July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

വെടിവയ്പ് ദുരന്തങ്ങള്‍ ആയുധക്കച്ചവടത്തിന്റെ സൃഷ്ടി

Janayugom Webdesk
May 26, 2022

മേരിക്കയിലെ ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 21 പേർക്ക് ജീവഹാനി സംഭവിച്ചതിന്റെ വാർത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 19 കുട്ടികളും രണ്ട് മുതിർന്നവരുമാണ് മരിച്ചത്. 18 വയസുകാരനായ ആയുധധാരിയാണ് വെടിവച്ചതെന്നും ഇയാളെയും വധിച്ചുവെന്നും ടെക്സാസ് ഗവർണർ അറിയിക്കുകയുണ്ടായി. ഉവാൽഡ നഗരത്തിൽ റോബ്ബ് പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം. ഏഴു മുതൽ 11 വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. ഉവാൽഡ 16,000 ജനസംഖ്യയുള്ള ചെറുനഗരമാണ്. നഗരവാസി തന്നെയായ വിദ്യാർത്ഥി കാറിലാണ് എത്തിയതെന്നും ഇറങ്ങിയ ശേഷം വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. അതിസമ്പന്നതയുടെയും വികസനത്തിന്റെയും വാർപ്പ് മാതൃകയെന്ന് ഉദ്ഘോഷിക്കപ്പെടുന്ന യുഎസിൽ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങൾ — പലപ്പോഴും കൂട്ടക്കുരുതികൾ — ആവർത്തിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് ന്യൂയോർക്കിലെ ബഫലോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ പത്ത് കറുത്ത വംശജർ കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് വെളുത്ത വംശജനായ കൊലയാളിയാണ് വെടിവച്ചത്.


ഇതുകൂടി വായിക്കൂ: മരിയെ റോസ: തെക്കേ അമേരിക്ക ഇടതുപക്ഷത്തേക്ക്


2017ൽ നെവാഡയിൽ 60 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പാണ് 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ സംഭവം. ആധുനിക സജ്ജീകരണങ്ങളുള്ള തോക്കുപയോഗിച്ചുള്ള വെടിവയ്പിൽ 411 പേർക്കാണ് പരിക്കേറ്റത്. വെടിയേറ്റല്ലാതെ 456 പേർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. 2016ൽ ഫ്ലോറിഡയിലെ ഒർലാന്റോ നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പിൽ 49 പേരാണ് മരിച്ചത്. 2012ൽ ന്യൂടോമിൽ 27, 2017ൽ ടെക്സാസിൽ 26, 2019ൽ ടെക്സാസിലെ എൽ പാസോയിൽ 23, 2015ൽ കാലിഫോർണിയയിലെ സാൻ ബെർനാഡിനോയിൽ 14, 2012ൽ കൊളറാഡോയിലും 2013ൽ വാഷിങ്ടണിലും 2018ൽ കാലിഫോർണിയയിലെ തൗസന്റ് ഓകിലും 2019ൽ വെർജീനിയയിൽ കടൽതീരത്തും 12 വീതം, 2018ൽ പെന്‍സിൽവാനിയയിൽ 11, 2018ൽ ടെക്സാസിലെ സാന്റാ ഫെയിൽ 10, 2021ൽ കൊളറാഡോയിലെ ബൗൾഡറിൽ 10 വീതം മരണങ്ങളുണ്ടായി. 2010ന് ശേ ഷം പത്തിലധികം മരണങ്ങളുണ്ടായ സംഭവങ്ങൾ മാത്രമാണിത്. 2007ൽ വെർജീനിയയിൽ തന്നെ വെടിവയ്പിൽ 32 പേര്‍ മരിച്ച സംഭവമുൾപ്പെടെ അതിന് മുമ്പും കൂട്ടക്കുരുതി നടന്നിട്ടുണ്ട്. പത്തിൽ കുറവ് പേർ മരിക്കുന്ന സംഭവങ്ങൾ യുഎസിന്റെ പല ഭാഗങ്ങളിലും നിത്യസംഭവമെന്നോണമുണ്ടാകുന്നുണ്ട്. 2009 മുതൽ 274 കൂട്ടവെടിവയ്പുകൾ ഉണ്ടായിട്ടുണ്ട്, അതിന്റെ ഫലമായി 1,536 ആളുകൾ കൊല്ലപ്പെടുകയും 983 പേർക്ക് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവിധ റിപ്പോർട്ടുകളിലുള്ളത്. 2020‑ൽ തോക്കുപയോഗിച്ചുള്ള ചെറുതും വലുതുമായ (വെടിവയ്പും ആത്മഹത്യയും) സംഭവങ്ങളിൽ 19,350 മരണങ്ങളുണ്ടായി. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം കൂടുതലായിരുന്നു. തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തവരുടെ എണ്ണം 2020ൽ 24,245 ആണ്. ഇതും മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.

 


ഇതുകൂടി വായിക്കൂ:   അമേരിക്കയെ ഉലച്ച വിക്കിലീക്സ്


 

ഇന്നലെ വെടിവയ്പുണ്ടായതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ വികാരപരമായ പ്രസംഗം ആഗോള മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തോക്ക് ലോബിക്കെതിരെ നിലപാടെടുക്കാൻ തന്റെ രാജ്യത്തിന് സാധിക്കാത്തതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. തോക്ക് നിയന്ത്രണ നിയമം പാസാക്കുന്നതിൽ യുഎസ് കോൺഗ്രസ് ആവർത്തിച്ച് പരാജയപ്പെടുകയാണ്. ദേശീയ റൈഫിള്‍ അസോസിയേഷൻ ലോബിയുടെ സമ്മർദ്ദം മൂലമാണ് നിയമനിർമ്മാണം തടയപ്പെടുന്നതെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. 33 കോടിയോളം ജനസംഖ്യയുള്ള യുഎസിലെ കുടുംബങ്ങളിലും പൗരന്മാരിലുമായി 28 കോടിയോളം തോക്കുകളുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. 100 പേരിൽ 89 പേർക്കും ആയുധങ്ങളുണ്ടെന്നർത്ഥം. അതേസമയം രാജ്യത്തുള്ള 65 ശതമാനം തോക്കുകളും 20 ശതമാനത്തിന്റെ കയ്യിലാണുള്ളത്. 90 ലക്ഷത്തിലധികം തോക്കുകൾ പ്രതിവർഷം രാജ്യത്ത് നിർമ്മിക്കുന്നുണ്ട്. ഇതിൽ കുറേയധികം കയറ്റുമതി ചെയ്യപ്പെടുന്നുവെന്ന് കരുതാമെങ്കിലും രാജ്യത്തിനകത്ത് നിയന്ത്രണങ്ങളില്ലാത്തതിനാൽ ആഭ്യന്തര ആയുധവില്പനയും തകൃതിയായി നടക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്താകെയുള്ള രാജ്യങ്ങളെ ആയുധ വ്യാപാരത്തിന്റെ ഉപഭോക്താക്കളാക്കി സമ്പന്നമാകുന്നൊരു രാജ്യത്തെ പൗരന്മാര്‍ സ്വയം ആയുധമണിയുന്നതിന്റെ ദുരന്തമാണ് യുഎസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അതോടൊപ്പം അതിസമ്പന്നമെന്ന് പറയുമ്പോഴും വർണവിദ്വേഷവും മാനസിക പിരിമുറുക്കങ്ങളും മനോരോഗവും ഗാർഹിക പീഡനങ്ങളും സംഘർഷങ്ങളും എല്ലാം വെടിയുതിർത്തുള്ള കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിക്കുന്നതിന് കാരണമാകുന്നു. ആയുധക്കച്ചവടത്തിന് പ്രഥമ പരിഗണന നല്കുകയും ലോകത്തിന് മുന്നിൽ പൊലീസ് ചമഞ്ഞും ആധിപത്യം ഉറപ്പിക്കാനുള്ള വ്യഗ്രതയിലും സ്വന്തം ജനതയെ മറന്നുപോകുന്ന ഭരണകൂടമാണ് ആ രാജ്യത്തിന്റെ ഇത്തരം സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണമാകുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.