Friday
22 Feb 2019

സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിക്കണം

By: Web Desk | Wednesday 11 July 2018 10:49 PM IST

ന്യൂഡല്‍ഹി: സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും അവഗണനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.

താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. താജ്മഹലിന്‍റെ സംരക്ഷണത്തിനായി കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം യു പി സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടികാട്ടി.

ഫ്രാന്‍സിലെ ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍. അത്രയും മനോഹരമായ ഇതിനെ നന്നായി പരിരക്ഷിക്കുകയാണെങ്കില്‍ കേന്ദ്രത്തിന്‍റെ വിദേശ വിനിമയ പ്രശ്‌നം തന്നെ പരിഹരിക്കപ്പെടും. സര്‍ക്കാരിന്‍റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നേരത്തെ താജിന്‍റെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെയും സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.

അതേസമയം, താജ്മഹലിനെ മലിനപ്പെടുത്തുന്നതിന്‍റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിറ്റി ശുപാര്‍ശകള്‍ തയ്യാറാക്കി വരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ധര്‍ താജ്മഹലിന് ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണ തോത് നിരന്തരം പരിശോധിക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസ് ജൂലൈ 31ന് പരിഗണിക്കാനായി മാറ്റി.

താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് വന്‍വിവാദമായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് ബുക്ക്‌ലെറ്റില്‍ നിന്നാണ് താജ്മഹലിനെ ഒഴിവാക്കിയത്. ആശയവിനിമയത്തില്‍ വന്ന പിശകാണ് താജ് മഹല്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ആരംഭിച്ച വെബ് പോര്‍ട്ടലിലും താജ്മഹലിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്‍റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതുകൊണ്ട് രാമായണമോ ഭഗവദ്ഗീതയോ ഉപഹാരമായി നല്‍കിയാല്‍ മതിയെന്നുമാണ് യോഗി പറഞ്ഞത്.

താജ്മഹലിന് സമീപമുള്ള ബഹുനില പാര്‍ക്കിങ് കെട്ടിടം പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു ഇത്. ബഹുനില പാര്‍ക്കിങ് സംവിധാനത്തിന്‍റെ നിര്‍മാണം താജ്മഹലിന് കേടുപാടുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

നിര്‍മാണം പുരോഗമിക്കുന്ന ബഹുനിലകെട്ടിടം താജ്മഹലിനും പരിസ്ഥിതിക്കും ദോഷം സൃഷ്ടിക്കുമെന്ന, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം സി മേത്തയുടെ പരാതിയിലാണ് സുപ്രിം കോടതി തീരുമാനം. പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള അനുമതിയും ബഹുനില കെട്ടിടത്തിന് ലഭിച്ചിട്ടില്ലായിരുന്നു. സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി 231 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെത്തുന്ന ലോകത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ താജ്മഹലില്‍ പ്രതിവര്‍ഷം 60 ലക്ഷം വിദേശ സഞ്ചാരികളാണ് എത്തുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള താജ്മഹലിനെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയതും വര്‍ഗീയതയുടെ പേരില്‍ അവഗണിക്കാന്‍ ശ്രമിക്കുന്നതും.

Related News