Saturday
16 Feb 2019

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം: എ.പി.ഐ

By: Web Desk | Sunday 10 February 2019 8:21 PM IST

കൊച്ചി: ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങളെ അതീവ ഗൗരവത്തോടെ പരിഗണിച്ച് പ്രതിവിധികള്‍ കാണേണ്ടതുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ) ദേശീയ പ്രസിഡന്റ് ഡോ. കെ.കെ. പരീഖ് പറഞ്ഞു.

എ.പി.ഐ യുടെ എഴുപത്തിനാലാമത് വാര്‍ഷിക സമ്മേളനത്തിന്റെ സമാപന ദിവസം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷിതമായ തൊഴില്‍ സാഹചര്യമല്ല ആരോഗ്യ മേഖലയിലുള്ളത്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജീവഹാനി വരെയുണ്ടാകുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ കൃത്യമായ നയങ്ങളും രൂപരേഖകളും ഇന്നില്ല.

രാജ്യത്തെ ആരോഗ്യ രംഗത്തിന് മാത്രമായി തൊഴില്‍ ആരോഗ്യ നിയമങ്ങള്‍ ആവശ്യമാണ്. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍, പകര്‍ച്ച വ്യാധികള്‍ക്കായി നിരീക്ഷണ സംവിധാനങ്ങള്‍, സുരക്ഷാ പരിശീലന പരിപാടികള്‍ എന്നിവയിലൂടെ മാത്രമേ തൊഴില്‍ ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനാവൂ. കൂടാതെ ഇന്‍ഷൂറന്‍സ് പരിരക്ഷയും അപകട സാധ്യതകള്‍ക്കും ദുതിതങ്ങള്‍ക്കും നഷ്ടപരിഹാര വ്യവസ്ഥയും നടപ്പിലാക്കണം, ഡോ.കെ.കെ.പരീഖ് പറഞ്ഞു.

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഡോ. എ.പി. മൊഹന്തി വിശദീകരിച്ചു. മെഡിക്കല്‍ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യല്‍, വായു, ജലം, രക്തം എന്നിവയിലൂടെ രോഗം പകരാനുള്ള സാഹചര്യങ്ങള്‍, ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവം എന്നിവയെല്ലാം ഗുരുതരമായ രോഗങ്ങള്‍ പകരാന്‍ കാരണമാകാം. ഇതിനു പുറമെ ജോലി സംബന്ധമായ സമ്മര്‍ദ്ദത്തിനും ഓര്‍ത്തോ പീഡിക് പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടുന്നവരുമുണ്ട്, അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നീപ്പാ വൈറസ് പടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളും സ്വീകരിച്ച പ്രതിരോധ നടപടികളും രോഗബാധിതരില്‍ നിന്നും ജീവനക്കാര്‍ക്ക് രോഗം പകരാനുണ്ടായ സാഹചര്യങ്ങളും, സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഡോ. കെ.ജി. സജീത് കുമാര്‍ വിശദീകരിച്ചു.

ഫിസിഷ്യന്‍മാരുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലെയും ശാസ്ത്ര പുരോഗതിയും പ്രധാന കാല്‍വയ്പുകളും ചര്‍ച്ച ചെയ്യ്ത നാലു ദിവസത്തെ സമ്മേളനം ‘ബ്ലെന്റിങ്ങ് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്സ്’ എന്ന പ്രമേയത്തോട് നീതി പുലര്‍ത്തുന്നതായെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത് പറഞ്ഞു.

പ്രമേഹ രോഗങ്ങള്‍, പ്രമേഹ വിദ്യാഭ്യാസം, അണുബാധ കൈകാര്യം ചെയ്യുന്ന രീതികള്‍, മുതിര്‍ന്നവരിലെ വാക്‌സിനേഷന്‍, രക്താധിസമ്മര്‍ദ്ദ നിയന്ത്രണം, ഹൃദ്രോഗ നിര്‍ണ്ണയവും ചികിത്സയും, റുമാറ്റോളജി, വാര്‍ദ്ധക്യത്തിലെ ന്യൂറോളജി പ്രശ്‌നങ്ങള്‍, ഉറക്കപ്രശ്‌നങ്ങള്‍, ലിവര്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്ഷയം, എച്ച്.ഐ.വി, എച്ച് 1 എന്‍ 1, ഗ്യാസ്‌ട്രോ എന്ററോളജി രോഗങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളില്‍ ശാസ്ത്ര സെഷനുകള്‍ നടന്നു. യു.എസ്, യു.കെ, ആസ്‌ത്രേലിയ, നെതര്‍ലാന്‍ഡ്‌സ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം വിദഗ്ധ ഡോക്ടര്‍മാരും പ്രൊഫസര്‍മാരും വിവിധ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

1944ല്‍ സ്ഥാപിതമായ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ) മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും, ഫിസിഷ്യന്‍മാരുടെ പ്രവര്‍ത്തന, ചികിത്സ മാനദണ്ഡങ്ങള്‍, നിശ്ചയിക്കുന്നതിനും നേതൃത്വം നല്‍കുന്ന പരമോന്നത സംഘടനയാണ്. പതിനായിരത്തിലധികം ഫിസിഷ്യന്‍മാര്‍ പങ്കെടുത്ത ‘ആപികോണ്‍ 2019’ സമ്മേളനത്തിന് എ.പി.ഐ കൊച്ചി ഘടകമാണ് അതിഥേയത്വം വഹിച്ചത്.