പുതിയ സിനിമകള്‍ ആരംഭിക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

Web Desk

കൊച്ചി

Posted on July 22, 2020, 7:23 pm

കോവിഡ് മൂലം സാമ്പത്തിക  പ്രതിസന്ധി നിലനിൽക്കുന്നതിനാൽ  താരങ്ങൾ പ്രതിഫലം അമ്പതു ശതമാനത്തോളം കുറച്ചില്ലെങ്കിൽ  പുതിയ സിനിമകള്‍ നിര്‍മിക്കില്ലെന്ന  നിലപാടില്‍ മാറ്റം വരുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ചിത്രീകരണമടക്കമുള്ള നിർമ്മാണ  പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിൽ കുഴപ്പമില്ലെന്ന് തീരുമാനം. താരങ്ങളുടെ പ്രതിഫല വിഷയത്തില്‍ എഎംഎംഎയും  ഫെഫ്കയും അടക്കം അനുകൂലമായ നിലപാട് കൈക്കൊണ്ടതിന്റെ പശ്ചാത്തലത്തിലാണ്   പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും  ചിത്രീകരണം  ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.

അതേസമയം നിർമ്മാണ ചെലവിലും കാര്യമായ കുറവ് വരുത്തണമെന്ന നിർദേശവും ഇവർ ഉന്നയിച്ചിട്ടുണ്ട്.  ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.  നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രം പുതിയ സിനിമകളുടെ നിർമ്മാണം  ആരംഭിച്ചാൽ മതിയെന്നായിരുന്നു  നേരെത്തെ നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നത്. . ഇതിനെതിരെ നിരവധി സംവിധായകര്‍ രംഗത്ത് എത്തുകയും ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സിനിമയിലാകെ കള്ളപ്പണവും മെറ്റല്‍ കറന്‍സിയും ഒഴുകുകയാണെന്ന പ്രചരണം ഇപ്പോള്‍ തന്നെ വന്‍പ്രതിസന്ധിയിലായ വ്യവസായത്തെ ഇല്ലായ്മ ചെയ്യാനേ ഉപകരിക്കൂ എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ ആന്റോ ജോസഫ് പറഞ്ഞു. കൃത്യമായി ഇന്‍കം ടാക്‌സും ജിഎസ്ടിയും നിശ്ചിത സമയക്രമത്തില്‍ ഹാജരാക്കി അങ്ങേയറ്റം സുതാര്യമായി ചലച്ചിത്ര നിര്‍മാണം നടത്തുന്നവരാണ് മഹാഭൂരിപക്ഷം നിര്‍മാതാക്കളും.

ഏതെങ്കിലും ഒരു നിര്‍മാതാവ് അനധികൃത ധനസ്രോതസുകളെ ആശ്രയിക്കുന്നതായി സൂചന ലഭിച്ചാല്‍ കൃത്യമായതും സുതാര്യമായതുമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം. അത്തരം അന്വേഷണങ്ങളില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എല്ലാ സഹകരണവും നല്‍കും. കോവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍മാണ ചെലവ് കുറക്കാനായി പ്രതിഫലത്തില്‍ കുറവ് വരുത്തണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തോട് ഫെഫ്കയും അമ്മയും അനുകൂലമായി പ്രതികരിച്ചതായും വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്ന 66 സിനിമകളുടെ റിലീസ് തീരുമാനിച്ച ശേഷമായിരിക്കും പുതിയ സിനിമകള്‍ പരിഗണിക്കുന്നതെന്നും അസോസിയേഷന്‍ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

Eng­lish sum­ma­ry: shoot­ing of new films

You may also like this video;