ഗുണ്ടാ ലഹരി മാഫിയകളെ അടിച്ചമര്‍ത്തണം സിപിഐ

Web Desk
Posted on April 25, 2019, 3:50 pm

തൃശ്ശൂര്‍: ജില്ലയിലെ ഗുണ്ടാ ലഹരി മാഫിയകളെ ഒരു കാരണവശാലും വെറുതെ വിടരുതെന്നും അത്തരക്കാരെ അടിച്ചമര്‍ത്തുക തന്നെ വേണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു. ഇന്നലെയാണ് മുണ്ടൂരില്‍ 2 ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയത്. ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് ഒറ്റിക്കൊടുത്തു എന്ന കാരണത്താലാണ് കൊലപാതകം എന്ന് പറയപ്പെടുന്നു. നാലാമത്തെ ജീവനാണ് ലഹരി മാഫിയകള്‍ ഇല്ലാതാക്കിയത്. വാടാനപ്പിള്ളിയില്‍ എഐവൈഎഫ് നേതാവായ അന്‍സിലിനെ കൊലപ്പെടുത്തിയതും ഇത്തരം ലഹരിക്ക്ടിമപ്പെട്ട ഗുണ്ടകളാണ്. പെരിങ്ങോട്ടുക്കരയില്‍ വിഷു ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് വന്ന ഒരു ചെറുപ്പക്കാരനെ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ തല്ലി കൊല്ലുകയുണ്ടായി. അത്തരക്കാരെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ. അടിച്ചമര്‍ത്തുക തന്നെ വേണം. അതേ പോലെ തന്നെ ബസ്സുകളിലെ ഗുണ്ടാ വിളയാട്ടവും അവസാനിപ്പിക്കണം.

കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്കെതിരെ ബസ്സ് ജീവനക്കാര്‍ നടത്തിയ ആക്രമണം നീതീകരിക്കാവുന്നതല്ല. ബസ്സ് ജീവനക്കാരെ നിയമിക്കുമ്പോള്‍ അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റും പരിശോധിക്കേണ്ട സാഹചര്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശനമായ നടപടികള്‍ തന്നെ ഇത്തരക്കാര്‍ക്കെതിരെ ഉണ്ടാകണമെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ആവശ്യപ്പെട്ടു. പൊതുജനങ്ങളും ഇത്തരം ലഹരി ഗുണ്ടാ മാഫിയകള്‍ക്കെതിരെ ജാഗ്രതാ പുലര്‍ത്തണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.