അമേരിക്കയിലെ രണ്ട് സ്കൂളുകളില്‍ വെടിവെയ്പ്; 11 മരണം

Web Desk
Posted on May 19, 2018, 12:47 pm

അമേരിക്ക: യുഎസിലെ സ്‌കൂളുകളില്‍ വീണ്ടും വെടിവെയ്പ്. ടെക്സാസിലെ സാന്‍റാ ഫെ സ്‌കൂളിലും ജോര്‍ജിയ സൗത്ത് അറ്റ്‌ലാന്‍റയിലെ ക്ലേറ്റണ്‍ കൗണ്ടിയിലെ സ്‌കൂളിലുമാണ് വെടിവെയ്പ്പുണ്ടായത്. ടെക്സാസില്‍ പത്തുപേരും ജോര്‍ജിയയില്‍ ഒരാളുമാണ് മരിച്ചത്.

സാന്‍റാ ഫെ സ്‌കൂളില്‍ പ്രാദേശിക സമയം രാവിലെ ഒമ്പതു മണിക്കും ക്ലേറ്റണ്‍ കൗണ്ടി സ്‌കൂളില്‍ ബിരുദദാന ചടങ്ങിന് ശേഷവുമാണ് വെടിവയ്പ് ഉണ്ടായത്.  ബിരുദദാന ചടങ്ങില്‍ പങ്കെടുത്തശേഷം പിരിഞ്ഞുപോയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും നിരവധി പേര്‍ക്കും പരിക്കേറ്റു.

ടെക്സാസിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.

ടെക്‌സാസിലെ വെടിവയ്പ്പില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. വിദ്യാര്‍ഥികളുടെയും സ്കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് പറഞ്ഞു.

ക്ലാസ്സുകൾ നടക്കുമ്പോഴാണു സംഭവം. കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ യുഎസിലെ സ്കൂളുകളിൽ നടന്ന മൂന്നാമത്തെ വെടിവയ്പാണിത്. ഈ വർഷം ആരംഭിച്ചശേഷം യുഎസിലെ സ്കൂളുകളില്‍ ഇതുവരെ മൊത്തം 22 വെടിവയ്പുകൾ ഉണ്ടായി.