Friday
06 Dec 2019

ഇന്ത്യയും പാകിസ്ഥാനും ആജന്മശത്രുക്കളായിതന്നെ തുടരണോ?

By: Web Desk | Saturday 10 August 2019 10:56 PM IST


lokajalakam

ഴുപത്തിരണ്ട് സംവത്സരങ്ങള്‍ക്ക് മുമ്പ് 1947 ഓഗസ്റ്റ് 14നും 15നുമായി ഇരട്ടപെറ്റ മക്കളെപ്പോലെ ജന്മംകൊണ്ട രാജ്യമാണ് പാകിസ്ഥാനും ഇന്ത്യയും. ഇരട്ടപെറ്റപോലെയാണെങ്കിലും ജനിക്കുമ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ആജന്മവൈരികളെപ്പോലെയായിരുന്നു. ഹിന്ദു-മുസ്‌ലിം വൈരംതന്നെയായിരുന്നല്ലോ ഈ ഇരട്ടപ്പിറവിക്ക് അടിസ്ഥാനം. അങ്ങനെയാണല്ലൊ രണ്ടായിരത്തോളം മൈല്‍ അകലെയുള്ള ബംഗാളിന്റെ കിഴക്കന്‍ ഭാഗം പാകിസ്ഥാന്റെ ഭാഗമായത്. കിഴക്കന്‍ പാകിസ്ഥാന്‍ എന്നായിരുന്നു അതിന്റെ വിളിപ്പേര്. രണ്ട് അതിര്‍ത്തികളിലും രക്തപ്പുഴ ഒഴുക്കിക്കൊണ്ടുള്ളതായിരുന്നു ഈ ജനനം എന്നതുകൊണ്ട് മാത്രം ആ വൈരാഗ്യം ഇപ്പോഴും രണ്ടു ഭാഗങ്ങളിലും നിലനില്‍ക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല.
ഇന്ത്യയെ ഇപ്രകാരം രണ്ടായി പിളര്‍ക്കാനുള്ള ഗൂഢതന്ത്രം ബ്രിട്ടീഷുകാരാണ് മെനഞ്ഞെടുത്തത്. ഇന്ത്യ ഒരൊറ്റ രാജ്യമായി നിലനിന്നാല്‍ അത് ലോകത്തിലെ ഒരു മഹാശക്തിയായി വളര്‍ന്ന് വികസിക്കുമായിരുന്നു. ഹിന്ദു – മുസ്‌ലിം വൈരാഗ്യം ആളിക്കത്തിക്കാന്‍ ആരും ശ്രമിക്കാതിരുന്നെങ്കില്‍. പക്ഷെ, ബ്രിട്ടീഷുകാര്‍ ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചതുതന്നെ ഒരു ദുഷ്ടലാക്കോടെയായിരുന്നല്ലൊ.
സ്വാതന്ത്ര്യദിനം മുതല്‍ക്ക് രണ്ട് രാജ്യങ്ങളുടെയും ഗവര്‍ണര്‍ ജനറല്‍മാരായി ഇംഗ്ലീഷ് രാഷ്ട്രീയക്കാരെ നിയമിച്ചതിന്റെ ഉദ്ദേശ്യവും മറ്റൊന്നായിരുന്നില്ല. കശ്മീരിനെ വെട്ടിപ്പിടിക്കാന്‍ പാകിസ്ഥാന് പ്രേരണ ഉണ്ടായതും സന്നദ്ധഭടന്മാരെന്നുള്ള വ്യാജേന തലസ്ഥാനമായ ശ്രീനഗറില്‍ എത്തും മുമ്പ് അവരെ ഓടിച്ചുവിടാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കത്തിന് തുരങ്കം വച്ചുകൊണ്ട് ആ പ്രശ്‌നം ഇപ്പോഴും നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും രണ്ടിടങ്ങളിലെയും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍മാരുടെ ഗൂഢതന്ത്രത്തിന്റെ ഫലമായാണെന്ന് ചരിത്രം തെളിയിക്കാനിരിക്കുന്നതേയുള്ളു. എന്തായാലും കശ്മീര്‍ പ്രശ്‌നം ഇപ്പോഴും നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതില്‍ ബ്രിട്ടീഷ് – അമേരിക്കന്‍ സഖ്യത്തിനുള്ള പങ്ക് ചെറുതൊന്നുമല്ല.
ജന്മനാള്‍ തൊട്ടുതന്നെ ആരംഭിച്ച ഈ ശത്രുതയ്ക്ക് പിന്‍ബലമായത് അമേരിക്കയുടെ നാറ്റൊ സഖ്യത്തിന്റെ കൈഅയച്ചുള്ള സഹായം മൂലമാണെന്നതില്‍ തര്‍ക്കമില്ല. ആദ്യനാള്‍ തൊട്ട് പാകിസ്ഥാന് അമേരിക്കയിലും മറ്റു പാശ്ചാത്യരിലും നിന്നും ലഭിച്ച സാമ്പത്തികവും സൈനികവുമായ ഭാരിച്ച പിന്തുണ ആരും നിഷേധിക്കുകയില്ല. ആ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് മൂന്ന് വന്‍കിട യുദ്ധങ്ങള്‍ക്ക് പാകിസ്ഥാന്‍ തുനിഞ്ഞത്. മൂന്നിലും അവര്‍ അമ്പേ പരാജയപ്പെടുകയാണുണ്ടായത്.
ഈ യുദ്ധങ്ങളില്‍ മൂന്നാമത്തേത് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രമാകാന്‍ കിഴക്കന്‍ ബംഗാള്‍ നടത്തിയ ധീരോദാത്ത പോരാട്ടത്തിന് ഇന്ത്യ നല്‍കിയ വമ്പിച്ച സഹായം കാരണമായിരുന്നു. ഇതില്‍ ജയം ബംഗ്ലാദേശിന് ഉറപ്പാകുമെന്ന് വന്നപ്പോള്‍ അമേരിക്കന്‍ ഏഴാം നാവികസേനയുടെ സഹായം പോലും പാകിസ്ഥാന്‍ തേടിയിരുന്നു. സോവിയറ്റ് നാവികസേനയും അവര്‍ക്ക് പിന്നാലെ പാഞ്ഞെത്തിയതുകൊണ്ടാണ് ആ ശ്രമം വിഫലമായതും ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയതും. ഇന്ത്യന്‍ സൈന്യത്തിന്റെ സജീവമായ സൈനിക ഇടപെടലാണ് ഇതില്‍ നിര്‍ണായകമായത്. അതോടെ പാകിസ്ഥാന്‍ ഒരു ചിറകരിഞ്ഞ സ്ഥിതിയിലായി.
ഈ വമ്പിച്ച വിജയത്തെപ്പോലും തമസ്‌ക്കരിച്ചുകൊണ്ട് കാര്‍ഗില്‍ പോലുള്ള ചില്ലറ ഏറ്റുമുട്ടലുകളെ പര്‍വതീകരിക്കാന്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ നടത്തുന്ന പരിഹാസ്യമായ പ്രയത്‌നത്തെ കണ്ടില്ലെന്നുവയ്ക്കാനാവില്ല.
ഇതെല്ലാമായിട്ടും പാകിസ്ഥാന്റെ നിലപാട് ‘അരീംതിന്ന് ആശാരിച്ചിയേയും കടിച്ച നായ’യുടെ മുറുമുറുപ്പ് പോലെയാണ്. മേല്‍പ്പറഞ്ഞ മൂന്ന് യുദ്ധങ്ങളിലും ഉജ്ജ്വലവിജയം കൈവരിച്ച ഇന്ത്യയാകട്ടെ സൗമനസ്യത്തിന്റേതായ ഒരു നിലപാടാണ് പാകിസ്ഥാനോട് 2014 വരെയുള്ള എല്ലാ സര്‍ക്കാരുകളും വാജ്‌പേയ് ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിമാരും കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍, അതിനുശേഷം അധികാരത്തില്‍ വന്ന സംഘപരിവാറിന്റെ പുതിയ സര്‍ക്കാരിന്റേത് അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് പറയാതെവയ്യ. ഇന്ത്യയോടുള്ള പാകിസ്ഥാന്റെ നയം അന്നെല്ലാം ശത്രുതാപരമായിരുന്നെങ്കിലും ഇന്ത്യയിലെ മുന്‍കാല സര്‍ക്കാരുകളെല്ലാം സൗമനസ്യത്തോടയേ പെരുമാറിയിട്ടുള്ളു. പട്ടാള ജനറല്‍മാര്‍ ആ നാടു ഭരിച്ചപ്പോഴെന്നപോലെ തന്നെയാണ് ഭൂട്ടോയുടെ സിവിലിയന്‍ ഭരണകാലത്തും ഇന്ത്യയോടുള്ള അവരുടെ സമീപനം. ഭൂട്ടോ പ്രധാനമന്ത്രിയായിരുന്നപ്പോഴാണല്ലോ ഇന്ത്യയ്‌ക്കെതിരായി ഏറ്റവും വലിയ ഒരു യുദ്ധം നടന്നത്. 2014ന് ശേഷം ആ സ്ഥിതി ആകെ മാറിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പ്രകോപനങ്ങള്‍ക്ക് അന്നും യാതൊരു കുറവുമുണ്ടായിരുന്നില്ലെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതുമില്ലല്ലൊ. പാകിസ്ഥാനോടുള്ള സംഘപരിവാറിന്റെ സമീപനം പണ്ടുമുതല്‍ക്കേതന്നെ വിദ്വേഷം നിറഞ്ഞതായിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് ടീം മുംബൈയില്‍ കളിക്കുന്നത് തടയാന്‍ സംഘികള്‍ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ച് വെട്ടിക്കുഴിച്ചിട്ട സംഭവം നമ്മുടെ ഓര്‍മ്മയിലുണ്ടാവണം.
അതിനുശേഷം ഇന്ത്യയില്‍ പാകിസ്ഥാന്റെ ഒരു ക്രിക്കറ്റ് ടീമിനെ കളിക്കാന്‍ അനുവദിച്ചിട്ടില്ല. വിദേശങ്ങളില്‍ വച്ചാണ് പാകിസ്ഥാന്‍ ടീമുമായുള്ള അന്താരാഷ്ട്ര മാച്ചുകള്‍ നടന്നിട്ടുള്ളത്. ആ രാജ്യത്തിന്റെ അക്രമോത്സുകതയ്ക്ക് അന്നാട്ടുകാരോ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് പ്രേമികളോ എന്തുപിഴച്ചുവെന്ന് ചോദിക്കാന്‍ പോലും ഇവിടെ ആരുടെയും ശബ്ദം ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഡേവിഡ് കപ്പ് ടെന്നീസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു ഇന്ത്യന്‍ ടീമിനെ ഇവിടത്തെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നതു സന്തോഷകരമായ വാര്‍ത്തതന്നെയാണെന്നതില്‍ സംശയമില്ല. 1964നുശേഷം ആദ്യമായാണ് കളിക്കളത്തിലെങ്കിലും ഇപ്രകാരമൊരു അയവ് ദൃശ്യമായിട്ടുള്ളത്.
പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് തികച്ചും വ്യത്യസ്തമായൊരു സ്വരമാണ് കേള്‍ക്കാന്‍ തുടങ്ങിയിട്ടുള്ളത്. ഇമ്രാന്‍ഖാന്‍ എന്ന ക്രിക്കറ്റ് കളിക്കാരന്‍ ഇന്ത്യയില്‍ കളിക്കാന്‍ വന്നിരുന്ന കാലത്ത് അദ്ദേഹത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ സൗഹാര്‍ദപരമായ ഒരു സ്വീകരണമാണ് നല്‍കിയിരുന്നത്. പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍മാരെ ആദരവോടെയാണ് ഇന്ത്യന്‍ കളിക്കാരും ക്രിക്കറ്റ് പ്രേമികളും സ്വാഗതം ചെയ്തിട്ടുള്ളത്.
പട്ടാളത്തിന്റെയും വര്‍ഗീയവാദികളുടെയും കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായൊരു സമീപനമാണ് ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതിനുശേഷം ആദ്യന്തം സ്വീകരിച്ചിട്ടുള്ളത്. ആ ഒരു ഊഷ്മളത ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനിയും ദൃശ്യമായി തുടങ്ങിയിട്ടില്ല. ആ ഹസ്തദാനത്തെ ഇടംകൈകൊണ്ട് തട്ടുകയാണ് നാം ഇതുവരെ ചെയ്തിട്ടുള്ളത്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കശ്മീര്‍ കാര്യത്തിലൊഴികെ മറ്റൊരു പ്രശ്‌നത്തിലും അത്ര വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളുവെന്ന് സമീപകാല ചില കൊച്ചുസംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.
യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് ഏഴു പതിറ്റാണ്ടുകളിലെ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കേണ്ടതാണ്. അപ്പോള്‍ പിന്നെ സംഭാഷണങ്ങളും കൂടിയാലോചനകളും മാത്രമാണ് ഒരു പോംവഴി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി പ്രസിഡന്റ് ട്രംപിന് ബദ്ധവൈരിയെന്ന് സങ്കല്‍പ്പിക്കപ്പെട്ടിരുന്ന വടക്കന്‍ കൊറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ചയും സംഭാഷണവും നടത്താമെങ്കില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി കണ്ട് തര്‍ക്ക പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ നാം തയ്യാറല്ലെന്ന് പറയുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോയെന്ന് ബന്ധപ്പെട്ടവരെല്ലാം ആലോചിക്കേണ്ടത്.
ഇത്തരുണത്തിലാണ് അമേരിക്കന്‍ പ്രസിഡന്റുമായുള്ള പ്രധാനമന്ത്രി മോഡിയുടെ കൂടിക്കാഴ്ചയ്ക്കിടയില്‍ പാകിസ്ഥാനുമായുള്ള അനുരഞ്ജന പ്രശ്‌നം ചര്‍ച്ചാവിഷയമായെന്ന വിവാദ പ്രസ്താവന അമേരിക്കയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പ്രസിഡന്റ് ട്രംപിനോട് ഇതില്‍ മാധ്യസ്ഥം വഹിക്കാന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തമായി നിഷേധിച്ചിരിക്കുകയാണ്. ഇന്തോ-പാക് തര്‍ക്കം തീര്‍ക്കാന്‍ ഒരു മധ്യസ്ഥന്റെ ഇടനില വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ 72 കൊല്ലമായി എന്തുകൊണ്ട് അത് നടക്കുന്നില്ലെന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.
ഒരു മധ്യസ്ഥനാകാന്‍ പ്രധാനമന്ത്രി മോഡി അമേരിക്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രശ്‌നം ഇരുവരുടെയും ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുണ്ടാകാം. ഒരു തര്‍ക്കത്തില്‍ ഇടനിലക്കാരനാകാമെന്ന പ്രസിഡന്റ് ട്രംപിന്റെ സമ്മതമായിരിക്കാം ഈ പ്രസ്താവന ധ്വനിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് അത് സമ്മതമല്ലെങ്കില്‍ അത് മറ്റൊരു കാര്യം. പക്ഷെ, പ്രശ്‌നം തീരുമെങ്കില്‍ അങ്ങനെയൊരു ഇടനിലക്കാരന്റെ സഹായം സ്വീകരിക്കുന്നതുകൊണ്ട് യാതൊരു നാണക്കേടുമില്ല.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നു അഭിമാനിയായ മോഡിപോലും പറയുമെന്ന് തോന്നുന്നില്ല. അത് തീര്‍ക്കാന്‍ ആഗ്രഹമുണ്ടോ എന്നതാണ് ചോദ്യം. അതല്ല, തര്‍ക്കം നീട്ടിക്കൊണ്ടുപോകുന്നതാണ് ഹിന്ദുത്വ അജന്‍ഡയെങ്കില്‍ അത് മറ്റൊരു കാര്യം. ജര്‍മ്മനിയിലെ ഹിറ്റ്‌ലര്‍ ഒരു യഹൂദ പ്രശ്‌നം പൊക്കിപ്പിടിച്ചതുപോലെ ഒരു ഹിന്ദുത്വ കാര്യപരിപാടി പ്രധാന ഇനമായി ഉയര്‍ത്തിപ്പിടിക്കാനാണ് താല്‍പര്യമെങ്കില്‍ അതും മറ്റൊരു കാര്യം.
സ്വാതന്ത്ര്യത്തിന്റെ 72-ാം വാര്‍ഷികത്തിലെങ്കിലും അയല്‍ രാജ്യവുമായി ഭീകരവാദ ഭീഷണിയില്ലാതെ രമ്യമായി ജീവിക്കാന്‍ അവസരമുണ്ടാകുമെങ്കില്‍ അതിനായിരിക്കും ബുദ്ധിയുള്ളവര്‍ മുന്‍ഗണന നല്‍കുക.