Web Desk

കോഴിക്കോട്

August 12, 2020, 8:29 am

ഊറാമ്പുലികൾ ശ്രദ്ധേയമാകുന്നു

Janayugom Online

കോഴിക്കോട് വേങ്ങേരി സ്വദേശിനിയായ ഡോ. അപർണ സോമൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഊറാമ്പുലികൾ ശ്രദ്ധേയമാകുന്നു. ആർക്കും എത് പകലും പാതിരാവിലും സദാചാര ബോധത്തിൻ്റെ അളവുകൾ കൊണ്ട് നിരാകരിക്കാവുന്ന ജീവിതത്തിന്റെ നേർ കാഴ്ചയാണ് ഈ കുഞ്ഞ് സിനിമ. സമൂഹത്തിൽ നടക്കുന്ന വിവേചനങ്ങൾ ഒരു ട്രാൻസ്ജെന്ററുടെ രാത്രിയിലെ ബസ് യാത്രയിലൂടെ അവതരിപ്പിക്കുകയാണ് സിനിമ.

പൂർണമായും ഒരു ബസിൽ വെച്ച് സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച സിനിമ ഞെട്ടിക്കുന്ന ഒരു കാഴ്ചാനുഭവമാണ്. വിഷച്ചിലന്തികൾ എന്ന അർത്ഥം വരുന്ന ഊറാമ്പുലികളിലൂടെ വിഷം നിറഞ്ഞ ലോകത്തെയാണ് ചിത്രീകരിച്ചതെന്ന് സംവിധായിക പറയുന്നു. ട്രാൻസ്ജെന്ററുകളോട് സമൂഹം കാണിക്കുന്ന വിവേചനം ശക്തമായി തുറന്നുകാട്ടുകയാണ് ഈ സിനിമയെന്നും സംവിധായിക വ്യക്തമാക്കുന്നു. ആസുരമായ കാലത്തിന്റെ നേർപകർപ്പാണ് സിനിമയെന്ന് നടനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെടുന്നു. കഥയും സഹസംവിധാനവും ആര്യൻ കൃഷ്ണനും ക്യാമറ രാജീവ് രാജേന്ദ്രനുമാണ്. മുണ്ടമ്പ്ര ഫൈസൽ മോനാണ് നിർമ്മാണം. മഞ്ചേരി പ്രശാന്തി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ. അപർണ സോമൻ ഡോ. സി സോമസുന്ദരന്റെയും

പത്മജയുടെയും മകളാണ്. പത്ത് വർഷത്തോളമായി വിവിധ ചാനലുകളിൽ അവതാരികയായും നിറഞ്ഞു നിൽക്കുന്നുണ്ട് ഡോക്ടർ അപർണ. സഹോദരി ഡോ. അശ്വതി സോമനും അവതാരികയും അഭിനേത്രിയുമാണ്. സഹോദരൻ: അനഘ് സോമൻ.

Eng­lish sum­ma­ry; short­film oorambulikal

You may also like this video;