Monday
16 Sep 2019

ദുരന്തങ്ങളെ മറികടന്ന് മുന്നോട്ടു പോകാനാകണം: മുഖ്യമന്ത്രി

By: Web Desk | Friday 16 August 2019 9:44 PM IST


തിരുവനന്തപുരം: ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന്മു ന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്യന്തികമായി തളരാതെ മുന്നോട്ടുപോകേണ്ടത് നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.  73-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചശേഷം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങളുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ബന്ധുജനങ്ങളുടെ സങ്കടത്തിനൊപ്പമാണ് നാം. കഴിഞ്ഞവര്‍ഷം ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുന്നവിധം ഒരുമയോടെ നാം സഹജീവികളെ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള ഘട്ടത്തില്‍ ഒറ്റമനസ്സായി നാടിന്റെ പുനര്‍നവീകരണത്തിനും ശാക്തീകരണത്തിനും സന്നദ്ധതയോടെ, സജ്ജതയോടെ ഇറങ്ങി. ലക്ഷ്യത്തിലേക്ക് കുതിച്ചെത്തുകയായിരുന്ന ഘട്ടത്തിലാണിപ്പോള്‍ മറ്റൊരു പ്രകൃതിദുരന്തമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ആര്‍ജവത്തോടെ മുന്നേറാനും ആ മുന്നേറ്റത്തില്‍ ജീവന്‍പോലും ബലിയര്‍പ്പിക്കാനും സന്നദ്ധരായ നിരവധിയായ ധീരരക്തസാക്ഷികള്‍ നേടിത്തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഭരണഘടനയുടെ മൂല്യങ്ങളെ കൃഷ്ണമണി പോലെ കാക്കുക എന്നതാണ് ഓരോ സ്വാതന്ത്ര്യദിനവും നല്‍കുന്ന സന്ദേശം. അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ നിര്‍ഭയത്തോടെ കഴിയാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ മതനിരപേക്ഷത ദുര്‍ബലപ്പെടുന്നു എന്നാണ് അര്‍ഥം. ജനാധിപത്യ റിപ്പബ്‌ളിക്കായ ഇന്ത്യയില്‍ ജനാധിപത്യ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് വീട്ടുതടങ്കലില്‍ വരെ കഴിയേണ്ട അവസ്ഥ ഉണ്ടാകുന്നത് ജനാധിപത്യ സങ്കല്‍പ്പത്തോട് അടുക്കുകയാണോ അകലുകയാണോ എന്ന് ചിന്തിക്കണം.
സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങള്‍ക്ക് നേര്‍ക്കുകടന്നുകയറ്റമുണ്ടായാല്‍ അത് ഭരണഘടനയുടെയും ഫെഡറല്‍ ഘടനയുടെയും സത്തയ്ക്ക് എതിരാകും. ഇത്തരം നിരവധി കാര്യങ്ങള്‍ മുന്‍നിര്‍ത്തി ആത്മപരിശോധനയ്ക്കുള്ള സന്ദര്‍ഭം കൂടിയാണ് സ്വാതന്ത്ര്യദിനം. മതനിരപേക്ഷതയ്ക്ക് പലവിധ വെല്ലുവിളികള്‍ ഉയരുന്നഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയിലെ ഒരു ആരാധനാലായം കാണിച്ചത് മഹത്തായ മാതൃകയാണ്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആ മുസ്‌ലിം ആരാധനാലയം വിട്ടുനല്‍കിയത് രാജ്യത്തിന് മുന്നില്‍ കേരളത്തിന് ചൂണ്ടിക്കാട്ടാനാകുന്ന മഹത്വപൂര്‍ണമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസം എത്തിക്കുന്നതിലും നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനം ഉറപ്പാക്കുന്നതിലും ഒന്നുംതന്നെ തടസ്സമായിക്കൂടാ എന്ന നിഷ്‌കര്‍ഷയോടെയാണ് സര്‍ക്കാര്‍ നീങ്ങിയത്. അതുകൊണ്ടുതന്നെ അസാധ്യമായത് ഒന്നുമില്ല എന്ന് കേരളജനത തെളിയിച്ചു. അതേ നിശ്ചയദാര്‍ഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളില്‍നിന്ന് കരകയറുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News