ഷാജി ഇടപ്പള്ളി

കൊച്ചി

June 17, 2020, 9:42 am

ജീവനക്കാർ ദുരിതത്തിൽ; ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇളവ് വേണം 

Janayugom Online

കോവിഡിനെ തുടർന്നുള്ള ലോക് ഡൗൺ നീണ്ടതോടെ ദുരിതത്തിലായ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളുടെയും ജീവനക്കാരുടെയും നിലനിൽപിന് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കണമെന്ന ആവശ്യം ശക്തം. ലോക് ഡൗൺ  ഇളവുകളിൽ സ്ഥാപനങ്ങളെല്ലാം സാധാരണ നിലയിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തനം ആരംഭിച്ചുവെങ്കിലും കഴിഞ്ഞ മൂന്നു മാസത്തോളമായി അടഞ്ഞുകിടക്കുന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് പ്രവർത്തനം ആരംഭിക്കുന്നതിന് യാതൊരു അനുമതിയും ഇതുവരെ നൽകാത്തതിനാൽ കേരളത്തിലെ  അയ്യായിരത്തോളം വരുന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളും കാൽ ലക്ഷത്തിലേറെ വരുന്ന ജീവനക്കാരും ഉപജീവനമാർഗം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

സ്വകാര്യ കാറുകളിലും  ടാക്സികളിലും ഡ്രൈവറടക്കം നാലുപേർക്ക് സഞ്ചരിക്കാനുള്ള അനുമതി ലോക് ഡൗൺ  ഇളവുകളിൽ  നൽകിയിട്ടുണ്ട്. സമാനമായി മറ്റ്‍ വാഹനങ്ങൾക്കും ഇളവുകളുണ്ട്. അതിനാൽ സുരക്ഷ മാനദണ്ഡങ്ങൾക്കനുസൃതമായി  വാഹനങ്ങൾ അണുവിമുക്തമാക്കി സാമൂഹിക അകലം പാലിച്ചും  ഡ്രൈവിംഗ് പരിശീലനം ആരംഭിക്കുന്നതിനുള്ള അനുമതി ഡ്രൈവിംഗ് സ്കൂളുകൾക്ക് നൽകണമെന്നാണ് ഈ മേഖലയിലെ ജീവനക്കാരുടെ ആവശ്യം.

മാർച്ച് പതിനായിരുന്ന അവസാനമായി ഡ്രൈവിംഗ് ടെസ്റ്റ് നടന്നിട്ടുള്ളത്. അതിന് ശേഷം മോട്ടോർ വാഹനവകുപ്പ് ടെസ്റ്റ് നിർത്തിവെച്ചു. പരിശീലനം പൂർത്തിയാക്കിയവർക്ക് പോലും ടെസ്റ്റിന്  ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇനി പുതിയ തീയതി ലഭിച്ചാലും വീണ്ടും ഇവർക്ക് പരിശീലനം ആവശ്യമാണ്. ഡ്രൈവിങ്ങ് സ്കൂളുകൾ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ഒട്ടുമിക്കവയും ഉപയോഗിക്കാതെ കിടക്കുന്നതുമൂലം കേടുപാടുകൾ വരാവുന്ന നിലയിലാണ്.

വായ്പയും മറ്റുമെടുത്തു വാങ്ങിയ വാഹനങ്ങളാണ് ഇവയിലേറെയും. ബാങ്ക് വായ്പ അടവിൽ കുടിശികയും കെട്ടിട വാടകയുമെല്ലാം വർദ്ധിച്ചിട്ടുണ്ട്. ഇനി കാലവർഷത്തിൽ  കാര്യമായ വരുമാനവും ഉണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തിൽ പ്രതിസന്ധികൾക്ക് പരിഹാരമായി ഡ്രൈവിംഗ് സ്കൂളുകൾക്ക് പ്രവർത്തനാനുമതി  നൽകുന്ന കാര്യത്തിൽ സർക്കാർ അനുഭാവപൂർണമായ നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിൽ നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും.

you may also like this video;