കത്തിക്കൊണ്ട് കുത്തി, സഹായത്തിനായി യുവതി ഓടിയത് ഒരു കിലോമീറ്റർ; ഉന്നോവോ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Web Desk
Posted on December 06, 2019, 2:53 pm

ഉന്നാവോ: ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ യുവതിയെ തീകൊളുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അക്രിമകള്‍ ആദ്യം കത്തി കൊണ്ട് കുത്തിയ ശേഷം ജീവനോടെ തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ ശരീരവുമായി യുവതി ഓടിയത് ഒരു കിലോമീറ്ററോളമാണ്.

വ്യാഴാഴ്ചയാണ് ബലാത്സംഗം ചെയ്ത പ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പൊള്ളലേറ്റ ശരീരവുമായി നടന്ന പെണ്‍കുട്ടി വീടിനു വെളിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരാളോട് തന്റെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ രക്ഷപ്പെടാനായി പെണ്‍കുട്ടി തന്നെ 112 ല്‍ വിളിച്ച്‌ നടന്ന സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തിയാണ് പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉന്നാവോ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. യുവതിയുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ  അറിയിച്ചിരുന്നു.

you may also like this video;