December 24, 2019 11:58 pm
രാജാജി മാത്യു തോമസ്
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ മോഡി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഓരോന്നും പരാജയമടയുകയാണ്. ഉത്തേജന പാക്കേജുകള്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനുള്ള നടപടികളായി മാറുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷിക‑വ്യാവസായിക മാന്ദ്യവും പരിഹരിക്കാനുതകുന്ന, അതിനെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന, യാതൊരു മാര്‍ഗവും കാണാതെ ഇരുട്ടില്‍ തപ്പിതടയുകയാണ് ഭരണകൂടം. സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ മസ്‍ദൂര്‍ സംഘ് (ബിഎംഎസ്), അവരുടെ ചിന്താകേന്ദ്രമെന്ന് അറിയപ്പെടുന്ന സ്വദേശി ജാഗരണ്‍ മഞ്ച് എന്നിവയെല്ലാം മോഡി ഭരണകൂട നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. രാജ്യത്തെമ്പാടും കര്‍ഷകരും തൊഴിലാളികളും ശക്തമായ പ്രത്യക്ഷ നടപടികള്‍ക്കാണ് തയാറെടുത്തു വരുന്നത്. മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും ഇതരപൊതുമേഖലാ ജീവനക്കാരുടെയും തൊഴിലാളികളുടെയും സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും 2020 ജനുവരി എട്ടിന് ദേശവ്യാപക പൊതുപണിമുടക്കിന് ആഹ്വാനം നല്‍കി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇരുന്നൂറിലധികം കര്‍ഷക സംഘടനകളുടെ സംയുക്ത സമരസമിതി അന്നേ ദിവസം രാജ്യത്തുടനീളം ഗ്രാമീണ ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. രാഷ്ട്ര സമ്പദ്ഘടനയെ നിശ്ചലമാക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക തൊഴിലാളി നടപടിക്കാണ് രാജ്യം ഒരുങ്ങുന്നത്. ദേശീയ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതില്‍ മോഡി ഭരണകൂടം ദയനീയ പരാജയമാണ്. മോഡിയുടെ നോട്ടുനിരോധനം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഭരണകൂട വിഡ്ഢിത്തമായാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ നിരവധി വര്‍ഷങ്ങള്‍തന്നെ വേണ്ടിവരും. ആവശ്യമായ തയാറെടുപ്പുകളോ കൂടിയാലോചനകളോ കൂടാതെ, അനവസരത്തില്‍ സാഹസികമായി അടിച്ചേല്‍പ്പിച്ച ചരക്കുസേവന നികുതി സംവിധാനം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍വരുമാന നഷ്ടമാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം, വരുമാന നഷ്ടത്തിനു നിയമാനുസൃതം നല്‍കേണ്ട നഷ്ടപരിഹാര തുക എന്നിവ യഥാസമയം നല്‍കാനാവാത്ത ഗതികേടിലാണ് മോഡി ഭരണകൂടം. രാജ്യത്തെ ദശകോടികള്‍ വരുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിപോലും അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. കേരളത്തിനുമാത്രം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലി കുടിശികയും പലിശയുമടക്കം ലഭിക്കേണ്ടത് 1,114 കോടി രൂപയാണ്. നികുതി വിഹിതത്തിനും കൂലി കുടിശികയ്ക്കും സംസ്ഥാനങ്ങള്‍ കോടതി കയറേണ്ട ഗതികേടിലെത്തിയിരിക്കുന്നു. രാജ്യം സമ്പൂര്‍ണ ഭരണസ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. ഭരണസ്തംഭനത്തില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് പൗരത്വ നിയമവും രജിസ്റ്ററും. പൗരത്വ നിയമത്തിനും രജിസ്റ്ററിനും എതിരായി ഉയര്‍ന്നുവന്നിരിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തെ രാഷ്ട്രീയമായി പരിഹരിക്കുന്നതിനു പകരം അതിനെ തെരുവില്‍ നേരിടാനാണ് ഭരണകൂടം മുതിര്‍ന്നിരിക്കുന്നത്.
ഞായറാഴ്ച തലസ്ഥാനത്ത് രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി തുടങ്ങിവച്ച സംഘ് പരിവാര്‍ പ്രചാരവേല രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിന് എതിരായ തീക്കളിയാണ്. നാസി കലാപസംഘങ്ങളായ ‘സ്റ്റോം ട്രൂപ്പേര്‍സ്’ ഹിറ്റ്ലറുടെ ജര്‍മനിയില്‍ സൃഷ്ടിച്ചതിന് സമാനമായ ജനാധിപത്യ ധ്വംസനങ്ങളിലേക്കും അക്രമപരമ്പരകളിലേക്കും വംശീയ ഉന്മുലനത്തിലേക്കും രാജ്യം വഴുതി നീങ്ങാതിരിക്കാന്‍ രാഷ്ട്രീയ ജാഗ്രത അനിവാര്യമാണ്. അവിടെയാണ് ഇപ്പോഴത്തെ പ്രക്ഷോഭ സമരങ്ങളുടെ ഭാവിയെപ്പറ്റിയും അതിന്റെ വഴികളെപ്പറ്റിയും ഗൗരവമായ ആലോചന ആവശ്യമാകുന്നത്. പൗരത്വ നിയമത്തിനും രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും മുസ്‌ലിം ജനവിഭാഗത്തിന്റെ പ്രശ്നമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിശിതമായി എതിര്‍ക്കപ്പെടണം. ഇപ്പോഴത്തെ പ്രക്ഷോഭത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും തൊഴില്‍ രഹിതരായ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും അവകാശസമരങ്ങളുമായി രാഷ്ട്രീയമായി കൂട്ടിയിണക്കുക എന്നതുതന്നെയാണ് അതിനുള്ള പോംവഴി.
മുഖ്യധാര രാഷ്ട്രീയത്തോട് പല കാരണങ്ങളാലും വിമുഖത വച്ചുപുലര്‍ത്തുന്ന ജനവിഭാഗങ്ങളോടും അവരുടെ സംഘടനകളോടും തുറന്നതും ആരോഗ്യപരവുമായ സംവാദത്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, മുന്‍കൈയെടുക്കണം. ഇരുപക്ഷത്തിനും പരസ്പരം ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുണ്ടാവും. വിയോജിപ്പുകള്‍ ഉണ്ടാവും. എന്നാല്‍ ഫാസിസത്തെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയുമാണ് മുഖ്യ ലക്ഷ്യമെന്നത് വിസ്മരിച്ചുകൂട. ഫാസിസ്റ്റ് മുന്നേറ്റത്തെ തടയുന്നതിന് യോജിച്ച പ്രവര്‍ത്തനവും പ്രതിരോധവും ഉറപ്പുവരുത്തുന്നതില്‍ ജനാധിപത്യ ശക്തികള്‍ക്ക് ഉണ്ടായ പരാജയമാണ് ജര്‍മ്മനിയില്‍ നാസികളുടെ വളര്‍ച്ചയ്ക്കും വിനാശകാരിയായ രണ്ടാം ലോക യുദ്ധത്തിനും വഴിവച്ചതെന്ന ചരിത്രസത്യം ആര്‍ക്കാണ് അവഗണിക്കാനാവുക.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.