Janayugom Online
taliban militants,

തീവ്ര സ്വഭാവമുള്ള സംഘടനകളെ നിരോധിക്കണം

Web Desk
Posted on August 12, 2018, 10:03 pm

രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന പല വാര്‍ത്തകളും ഇത് ശരിവയ്ക്കുന്നതാണ്. ശിവഭക്തരെന്ന പേരില്‍ നടക്കുന്ന കന്‍വാരിയകളുടെ തീര്‍ഥയാത്ര ഉത്തരേന്ത്യയില്‍ പല ഭാഗത്തും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചാണ് കടന്നുപോകുന്നത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ഏകപക്ഷീയമായ അക്രമങ്ങളാണ് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കന്‍വാരിയകളുടെ ഘോഷയാത്രയിലുട നീളമുണ്ടാകുന്നത്.

സര്‍ക്കാര്‍ വാഹനങ്ങളും കട കമ്പോളങ്ങളും അടിച്ചു തകര്‍ത്തും ജനങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ നടത്തിയും ‘വിശ്വാസികളെ‘ന്ന പേരില്‍ ഇക്കൂട്ടര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷാന്തരീക്ഷം പൊലീസ് നോക്കിനില്‍ക്കുന്ന സ്ഥിതിയായിരുന്നു. ഉത്തര്‍പ്രദേശില്‍ പൊലീസ് ഓഫീസര്‍ തീര്‍ഥാടകര്‍ക്കുമേല്‍ ഔദ്യോഗിക ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയ സംഭവവുമുണ്ടായി. ഇവിടെത്തന്നെ സംഘര്‍ഷം ഭയന്ന് ചില ഗ്രാമങ്ങളില്‍ നിന്ന് മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ ഒഴിഞ്ഞുപോകേണ്ടി വന്ന സാഹചര്യവുമുണ്ടായി. ഇതൊക്കെയാണെങ്കിലും കേന്ദ്രഭരണത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസോ ബിജെപി ഭരിക്കുന്ന യുപിയിലെ പൊലീസോ കാര്യമായ നടപടികളൊന്നും കൈക്കൊണ്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുപ്രിംകോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിന്റെ നിസംഗതയെ വിമര്‍ശിച്ചത്. ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും അടിയന്തരമായി നിയന്ത്രിക്കണമെന്നും പരമോന്നത കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
ഈ സംഭവങ്ങള്‍ക്കിടയിലാണ് രാജ്യത്ത് വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ഹിന്ദു തീവ്ര സംഘടനയിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളില്‍ ബലി പെരുന്നാള്‍, സ്വാതന്ത്ര്യദിനം എന്നിവയ്ക്ക് മുമ്പ് സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു പദ്ധതിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വന്‍ സ്‌ഫോടകശേഷിയുള്ള ബോംബുകള്‍, ജലാറ്റിന്‍ തുടങ്ങിയ വസ്തുക്കളുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സനാതന്‍ സന്‍സ്ത, ഹിന്ദു ഗോവന്‍ശ് രക്ഷാസമിതി, ശ്രീ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്നിങ്ങനെ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ അംഗങ്ങളായവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വൈഭവ് റൗട്ട്, സുധന്‍വാ ഗണ്ഡേല്‍ക്കര്‍, ശരദ് കലസ്‌ക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയ പ്രമുഖ വ്യക്തികളെ വധിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ സംഘടനയാണ് സനാതന്‍ സന്‍സ്ത. ഈ കൊലപാതകങ്ങളിലെ പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെന്നാണ് അന്വേഷക സംഘം വെളിപ്പെടുത്തുന്നത്. നേരത്തേ നടന്ന പല സംഘര്‍ഷങ്ങളിലും നേരിട്ട് പങ്കുള്ളവരാണിവര്‍. എന്നാല്‍ ഇവര്‍ക്കെതിരെ ഫലപ്രദമായ നടപടികളുണ്ടായില്ലെന്നതാണ് അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയാക്കിയതെന്നത് യാഥാര്‍ഥ്യമാണ്. കൊലപാതകികളെ കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്താനോ ജയിലില്‍ അടയ്ക്കാനോ സര്‍ക്കാരുകള്‍ സന്നദ്ധമായില്ല. ഗോവിന്ദ് പന്‍സാരെ വധിക്കപ്പെട്ടിട്ട് മൂന്ന് വര്‍ഷത്തിലധികമായിരിക്കുന്നു. ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. വിവിധ കോടതികള്‍ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെയും മെല്ലെപ്പോക്കിനെയും നിരവധി തവണ കുറ്റപ്പെടുത്തിയെങ്കിലും വേണ്ടത്ര ജാഗ്രത ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയെല്ലാം പൂര്‍വകാലം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും കലാപങ്ങളും കൊലപാതകങ്ങളും നടത്തുന്നതിന്റേതുമായിരുന്നു. പ്രകടമായി ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടും മതിയായ നടപടികളെടുക്കാതിരിക്കുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയാക്കുന്നത്. സനാതന്‍ സന്‍സ്ത പോലുള്ള സംഘടനയെ നിരോധിക്കണമെന്ന് നേരത്തേ തന്നെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നതുമാണ്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി സംഘടിക്കുന്ന മത സാമുദായിക സംഘടനകള്‍ക്കെതിരെയും ജനകീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയും നടപടികളെടുക്കുന്ന അധികൃതര്‍ തീവ്ര സ്വഭാവമുള്ള ഹിന്ദു സംഘടനകളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഇതര സമുദായങ്ങളെ ഉപദ്രവിക്കുന്ന ഹിന്ദു തീവ്രസംഘടനകള്‍ക്ക് പുഷ്പ വൃഷ്ടി നടത്തുകയും മതേരത്വത്തിനും ജനാധിപത്യ — മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലക്കൊള്ളുന്നവരെ കൊന്നു തള്ളുന്ന കുറ്റവാളികള്‍, അതിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍ എന്നിവരെ ആദരിക്കുകയും ചെയ്യുന്ന സമീപനമാണ് ഉണ്ടാകുന്നത്. ഇത് മതേതര സങ്കല്‍പ്പത്തിന് വിഘാതമാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നതുമാണ്. തെരഞ്ഞെടുപ്പുകളില്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ആര്‍എസ്എസ്- ബിജെപി എന്നിവയുടെ ആശിര്‍വാദത്തോടെ അവരുടെ സര്‍ക്കാരുകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ രാജ്യത്തിനുണ്ടാക്കുന്ന മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. അതിന് വഴി വയ്ക്കാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനും സംഘടനകളെ നിരോധിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.