Web Desk

തിരുവനന്തപുരം

June 09, 2020, 8:37 am

ഷോപ്പിംഗ് മാളുകളും റസ്റ്ററന്റുകളും ഇന്ന് മുതൽ സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തിക്കും

Janayugom Online

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നിയന്ത്രണവിധേയമായ സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളും റസ്റ്ററന്റുകളും ഇന്ന് മുതൽ സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തിക്കും. അതേസമയം കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അടച്ചിടൽ തുടരാൻ വിവിധ ആരാധനാലയങ്ങൾ തീരുമാനിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് മതനേതൃത്വങ്ങളുടെ തീരുമാനം. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക ബുദ്ധിമുട്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

തുറക്കാന്‍ ഉദ്ദേശിക്കുന്ന ആരാധനാലയങ്ങളും ഇളവുകളിലുൾപ്പെടുന്ന മറ്റ് സ്ഥാപനങ്ങളും പരിസരങ്ങളും ഇന്നലെ ശുചീകരണം നടത്തി അണുവിമുക്തമാക്കി. ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചർച്ച ചെയ്തതുകൂടി പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനത്തിലെത്തിയത്. 65 വയസിനു മുകളിലുള്ളവർ, പത്ത് വയസിനു താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖമുള്ള വ്യക്തികൾ എന്നിവർ വീട്ടിൽ തന്നെ കഴിയേണ്ടതാണ് എന്ന കേന്ദ്ര മാർഗനിർദ്ദേശം കേരളത്തിലും നിർബന്ധമായി നടപ്പാക്കും.

ഇളവുകളിൽ ഉൾപ്പെടുന്നവയിൽ ഒരിടത്തും കൂട്ടംചേരൽ ഉണ്ടാകരുത്. പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കരുത്. ഹോട്ടൽ, ഹോസ്പിറ്റാലിറ്റി യൂണിറ്റുകൾ, റസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ, ഓഫീസുകൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോർട്ടുകളിലും റസ്റ്ററന്റുകളിലും ആകെ സീറ്റുകളുടെ 50 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കുട്ടികളുടെ കളിസ്ഥലങ്ങളും ഗെയിം ആർക്കേഡും തുറക്കില്ല. തിരക്കു നിയന്ത്രിക്കാനായി എത്തുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തും. റസ്റ്ററന്റുകളിൽ അകത്തിരുന്നു ഭക്ഷണം കഴിക്കാം. ഉപയോഗിച്ച പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി വേണം വൃത്തിയാക്കാൻ. എന്നാൽ പ്രഖ്യാപിത ഇളവുകൾ കണ്ടെയ്ൻമെന്റ് മേഖലകളിൽ ബാധകമല്ല.

Eng­lish summary:shoping malls and restau­rants restart nor­mal­ly from today.

You may also like this video: