Web Desk

കോഴിക്കോട്

May 31, 2020, 6:11 pm

സാങ്കേതിക വിദ്യയുടെ അതിപ്രസരമില്ലാതെ ഉറുമ്പുകളെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Janayugom Online
കെ കെ ജയേഷ്

പതിവ് ഷോർട്ട് ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി ഉറുമ്പുകളെ കഥാപാത്രങ്ങളാക്കി ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സാങ്കേതിക വിദ്യയുടെ അതിപ്രസരമില്ലാതെ  ചോണനുറുമ്പുകളെ കേന്ദ്രകഥാപാത്രങ്ങളാക്കി  പൂർണ്ണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച,” ലൈഫ് ഓഫ്  ആന്റ്‌സ്” എന്ന സിനിമ രണ്ടു ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഉറുമ്പുകൾ സംസാരിക്കുന്ന, അവയുടെ ജീവിതത്തിലേക്കിറങ്ങിച്ചെല്ലുന്ന സിനിമ ഒരുക്കിയിരിക്കുന്നത്

കാസർഗോഡ് ചീമേനിക്ക് അടുത്തുള്ള പൊതാവൂർ  സ്വദേശി രജീഷ്  ആർ പൊതാവൂർ ആണ്.സിനിമാ മേഖലയിൽ 10 വർഷമായി  മേക്കപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന രജീഷ് മൂന്നു മാസത്തോളം സമയമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്. ആസിഫലി നായകനായ കുഞ്ഞെൽദോ  എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മരത്തിൽ കണ്ട രണ്ടുറുമ്പുകളാണ് സിനിമയൊരുക്കാൻ പ്രേരണയായതെന്ന് രജീഷ് പറയുന്നു. ഒരു ഉറുമ്പ് മറ്റൊരു ഉറുമ്പിനെ സഹായിക്കുന്ന കാഴ്ചയായിരുന്നു അത്. പിന്നീട് സാദാ മനുഷ്യരുടെ ജീവിതം പോലെ ഉറുമ്പുകളുടെ ജീവിത പശ്ചാത്തലത്തിൽ കഥയൊരുക്കി. മനുഷ്യരെപ്പോലെ സംസാരിക്കുകയും വികാരം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഉറുമ്പുകൾ.

കുമാരൻ എന്ന അച്ഛനുറുമ്പും മാളു എന്ന മകളുറുമ്പും പിന്നെ ഒരു അമ്മയുറുമ്പുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. മകളുടെ വിവാഹം നടത്താനുള്ള അച്ഛനുറുമ്പിന്കോഴിക്കോട്: റെ നെട്ടോട്ടവും അതിനിടെ ഒരു മനുഷ്യന്റെ അശ്രദ്ധയിൽ അച്ഛൻ ചവിട്ടിയരയ്ക്കപ്പെടുന്നതുമാണ് പ്രമേയം. മനുഷ്യരോടുള്ള പ്രതിഷേധമായി അമ്മ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഈ ഭൂമി എല്ലാ ജീവജാലങ്ങളുടേതുമാണെന്ന സന്ദേശം പകരുന്ന ചിത്രത്തിനായി മാസങ്ങൾ നീണ്ട പരിശ്രമം വേണ്ടി വന്നെന്ന് സംവിധായകൻ വ്യക്തമാക്കി. കഥയ്ക്കനുസരിച്ച് കാത്തിരുന്നാണ് ഉറുമ്പുകളുടെ ഓരോ ചലനവും പകർത്തിയത്.

ഒരു ഉറുമ്പിനെ പോലും ചിത്രീകരണ സമയത്ത് ഉപദ്രവിക്കാതിരിക്കാനും അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഉറുമ്പിനെ കാണിക്കാൻ ചത്ത ഉറുമ്പിനെ തന്നെ കണ്ടെത്തിയാണ് ഷൂട്ട് ചെയ്തത്. ഉറുമ്പുകൾക്ക് സംഭാഷണം നൽകിയത് സിനിമാ ഗ്രാമം കലാ കൂട്ടായ്മയിലെ  കലാകാരന്മാർ ആണ്. സിനിമാ താരങ്ങളായ മനോജ് കെ ജയൻ, ടിനി ടോം, പ്രിയങ്ക നായർ, അനശ്വര രാജൻ എന്നിവരാണ് ഫേസ്ബുക്കിലൂടെ സിനിമ പങ്കുവെച്ചത്.

മേയ്ക്കപ്പ്മാനും മിമിക്രി കലാകാരനുമെല്ലാമായ രജീഷ് പതിനൊന്നോളം ഷോർട്ട് ഫിലിമുകളും അഞ്ച് ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. റോണക്സ് എന്ന മേയ്ക്കപ്പ്മാന്റെ അസിസ്റ്റന്റായ രജീഷ് ബാബു ആന്റണി, മനോജ് കെ ജയൻ എന്നിവരുടെ പേഴ്സണൽ മേയ്ക്കപ്പ്മാൻ കൂടിയാണ്. ഓപ്പറേഷൻ ജാവ ചിത്രത്തിലാണ് അവസാനം പ്രവർത്തിച്ചത്. ഏതായാലും ലോക് ഡൗൺ കാലത്ത് ഉറുമ്പുകളുടെ സിനിമയെ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ.

ENGLISH SUMMARY: short film about ants
You may also like this video