Web Desk

നെടുങ്കണ്ടം

March 25, 2020, 6:14 pm

നിർദ്ദേശം കാര്യമാക്കിയില്ല: വൻ വില ഈടാക്കിയ നെടുങ്കണ്ടത്തെ പച്ചക്കറികട അധികൃതർ പൂട്ടിച്ചു

Janayugom Online
പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ വിലനിലവാരം പരിശോധിക്കുന്ന പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്ഥർ

അമിതവില ഈടാക്കിയ പച്ചക്കറികട അധികൃതർ പൂട്ടിച്ചു. നെടുങ്കണ്ടം ത്രിവേണിയ്ക്ക് സമീപം പ്രവർത്തിച്ച തമിഴ്‌നാട് സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ള പിആർഎസ് വെജിറ്റബിൾസാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് അടപ്പിച്ചത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, പൊലീസ് എന്നിവർ കടയിൽ പരിശോധന നടത്തി.

നാല് വർഷമായി സ്ഥാപനം പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുകയായിരുന്നു. 15 മുതൽ 20 രൂപ അധികം ഈടാക്കിയാണ് വിവിധ ഇനം പച്ചക്കറികൾ സ്ഥാപനത്തിൽ നിന്നും വിറ്റിരുന്നത്. ഉള്ളി, സവോള, തക്കാളി, ഉരുള കിഴങ്ങ് തുടങ്ങി വിവിധ ഇനം പച്ചക്കറികൾക്ക് സ്ഥാപന ഉടമ അമിത വിലയാണ് ഈടാക്കിയത്. വില കൂടുതൽ ഈടാക്കരുതെന്ന സർക്കാർ നിർദേശം ഉണ്ടായിട്ടും ഇത് കാര്യമാക്കാതെയാണ് വില വർദ്ധനവ് സ്വയം ഏർപ്പെടുത്തിയത്.

പരിശോധനയിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മറ്റൊരു പച്ചക്കറി കട പഞ്ചായത്ത് ലൈൻസ് ഇല്ലാതെ പ്രവർത്തിച്ച് വരുന്നതും കണ്ടെത്തി. കെജീസ് ജൂല്വറിയ്ക്ക് സമീപം പ്രവർത്തിച്ച പച്ചക്കറി കട ലൈസൻസ് എടുപ്പിച്ചതിന് ശേഷം തുടർന്ന് പ്രവർത്തിച്ചാൽ മതിയെന്ന നിർദ്ദേശം നൽകി. സാധനം വാങ്ങുവാൻ എത്തുന്ന ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദിക്കുവാൻ പാടില്ലായെന്ന അറിയിപ്പും നെടുങ്കണ്ടത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും പഞ്ചായത്ത് സെക്രട്ടറിയുടേയും നെടുങ്കണ്ടം എസ്ഐയുടേയും നേത്യത്വത്തിൽ നേരിട്ടേത്തെി നിർദ്ദേശം നൽകി.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജികുമാർ, നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ, പഞ്ചായത്ത് ജീവനക്കാർ, പൊലീസുകാർ തുടങ്ങിയവരുടെ നേത്യത്വത്തിലെത്തിയ സംഘമാണ് കടകളിൽ പരിശോധന നടത്തിയത്.