Janayugom Online
Sivagiri 2

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാം

Web Desk
Posted on December 31, 2018, 4:50 pm

കാനം രാജേന്ദ്രന്‍

ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന് ജനുവരി ഒന്നിന് സമാപനമാവുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് വനിതാ മതില്‍ ഉയരുന്നതും അന്നുതന്നെ.
ശ്രീനാരായണ ഗുരു മാനവികതയുടെ വക്താവായിരുന്നു. ശ്രീനാരായണ ഗുരു ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ വക്താവായിരുന്നില്ല എന്നതുപോലെ, ഒരു പ്രത്യേക രാഷ്ട്രത്തിന്റേയും വക്താവായിരുന്നില്ല. മനുഷ്യരുടെ മുഴുവന്‍ ഐക്യവും, സാഹോദര്യവും, ഔന്നത്യവുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം.
ശ്രീനാരായണ ഗുരു വര്‍ക്കലക്കുന്നുമായി അധികം പരിചയിച്ചു തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തി നാലാമാണ്ടില്‍ ആയിരുന്നു. കുന്നിന്റെ പ്രകൃതി രമണീയത ഗുരുവിനെ ആകര്‍ഷിച്ചു. ഒരു പര്‍ണശാല കെട്ടിയുണ്ടാക്കി അവിടെ പാര്‍ക്കുകയും പലവക സസ്യങ്ങള്‍ നട്ടുവളര്‍ത്തുകയും ചെയ്തു. ക്രമേണ സ്വാമികള്‍ സര്‍ക്കാരില്‍ നിന്നും ആ കുന്ന് ചാര്‍ത്തി വാങ്ങി. ആ കുന്നാണ് പിന്നീട് ശിവഗിരി ആയി മാറിയത്. അടുത്തുള്ള ചില ഭൂസ്വത്തുക്കള്‍ അവയുടെ ഉടമസ്ഥന്മാരായ മാന്യന്‍മാര്‍ സ്വാമികള്‍ക്ക് ദാനം ചെയ്തു. അവിടെ ഒരു ക്ഷേത്രവും മഠവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ആദ്യം പര്‍ണശാല കെട്ടിയുണ്ടാക്കിയതിനു സമീപമായിട്ടാണ് പിന്നീട് ശാരദാ പ്രതിഷ്ഠ നടത്തിയത്. അടുത്ത കര്‍ക്കിടക വാവിന് സ്വജനങ്ങള്‍ വാവുബലി ഇടുന്നതിന് കടപ്പുറത്ത് കൂടുന്നതിനു പകരം സ്വാമിയുടെ പുതിയ മഠത്തില്‍ എത്തിച്ചേരുവാന്‍ ഏര്‍പ്പാട് ചെയ്തു. ശ്രാദ്ധ കര്‍മ്മങ്ങളൊക്കെ ശിഷ്യന്മാരെക്കൊണ്ട് ചെയ്യിച്ചു. രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ സാധു കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഒരു വിദ്യാലയവും കുറവന്‍മാര്‍ക്കായി ഒരു നിശാപാഠശാലയും ഏര്‍പ്പെടുത്തി.
1908‑ല്‍ സ്വാമിയുടെ ജന്മദിനത്തില്‍ വര്‍ക്കല ശാരദാ മഠത്തിനുള്ള ശിലാസ്ഥാപനം നടത്തി. പ്രതിഷ്ഠ നടത്തുവാന്‍ കഴിഞ്ഞത് 1912‑ലാണ്. എസ് എന്‍ ഡി പി യോഗത്തിന്റെ ഒമ്പതാം വാര്‍ഷികവും ശാരദാ പ്രതിഷ്ഠയും ഒരേ അവസരത്തിലാണ് നടന്നത്. അന്നത്തെ ആഘോഷങ്ങളെപ്പറ്റി വിവേകോദയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇങ്ങിനെ: ”ഇരുപതിനായിരത്തില്‍പരം ജനങ്ങള്‍ കൂടിയിരുന്ന ആ സ്ഥലത്ത് പോലീസുകാരുടെ സഹായം കൂടാതെതന്നെ വ്യവസ്ഥക്കും സമാധാനത്തിനും യാതൊരു ഭംഗവും നേരിടാതെ മൂന്നുനാലു ദിവസം രാപ്പകല്‍ ഒന്നുപോലെ കഴിഞ്ഞുകൂടിയത്. സ്വാമി തൃപ്പാദങ്ങളുടെ നേര്‍ക്ക് സ്വജനങ്ങള്‍ക്കുള്ള അകൈതവമായ ഭക്തി സ്‌നേഹ ബഹുമാനങ്ങളുടേയും സമുദായ സംബന്ധമായ കാര്യങ്ങളില്‍ അവര്‍ക്കുള്ള ഐകമത്യപൂര്‍വ്വമായ താല്‍പ്പര്യത്തിന്റേയും പ്രത്യക്ഷ ഫലമെന്നല്ലാതെ മറ്റൊന്നും പറയാനില്ല”.
ശാരദാ പ്രതിഷ്ഠ ശ്രീനാരായണ ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ ഒരു വ്യതിയാനത്തെ സൂചിപ്പിക്കുന്നു. സ്വാമികള്‍ ഇതിനു മുമ്പ് പ്രതിഷ്ഠിച്ച എല്ലാ ക്ഷേത്രങ്ങളിലും നിവേദ്യവും എഴുന്നള്ളത്തും ഉല്‍സവവും എല്ലാം ഉണ്ട്. എന്നാല്‍ ശാരദാ മഠത്തില്‍ നിവേദ്യവും എഴുന്നള്ളത്തും ഉല്‍സവവും അതുപോലുള്ള മറ്റ് ചടങ്ങുകളുമില്ല. താമരയില്‍ നിവസിക്കുന്ന ശാരദയുടെ- വിദ്യാദേവതയുടെ ബിംബമാണ് അവിടെയുള്ളത്. ഭക്തന്മാര്‍ക്ക് സ്‌തോത്രം ചൊല്ലി ധ്യാനിക്കുവാനുള്ള ഏര്‍പ്പാട് മാത്രമേ അവിടെയുള്ളൂ.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദര്‍ശിക്കുകയുണ്ടായി. ശാരദാ മഠത്തിലെ പൂജയിലും അദ്ദേഹം സംബന്ധിച്ചു. ശിവഗിരി സന്ദര്‍ശനത്തിനു ശേഷം ഗാന്ധിജി തിരുവനന്തപുരത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ പറഞ്ഞു: ”അയിത്തത്തെ അടിസ്ഥാനമാക്കിയുള്ള ജാതി ചെകുത്താന്റെ സൃഷ്ടിയാണ്. അതിനെ കഴിയുന്നതുംവേഗം ഇല്ലാതാക്കേണ്ടത് നമ്മുടെ കടമയുമാണ്”.
1936‑ല്‍ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായതിനുശേഷം ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചു. അന്ന് ഗാന്ധിജി പറഞ്ഞു: ” മനുഷ്യര്‍ തമ്മില്‍ ഉച്ചനീചത്വം കല്‍പ്പിക്കുന്നത് ജാതിവ്യവസ്ഥക്ക് എതിരായ തത്വവും ഏകമതം എന്ന ആദര്‍ശത്തിന്റെ തത്വവും ശിവഗിരിയില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊണ്ടു”.
മനുഷ്യ നന്മയ്ക്ക് സഹായകമാകുമോ എന്ന് മാത്രമാണ് ശ്രീനാരായണ ദുരു ഏതൊരാശയത്തെ കുറിച്ചും ചിന്തിച്ചത്. അല്ലാതെ അത് ആത്മീയമാണോ ഭൗതികമാണോ എന്ന് ചിന്തിച്ചതേയില്ല.
നവോത്ഥാന മുന്നേറ്റങ്ങളില്‍ കേരളത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയവരിലൊരാള്‍ ശ്രീനാരായണ ഗുരുവാണ്. അയിത്തോച്ചാടനം, ജാതിഭേദം, അവിദ്യ എന്നിവയ്‌ക്കെല്ലാമെതിരെ ഗുരു നടത്തിയ ഐതിഹാസികമായ പ്രവര്‍ത്തനം ഇന്നും കേരളത്തിലെ പ്രബുദ്ധ ജനതയ്ക്ക് മാതൃകയാണ്. ഇന്ന് കേരളീയ സമൂഹത്തില്‍ ജാതീയതയും അനാചാരങ്ങളും വീണ്ടും കൊണ്ടുവരുവാന്‍ നടത്തുന്ന ശ്രമങ്ങളേയും നാം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളെയും തല്ലിക്കെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ ഏതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. മാനവികതയുടെ പക്ഷത്തുനിന്ന് നമുക്ക് മുന്നോട്ടു പോകണം. ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടം അതിന് ഉപകരിക്കട്ടെ.