ഇവരെങ്കിലും ജില്ലാ കമ്മിറ്റി നടത്തുന്ന ഒരു പരിപാടിയിലേക്കും ക്ഷണിക്കാറില്ല. പ്രത്യേക ക്ഷണിതാവായിട്ടു പോലും ഒരു പരിപാടിയിലും പങ്കെടുപ്പിക്കാറില്ല. പാലക്കാട് നിന്നുള്ള ബിജെപി അംഗമായ ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ടും പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താതെ അപമാനിച്ചു.ഗ്രൂപ്പിസം കാര്യമായി വളര്‍ന്നുകഴിഞ്ഞ ബിജെപിയില്‍ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് തുടരാനുള്ള അനിഷ്ടംമൂലം ശോഭ പിന്മടങ്ങുമെന്നാണ് സൂചന.

എന്നാല്‍ ഇതു സംബന്ധമായി വാര്‍ത്തകള്‍പുറത്തുവന്നതോടെ വെട്ടിലായ നേതൃത്വം ഇടപെട്ട് ശോഭയെക്കൊണ്ട് വാര്‍ത്ത നിഷേധിപ്പിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിവിടുന്നില്ലെന്നും ശോഭ ചിലമാധ്യമങ്ങളെ പ്രതികരണരൂപേണ അറിയിച്ചുകഴിഞ്ഞു.